റാഗിംഗ്: സാഡിസത്തിന്റെ പര്യായം
ഡോ.
എം പി. ചന്ദ്രശേഖരൻ
2016 ജൂലായ് 13-ന്റെ മാതൃഭൂമിയിൽ ഈ ലേഖനത്തിന്റെ ഭാഗങ്ങൾ
പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഡിറ്റു ചെയ്തു കളഞ്ഞ ഭാഗങ്ങൾ ചുവന്ന മഷിയിൽ കൊടുത്തിരിക്കുന്നു
പുതിയ അദ്ധ്യയനവർഷം തുടങ്ങി. റാഗിങ്ങ് എന്ന അർബുദ രോഗം
അവിടവിടെ തല പൊക്കിത്തുടങ്ങി. പ്രൊഫഷനൽ കോളേജുകളിൽ നിന്ന് ഈ രോഗം പ്ലസ്ടു തലത്തിലേക്കു വ്യാപിച്ചതായി കാണുന്നു. കഴിഞ്ഞ വർഷം പാലക്കാട്ട് ഒരു പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ ചെകിട് അടിച്ചു പൊട്ടിച്ചു. അതാണു ഇപ്പോൾ കാണുന്ന റാഗിംഗ്. പ്രൊഫഷനൽ കോളേജുകളിലേക്കുള്ള പ്രവേശനം തുടങ്ങുന്നതോടെ ഇതിന്റെ ഭീകരമുഖം എല്ലാ മെഡിക്കൽ-എഞ്ചിനിയറിംഗ് കോളേജുകളിലും കണ്ടു തുടങ്ങും. മലീമസമായ മാനസികാവസ്ത്ഥയിലുള്ള സാഡിസമാണു ഇതിന്റെ ഉദ്ഭവസ്ഥാനം മറ്റു രോഗങ്ങൾ പോലെ തന്നെ നല്ല ചികിത്സയുടെ അഭാവമാണ് ഇത് ഇത്രയധികം പടർന്നു പിടിക്കാനും പുതിയ പുതിയ രൂപങ്ങളിൽ വളർച്ച പ്രാപിക്കാനും കാരണമായത്.
ഈ വർഷം റാഗിംഗിന്റെ ഒരു ഭീകര മുഖം കണ്ടത് കർണാടക സ്റ്റേറ്റിൽ നിന്നാണ്. നഴ്സിങ്ങിന് പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയെ സീനിയർ വിദ്യാർത്ഥിനികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. അന്നനാളം പൊള്ളി അവശയായ കുട്ടി ഇപ്പോൾ ചികിത്സയിലാണ്; കുഴൽ വഴിയാണ് ഭക്ഷണം കൊടുക്കുന്നത്.
രണ്ട് വർഷം മുൻപ് പത്രങ്ങളിൽ വന്ന ഈ വാർത്ത ശ്രദ്ധിക്കുക:
“കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭീകരമായ റാഗിംഗ് നടക്കുന്നു. ജൂനിയർ
വിദ്യാർഥികളെ ഉറങ്ങാനോ പഠിക്കാനോ അനുവദിക്കുന്നില്ല. ഉയർന്ന റാങ്കുള്ള 250 ഒന്നാം
വർഷ വിദ്യാർഥികളിൽ 190 പേർ പരീക്ഷയിൽ തോറ്റു. റാഗിംഗ് സഹിക്കവയ്യാതെ 22 പേർ
ഹോസ്റ്റൽ വിട്ടു വീട്ടിലേക്കു താമസം മാറ്റി. പ്രിൻസിപ്പൽ നേരിട്ടു വന്നു മൂന്നു
സീനിയർ വിദ്യാർഥികളെ രാത്രി സമയത്ത് ഹോസ്റ്റലിൽനിന്നു പിടികൂടി”. പിന്നീട്
എന്ത് സംഭവിച്ചുവെന്നതിന്റെ വാർത്തകളൊന്നും കണ്ടില്ല. ഇത്തരം കേസുകളോട് പൊതുവെ ഒരു
മൃദു സമീപനമാണ് അധികാരികൾ അവലംബിച്ചു കാണുന്നത്. വാസ്തവത്തിൽ ഉരുക്കുമുഷ്ടി മാത്രമേ ഇതിനു പരിഹാരമായുള്ളൂ.
കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമപ്രകാരം
അഞ്ചു വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണു റാഗിങ്ങ്. ഒറിജിനൽ നിയമമനുസരിച്ച്
കേസു നേരെ പോലിസ് സ്റ്റേഷനിൽ റിപ്പോർട്ട്
ചെയ്യാനേ പ്രിൻസിപ്പലിന്നു അധികാരമുള്ളൂ. പിന്നീട് വന്ന സുപ്രീം കോടതി വിധി
പ്രകാരം പ്രിൻസിപ്പലിന്നു അന്വേഷണം നടത്തി ശിക്ഷ വിധിക്കാം, പക്ഷെ ലോക്കൽ
പോലിസിനെ അറിയിച്ചേ മതിയാകൂ. റാഗിങ്ങിനെതിരെ
നടപടിയെടുക്കാത്ത പ്രിൻസിപ്പലും കുറ്റക്കാരനാണു. കോയമ്പത്തൂരിലെ പ്രശസ്തമായ ഒരു
കോളേജിൽ റാഗിങ്ങ് കേസിൽ നടപടിയെടുക്കാൻ വിസമ്മതിച്ച പ്രിന്സിപ്പലിനെ പോലിസ്
പിടിച്ചു ലോക്കപ്പിൽ അടച്ചു. ഇന്ത്യൻ ശിക്ഷാ
നിയമപ്രകാരം മോഷണം, കത്തിക്കുത്ത് കൊലപാതകം എന്നിവ
പോലെയുള്ള ഒരു ക്രിമിനൽ കുറ്റം തന്നെയാണു റാഗിംഗ്. ഈ കുറ്റം ചെയ്യുന്നവർക്ക്
അർഹിക്കാത്ത പരിഗണനയാണ് ഇന്ന് കിട്ടുന്നത്. ഇതിനു കാരണം കുറ്റവാളികളിൽ വലിയൊരു
വിഭാഗം സമൂഹത്തിൽ ഉന്നതസ്ഥാനമുള്ളവരുടെ മക്കളാണെന്നതു തന്നെയാണു. അമേരിക്കയിൽ ഒരു കറുത്ത പയ്യനെ
വെടിവെച്ചു കൊന്ന വെളുത്ത പോലീസുകാരൻ നിർദ്ദോഷിഎന്ന് വിധിച്ച കോടതിയുടെ
സാമൂഹ്യ വീക്ഷണമാണു റാഗിംഗ് വീരന്മാർക്കു
ശിക്ഷ കൊടുക്കാതെ വിടുന്ന
കോളേജധികാരികൾക്കും. ഈ മനോഭാവം തന്നെയാണ് റാഗിങ്ങ് എന്ന മഹാരോഗം മാറ്റാൻ കഴിയാത്തതിന്റെ പ്രധാന
കാരണം.
റാഗിങ്ങിനെപ്പറ്റി ചർച്ച ചെയ്യുന്നവരിൽ പലരും
പറയുന്നത് കേൾക്കാം, ചെറിയ തോതിലുള്ള കളിയാക്കലും
മറ്റും പുതിയ വിദ്യാർഥികൾക്കു
ചുറ്റുപാടുമായി ഇണങ്ങിച്ചേരാനും ധൈര്യം കിട്ടാനും നല്ലതാണെന്നും അതുകൊണ്ടു
ഒരതൃത്തി വരെ റാഗിങ്ങിനെ നിരുൽസാഹപ്പെടുത്തേണ്ടെന്നും. അവർ കഥയറിയാതെ ആട്ടം കാണുന്നു. നാൽപതു വർഷം മുൻപുണ്ടായിരുന്ന
റാഗിങ്ങല്ല ഇന്ന് കോളേജുകളിൽ നടക്കുന്നത്. പരിചയപ്പെടൽ എന്ന വ്യാജേന സംഭവിക്കുന്നത്
തെറിയഭിഷേകവും കയ്യാങ്കളിയുമാണു. അച്ഛനെയും അമ്മയേയും പെങ്ങന്മാരേയും തെറി
പറഞ്ഞുകൊണ്ടാണ് പരിചയത്തിന്റെ തുടക്കം. അവിടുന്നങ്ങോട്ട് പല തരത്തിലുള്ള
പിടിച്ചുപറി നടത്തും. മൊബൈൽ ഫോണ്‍ ചാർജ് ചെയ്യിക്കലാണു ഒരു രീതി. വേറൊന്നു
കാന്റീനിൽ കൊണ്ടുപോയി മൃഷ്ടാന്നം തിന്ന ശേഷം പയ്യനെക്കൊണ്ടു കാശു കൊടുപ്പിക്കൽ. കാശില്ലെന്നു പറഞ്ഞാൽ അവനെയും
കൊണ്ട് നേരെ ATM ൽ പോകും. ഭയപ്പെടുത്തി ഉള്ള പണം മുഴുവൻ എടുപ്പിക്കും. പണത്തിൽ
നോട്ടമിട്ടിരിക്കുന്നവർക്കു പ്രധാന ഇര ഗൾഫ് വിദ്യാർത്ഥികളാണ്. ഒരിക്കൽ എട്ടു
പേരുടെ ഒരു ഗ്രൂപ്പ് ഇങ്ങനെ പിടിച്ചു പറിച്ച പണവുമായി ഗോവയിലേക്ക് ഒരു ഉല്ലാസ
യാത്ര നടത്തി (കോളേജിന്റെ പേരു പറയുന്നില്ല). കടം തീർക്കാൻ ഇനിയും പതിനായിരം രൂപ
വേണം. ഒരു പയ്യനോട് പണം കൊണ്ടുവരാൻ പറഞ്ഞപ്പോൾ അവന്റെ അച്ഛൻ തന്നെ വന്നു പ്രിന്സിപ്പലിനെ
കണ്ടു. അങ്ങനെയാണു എട്ടു പേരെയും പിടികൂടാൻ സാധിച്ചത്. നടന്ന
റാഗിങ്ങ് മൂടിവെക്കാൻ കുട്ടികളെ ഉപദേശിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണു. പ്രിൻസിപ്പലിന്നയക്കുന്ന
പരാതി പോലും പേരുവെക്കാതെ, വിവരങ്ങളെല്ലാം മൂടിവെച്ചുകൊണ്ടാണു മിക്ക രക്ഷിതാക്കളും എഴുതുന്നത്. തലയും വാലുമില്ലാത്ത പരാതി
കിട്ടിയിട്ടു പ്രിൻസിപ്പൽ എന്ത് ചെയ്യാനാണ്? പിടിച്ചുപറിക്കു പുറമേ അടി,
ഇടി, ഭേദ്യം ചെയ്യൽ, ലൈംഗിക
വൈകൃതങ്ങൾ എന്നിവയാണു പലരുടെയും കലാപരിപാടി. ഇതെല്ലാം ക്രിമിനൽ കുറ്റങ്ങളാണു.
പിടിച്ചാൽ ഒരു ദാക്ഷിണ്യത്തിന്റെയും ആവശ്യമില്ല. ഇതിനെ ഉരുക്കുമുഷ്ടി കൊണ്ട്
മത്രമേ നേരിടാൻ പറ്റൂ. ഉരുക്കു മുഷ്ടി കൊണ്ട് നേരിടാൻ കോളേജിനെ
സജ്ജമാക്കേണ്ടതുണ്ട്.
ഏതാനും വർഷങ്ങൾക്കു മുമ്പ് കാലികറ്റ് NIT യിൽ (അന്ന് REC ) പുതിയ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അഭിസംബോധന ചെയ്തു സംസാരിക്കവേ
ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് ചോദിച്ചു: "ഇവിടെ റാഗിങ്ങ് ഉണ്ടോ സാർ??"
ഞാൻ പറഞ്ഞു, "ഈ വർഷം റാഗിങ്ങ് ഉണ്ടെങ്കിൽ
ഞങ്ങൾ അത് വേണ്ടും വിധം കൈകാര്യം ചെയ്തോളാം, ഭയപ്പെടേണ്ട.
പക്ഷെ അടുത്ത വർഷം ഭവതി
ഈ സമയത്ത് ഇവിടെ വന്ന് ഇതേ ചോദ്യം ചോദിക്കണം. അങ്ങനെ ചെയ്യാമെങ്കിൽ നമുക്ക്
റാഗിങ്ങ് പരിപൂർണമായി തുടച്ചു നീക്കാം." ഉത്തരം പകുതി പേർക്ക്
മനസ്സിലായില്ല. ഞാൻ തുടർന്നു: ഈ വർഷത്തെ റാഗിങ്ങ് നിങ്ങളുടെ കുട്ടി
അനുഭവിക്കേണ്ടിവരുമോ എന്ന ഉത്കണ്ഠ
തീർത്തും ന്യായം തന്നെ. അടുത്ത വർഷം നിങ്ങളുടെ കുട്ടി ജൂനിയറെ
റാഗ് ചെയ്യുന്നതിൽ നിങ്ങൾക്കു ഉത്കണ്ഠയുണ്ടോ? എന്റെ കുട്ടി അടുത്ത വർഷം റാഗ്
ചെയ്യില്ല എന്ന് ഉറപ്പു വരുത്താൻ നിങ്ങൾ തയ്യാറാണോ? റാഗിങ്ങിനെച്ചൊല്ലി
ഉത്കണ്ഠാകുലരായ മാതാപിതാക്കളാരും തന്നെ തങ്ങളുടെ മക്കൾ റാഗ് ചെയ്യുന്നുണ്ടോ എന്ന്
അടുത്ത വർഷം അന്വേഷിക്കാറില്ല. തെളിവുകളുടെ കൂമ്പാരത്തോടെ
പിടിക്കപ്പെട്ടാൽ പോലും മക്കളെ ഗുണദോഷിക്കുന്നതിനു പകരം അവരെ ന്യായീകരിക്കാനും,
ഉന്നതങ്ങളിൽ സ്വാധീനമുപയോഗിച്ചു ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും
മാത്രമാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്.
അസംബ്ലിയും പാർലമെന്റും കർശന നിയമങ്ങൾ പാസാക്കിയിട്ടുപോലും റാഗിംഗ്
തുടർന്നുപോകാനുള്ള രണ്ടാമത്തെ കാരണം രക്ഷിതാക്കളുടെ സ്വാർത്ഥത്തിൽ നിന്നുളവായ
നിസ്സംഗതയാണ്.
അദ്ധ്യാപകരുടെ അനാസ്ഥയാണു മൂന്നാമത്തെ പ്രശ്നം. അദ്ധ്യാപകരിൽ
നല്ലൊരു ശതമാനം വിശ്വസിക്കുന്നത് അച്ചടക്കം നിലനിർത്തേണ്ടുന്ന ബാധ്യത
പ്രിൻസിപ്പലിന്റേതു മാത്രമാണെന്നാണ്. ഇതിൽ പ്രിന്സിപ്പലിനെ സഹായിക്കാൻ ആരും
മുന്നോട്ടു വരാറില്ല. അങ്ങനെ ചെയ്യുന്നവരെ ശിങ്കിടികളെന്നും കൈമണിക്കാരെന്നും
മുദ്ര കുത്തുന്ന സമ്പ്രദായവും നിലവിലുണ്ട്. ഇതിനു പുറമെയാണ് ശക്തമായ രാഷ്ട്രീയ
ചേരിതിരിവുകൾ. കുറ്റവാളിയുടെ രാഷ്ട്രീയം നോക്കി പ്രശ്നത്തിലിടപെടുന്ന ഒരു പറ്റം
അദ്ധ്യാപകർ വേറെയുമുണ്ട്. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ മനസ്സിലാകും മിക്ക കോളേജുകളിലും പ്രിൻസിപ്പൽ ഒരു ഏകാകിയാണെന്നും,
സർക്കാറിലെ ഉന്നതർ, രാഷ്ട്രീയക്കാർ, വിദ്യാർത്ഥി, അദ്ധ്യാപക, അനദ്ധ്യാപക
സംഘടനകൾ എന്നിവർക്കെല്ലാം കയറി പ്രഹരിക്കുവാനുള്ള പെരുവഴിയിലെ ചെണ്ട മാത്രമാണെന്നും. ഈ ഏകാന്തതയും നിസ്സഹായതയുമാണു
പ്രിൻസിപ്പൽമാരെ കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിനു വിമുഖരാക്കുന്നത്. ഇതിന് പുറമേ സ്വന്തം നിലനിൽപ്പിന്റെ പ്രശ്നവുമുണ്ട്: പെൻഷൻ പറ്റാൻ ആറു
മാസമുള്ളപ്പോൾ എന്തിനു വെറുതെ വയ്യാവേലി തലയിലേറ്റി വെക്കുന്നു?? എല്ലാ പ്രശ്നങ്ങളും താനേ തീർന്നു കൊള്ളും. ഈ സ്ഥിതി വിശേഷമാണു പലപ്പോഴും
പ്രിൻസിപ്പൽമാരുടെ
നട്ടെല്ലില്ലായ്മയായി
വ്യാഖ്യാനിക്കപ്പെടുന്നത്. നട്ടെല്ലില്ലായ്മ ഒരു സാത്വിക ലക്ഷണമായി കൊണ്ടു നടക്കുന്നവരുമുണ്ട്.
അവർ ഒരിക്കലും ഒരു നടപടിയും എടുക്കില്ല. അങ്ങനത്തെ കോളേജുകളിൽ പലതരം
മാഫിയാ സംഘങ്ങളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അതിനാൽ ഈ നട്ടെല്ലില്ലായ്മ നാലാമത്തെ കാരണമായി ഗണിക്കാവുന്നതാണ്.
പ്രിൻസിപ്പൽമാർ ആദ്യമായി ചെയ്യേണ്ടത് കോളേജിനകത്ത്
ശക്തവും സംശുദ്ധവുമായ നീതിന്യായ വ്യവസ്ഥ നടപ്പിലാക്കുകയാണ്.
കുട്ടികളുടെ വിശ്വാസമാർജ്ജിച്ച ഒരു നീതിന്യായ വ്യവസ്ഥയുണ്ടെങ്കിൽ
അവർ പരാതി കൊടുക്കാൻ ധൈര്യപ്പെടും. അപ്പോൾ റാഗിംഗ് മാത്രമല്ല മറ്റു കുറ്റങ്ങൾക്കും
എതിരെ നീതിപൂർവമായ അന്വേഷണം നടത്തുവാനും ശിക്ഷാ നടപടികൾ സ്വീകരിക്കുവാനും പറ്റും. മിക്കവാറും
കോളേജുകളിൽ ഇപ്പോൾ കാണുന്നത് കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന
രീതിയാണു. കൃത്യം നടന്നതിന്റെ അടുത്ത ദിവസം ശിക്ഷ പ്രഖ്യാപിച്ചു കഴിയും. കണ്ടവനെ
പിടിച്ചു സസ്പെൻഡ് ചെയ്യും, അതിൽ നിരപരാധികളും പെടും.
നടപടിക്രമങ്ങളുടെ പിൻബലമില്ലാതെ കൊടുക്കുന്ന ശിക്ഷയ്ക്ക് നിയമസാധുത ഇല്ലാതെ വരും. ഉടൻ
രംഗത്തെത്തുന്നത് വിദ്യാർത്ഥി സംഘടനകൾ രാഷ്ട്രീയക്കാർ മറ്റു പ്രമാണിമാർ
എന്നിവരായിരിക്കും. അവർ പത്ര മാധ്യമങ്ങളുടെ സഹായത്തോടെ പ്രിൻസിപ്പലിന്റെ തലയിൽ കയറി കാഷ്ടിക്കുന്നതോടെ സമ്മർദ്ദങ്ങൾക്ക്
വിധേയനായി ശിക്ഷാ നടപടികൾ പിൻവലിക്കാൻ നിർബന്ധിതനാവുന്നു. കോളേജിൽ കുറച്ചു
ദിവസത്തെ സംഘർഷം, പഠിപ്പു
മുടക്ക് എന്നീ കലാപരിപാടികളോടെ സമാധാനം പുനസ്ഥാപിക്കുന്നു, എല്ലാം പഴയപടി തുടരുന്നു. ഈ നാടകം നടക്കുന്നത് മിക്ക കോളേജുകളിലും
ഒരുപോലെയാണ്. നേരെ
മറിച്ച് നിയമാനുസൃതമായി, സുതാര്യമായും കാര്യക്ഷമമായും
നടപടിക്രമങ്ങൾ പാലിച്ചും കൊടുക്കുന്ന ശിക്ഷയിൽ കോടതി പോലും ഇടപെടില്ല. സമ്മർദ്ദവുമായി വരുന്നവരുടെ
മുന്നിൽ പ്രിൻസിപ്പലിന്നു പാറ പോലെ ഉറച്ചു നിൽക്കുകയും ചെയ്യാം, ആർക്കും വഴങ്ങാതെ, ആരുടെ മുന്നിലും തല
കുനിക്കാതെ.
നിഷ്പക്ഷമായ അന്വേഷണത്തിന്റെ ആവശ്യം കുറ്റം ചെയ്തവരെ
ശിക്ഷിക്കാൻ മാത്രമല്ല,
നിരപരാധികളെ കുറ്റത്തിൽ നിന്ന് ഒഴിവാക്കാൻ കൂടിയാണു. അര ദിവസം കൊണ്ട് നടത്താവുന്ന ഒരു
പ്രാഥമികാന്വേഷണം കഴിയുമ്പോൾ തന്നെ സംഭവത്തെ പറ്റി സാമാന്യം വ്യക്തമായ ചിത്രം
കിട്ടുന്നതാണ്. പ്രതികളെന്നു
സംശയിക്കുന്നവരെ തിരിച്ചറിഞ്ഞ ശേഷം അവർക്കെതിരായി ചാർജ് മെമ്മോ തയ്യാറാക്കണം. ഇത്
അൽപ്പം വൈദഗ്ധ്യം ആവശ്യമുള്ള ജോലിയാണ്. ഒരു കുറ്റകൃത്യത്തെ പലതായി
വിഭജിച്ചു ഗൂഢാലൊചന, അനധികൃതമായി സംഘം ചേരൽ തുടങ്ങി
കുറ്റവാളികളെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കൽ എന്നിങ്ങനെ നിരവധി കുറ്റങ്ങൾ
ആരോപിക്കാവുന്നതാണു. പ്രിൻസിപ്പൽമാർ ഈ ജോലിയിൽ അവശ്യം വൈദഗ്ധ്യം നേടിയിരിക്കണം. വേണ്ടിവന്നാൽ
നല്ല ഒരു വക്കീലിന്റെ സഹായം തേടാം.
കുറ്റത്തിന്റെ കാഠിന്യമനുസരിച്ചു അന്വേഷണ വിധേയമായി
സസ്പെന്ഡ് ചെയ്തും ചാർജ് മെമ്മോ കൊടുക്കാം. ചാർജ്ഷീറ്റിനു മറുപടി തരാൻ രണ്ടോ
മൂന്നോ ദിവസത്തെ സമയം കൊടുക്കണം. ഈ സമയത്താണു പല ഭാഗങ്ങളിൽ നിന്നും സമ്മർദ്ദങ്ങൾ
കയറി വരുന്നത്. പലരും
ഈ സമയത്ത് ദയാ ദാക്ഷിണ്യങ്ങൾക്കായി വരും. അടി കൊണ്ടവന് പരാതിയില്ലെന്ന് പറഞ്ഞു
ഒത്തുതീർപ്പിനായി വരും. ഈ സ്റ്റേജിൽ ഇത്തരം ഒരാവശ്യവും പരിഗണിക്കരുത്. കാരണം ഒത്തുതീർപ്പുകൾ പലപ്പോഴും ബ്ലാക്ക് മെയിൽ
ചെയ്തും ഭയപ്പെടുത്തിയുമാണു ഉണ്ടാക്കുന്നത്. കുറ്റവാളികൾ ആരെന്നു മനസ്സിലാക്കി ശിക്ഷ
വിധിക്കുന്ന സമയത്തു മത്രമേ ദയാ ദാക്ഷിണ്യങ്ങൾക്കു സ്ഥാനമുള്ളു.
മൂന്നു പ്രൊഫസർമാരടങ്ങുന്ന അന്വേഷണ കമ്മിറ്റി ഒരു കോടതി പോലെ പെരുമാറേണ്ടതുണ്ട്. സാക്ഷി വിസ്താരം മുഴുവനും എഴുതിയെടുത്തു സാക്ഷിയെക്കൊണ്ട് ഒപ്പിടീക്കണം. പറ്റുമെങ്കിൽ സാക്ഷി വിസ്താരം പ്രതികളെ ഇരുത്തിക്കൊണ്ടു ചെയ്യുകയും ക്രോസ് വിസ്താരം നടത്തുവാൻ അനുവദിക്കുകയും ചെയ്യാം. (റാഗിംഗ് കേസുകളിലും പെണ്‍കുട്ടികളെ ആക്രമിച്ച കേസുകളിലും ഇത് നിർബന്ധമല്ല). അന്വേഷണത്തിന്റെ ഉദ്ദേശ്യം സത്യം കണ്ടുപിടിക്കലാണ്. കമ്മിറ്റി അത് പൂർണമായും സംശയരഹിതമായും ചെയ്തിരിക്കണമെന്നു മാത്രം. അന്വേഷണ റിപ്പോർട്ടും കേസ് ഫയലും പ്രിൻസിപ്പലിനു കിട്ടിക്കഴിഞ്ഞാൽ കോളേജ് കൌണ്‍സിലിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷം ശിക്ഷ വിധിക്കാം. ശിക്ഷയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം പ്രിൻസിപ്പലിന്റേതാണു, കൗണ്സിലിന്നു ഒരു ഉപദേശക സ്ഥാനം മാത്രമേയുള്ളു. വിധിന്യായത്തിൽ ഏതേതു ചാർജുകളാണു തെളിഞ്ഞത്, ഏതൊക്കെ വിട്ടുകളഞ്ഞു, ഏതിനൊക്കെ സംശയത്തിന്റെ ആനുകൂല്യം നല്കി എന്ന് വ്യക്തമായി പറയുകയും ശിക്ഷ കൃത്യമായി വിധിക്കുകയും വേണം.
മൂന്നു പ്രൊഫസർമാരടങ്ങുന്ന അന്വേഷണ കമ്മിറ്റി ഒരു കോടതി പോലെ പെരുമാറേണ്ടതുണ്ട്. സാക്ഷി വിസ്താരം മുഴുവനും എഴുതിയെടുത്തു സാക്ഷിയെക്കൊണ്ട് ഒപ്പിടീക്കണം. പറ്റുമെങ്കിൽ സാക്ഷി വിസ്താരം പ്രതികളെ ഇരുത്തിക്കൊണ്ടു ചെയ്യുകയും ക്രോസ് വിസ്താരം നടത്തുവാൻ അനുവദിക്കുകയും ചെയ്യാം. (റാഗിംഗ് കേസുകളിലും പെണ്‍കുട്ടികളെ ആക്രമിച്ച കേസുകളിലും ഇത് നിർബന്ധമല്ല). അന്വേഷണത്തിന്റെ ഉദ്ദേശ്യം സത്യം കണ്ടുപിടിക്കലാണ്. കമ്മിറ്റി അത് പൂർണമായും സംശയരഹിതമായും ചെയ്തിരിക്കണമെന്നു മാത്രം. അന്വേഷണ റിപ്പോർട്ടും കേസ് ഫയലും പ്രിൻസിപ്പലിനു കിട്ടിക്കഴിഞ്ഞാൽ കോളേജ് കൌണ്‍സിലിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷം ശിക്ഷ വിധിക്കാം. ശിക്ഷയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം പ്രിൻസിപ്പലിന്റേതാണു, കൗണ്സിലിന്നു ഒരു ഉപദേശക സ്ഥാനം മാത്രമേയുള്ളു. വിധിന്യായത്തിൽ ഏതേതു ചാർജുകളാണു തെളിഞ്ഞത്, ഏതൊക്കെ വിട്ടുകളഞ്ഞു, ഏതിനൊക്കെ സംശയത്തിന്റെ ആനുകൂല്യം നല്കി എന്ന് വ്യക്തമായി പറയുകയും ശിക്ഷ കൃത്യമായി വിധിക്കുകയും വേണം.
ശിക്ഷ തീരുമാനിച്ചതിനു ശേഷം CRPC 235 പ്രകാരമുള്ള
ഒരു നോട്ടീസ് കൂടി അവശ്യം കൊടുത്തിരിക്കണം. എന്തുകൊണ്ട് ഈ ശിക്ഷ നിങ്ങളുടെ മേൽ
നടപ്പാക്കിക്കൂടാ എന്നതിന് കാരണം കാണിക്കാനാണ് ഈ നോട്ടീസ്. ഇതിനു മറുപടിയായി കേസിൽ
വിസ്തരിച്ചു കഴിഞ്ഞ തെളിവുകളോ വാദങ്ങളോ നിരത്തിയാൽ അവ നിഷ്കരുണം തള്ളിക്കളയേണ്ടതാണു.. കേസ്
വിസ്താരത്തിനിടയിൽ അതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ (ഉദാ: മുത്തശ്ശി അകാല ചരമം
പ്രാപിച്ചു, ഞാൻ ഉറുമ്പിനെപ്പോലും നോവിക്കാത്ത ഒരു
സത്സ്വഭാവിയാണു എന്നിത്യാദി കാരണങ്ങൾ) പറഞ്ഞു ശിക്ഷയിൽ
നിന്ന് ഒഴിവാക്കാൻ അപേക്ഷിക്കാം. അവസാനമായി ശിക്ഷ
സ്ഥിരീകരിച്ചു കൊണ്ടുള്ള നോട്ടീസോടുകൂടി നടപടിക്രമം പൂർത്തിയാവുന്നു. ദയാഹരജിയും
മറ്റും പിന്നീടു വേണമെങ്കിൽ പരിഗണിക്കാം. ഈ നടപടിക്രമങ്ങൾ പ്രകാരം കൊടുക്കുന്ന
ശിക്ഷ ഒരു കോടതിയും തള്ളുന്ന പ്രശ്നമില്ല. സാമാന്യ നീതി നടപ്പിലായോ എന്നും
പ്രതികൾക്ക് സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അവസരം കൊടുത്തോ എന്നുമാണ് കോടതി
പരിശോധിക്കുക.
രാഷ്ട്രീയക്കാരും പത്രക്കാരും കൂടി പ്രിന്സിപ്പലിനെ വട്ടം കറക്കാൻ ശ്രമിക്കുമ്പോൾ ഈ
നടപടിക്രമങ്ങളിലുള്ള അജ്ഞത കാരണം പാവം അതിൽ വീണുപോകുന്നു. കാമ്പസ്സിൽ ശക്തമായ
നീതിന്യായ വ്യവസ്ഥ സ്ഥാപിക്കുകയും, സഹപ്രവർത്തകരെ അതിൽ
പങ്കാളികളാക്കുകയും, മുഖം നോക്കാതെ നീതി നടപ്പാക്കുകയും ചെയ്‌താൽ
റാഗിംഗ് മാത്രമല്ല, എല്ലാ തരം അച്ചടക്ക രാഹിത്യങ്ങളെയും
ഫലപ്രദമായി നേരിടാൻ പറ്റും. വളരെ വേഗം ഭരണത്തിന്റെ ഖ്യാതി കുട്ടികളുടെയിടയിലും നാട്ടുകാരുടെ
ഇടയിലും പരക്കും. പുറമെ നിന്നുള്ള ഇടപെടലുകൾ താനേ
നിലയ്ക്കും. അവിടുന്നങ്ങോട്ടുള്ള യാത്ര പരമ സുഖമായിരിക്കും, കോളേജിനു പൊതുവെയും പ്രിൻസിപ്പലിന്നു പ്രത്യേകിച്ചും.
(കാലികറ്റ് എൻ. ഐ.ടി
യുടെ ആദ്യത്തെ ഡയരക്റ്ററായിരുന്നു ലേഖകൻ
No comments:
Post a Comment