Tuesday, March 22, 2016

കേരളമെന്ന ആശയം നിലനിൽക്കുമോ?

"നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എന്ന് കേരളത്തെപ്പറ്റി പാടിയ കവി ഇന്നു വന്നാൽ കീഴ്മേൽ മറിഞ്ഞു കിടക്കുന്ന ഈ നാടിനെപ്പറ്റി എന്ത് പറയുമെന്നറിയില്ല. നാടും നഗരവും തമ്മിലുള്ള വ്യത്യാസം പരിപൂർണമായും ഇല്ലാതായിരിക്കുന്നു. കാട് നാടായി, നാട് നഗരമായി എന്ന് വലിയകോയിത്തമ്പുരാൻ പറഞ്ഞത് കേരള സംസ്ഥാനം വരുന്നതിനു വളരെ മുന്പായിരുന്നു. ആധുനിക ഭാഷയിൽ ഇതിനു വികസനം എന്ന് പറയുന്നു. വികസനത്തിനർഥം കോൺക്രീറ്റ് കെട്ടിടങ്ങളാണെന്നു ധരിച്ചു വശായിരിക്കുന്നു, നാടും നഗരവും ഒന്നുപോലെ. യഥാർഥ വികസന സങ്കല്പങ്ങളുടെ ദിശാബോധം  ഉണർത്താൻ കഴിവോ അത്മാർഥതയോ ഉള്ള രാഷ്ട്രീയ പാർട്ടിയോ നേതാവോ ഈ നാട്ടിലില്ല എന്നതാണു നമ്മുടെ ഏറ്റവും വലിയ പാപ്പരത്തം.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ  ബാഹ്യമായി ഇടതു-വലതു ചേരികളായി തിരിഞ്ഞു നില്ക്കുന്നു. യഥാർഥ അന്തർധാരകളിൽ ഇവർ തമ്മിൽ വ്യതാസത്തെക്കാൾ  കൂടുതൽ സമാനതകളാണുള്ളത്. തിരഞ്ഞെടുപ്പു വിജയം, അധികാര മോഹം, ധനസമ്പാദനം എന്നീ  മൂന്നു ലക്ഷ്യങ്ങളാണ് എല്ലാ പാർട്ടികളിലും കണ്ടു വരുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗങ്ങളും ആയുധങ്ങളും ഒന്നു തന്നെയാണു. ജാതി, മതം വർഗീയത എന്നീ ആയുധങ്ങളെ ബ്ലാക്മെയിലിങ്ങ് എന്ന തന്ത്രം കൊണ്ടു സംയോജിപ്പിച്ചാണ് എല്ലാവരും ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. ബ്ലാക്മെയിലിംഗ് വിജയകരമായി നടത്തി എതിരാളിയെ മുട്ടു കുത്തിക്കാൻ ചാരന്മാരും പണവും സെക്സും നിർലോഭം വേണ്ടിവരും. ഈ സംവിധാനങ്ങളെയാണു  നാം മൊത്തത്തിൽ രാഷ്ട്രീയം എന്ന് പറഞ്ഞുവരുന്നത്. ഇടതായാലും വലതായാലും തൊഴിലാളിപ്രേമികളും മതേതരന്മാരുമാണു തങ്ങളെന്ന് വരുത്തി തീർക്കാനുള്ളതത്രപ്പാടിലാണ് എല്ലാ പാർട്ടികളും. ഈർക്കിൽ പാർട്ടികൾക്ക് ഈ പ്രശ്നമില്ല. അവർ തങ്ങളുടെ തട്ടകത്തിലുള്ള വോട്ട് ബാങ്കിനെ ആശ്രയിച്ചു കരുക്കൾ നീക്കുന്നു. രാഷ്ട്രമെന്ന ചിന്ത പോലും ആവശ്യമില്ലാത്ത ഒരു പ്രസ്ഥാനമായി മാറിപ്പോയി, രാഷ്ട്രീയം.
രാഷ്ട്രീയ പ്രവർത്തനമെന്നാൽ ബന്ദ്, ജാഥകൾ, മുദ്രാവാക്യങ്ങൾ, ധർണ, കല്ലേറ്, എന്നീ പൊതു പരിപാടികളും, വേണ്ടി വന്നാൽ എതിരാളികളെ വകവരുത്തുന്ന രഹസ്യ പരിപാടികളുമായി മുന്നേറുക എന്ന ധാരണയാണ് ഇടതു വലതു ഭേദമെന്യേ എല്ലാ പാർട്ടികൾക്കും. പൊതുസമൂഹത്തോട് പ്രതിബദ്ധതയില്ലാതെ ജാതി-മത കോമരങ്ങൾക്കു അടിമപ്പെട്ടു പ്രത്യശാസ്ത്രങ്ങളെ പണയം വെക്കുകയാണു അവർ ചെയ്യുന്നത്.
ഈ നാട്ടിൽ നെൽകൃഷി നശിപ്പിച്ചതിനു ഉത്തരവാദികൾ കമ്മുണിസ്റ്റുകാരാണെന്നു കമ്മ്യൂണിസ്റ്റ് ആചാര്യനായ പി ഗോവിന്ദപ്പിള്ള അവസാനകാലത്ത് പറയുകയുണ്ടായി. രൂഢമൂലമായി തീർന്നിരിക്കുന്ന ഈ നയം തിരുത്താൻ വലതു പക്ഷ പാർട്ടികൾക്ക് പോലും ചങ്കൂറ്റമില്ലെന്നതാണു രസകരമായ വസ്തുത.  വ്യവസായം വളരാത്തതിനും കാരണം തൊഴിലാളി പ്രീണന രാഷ്ട്രീയം തന്നെ. ഈ രാഷ്ട്രീയം നോക്കുകൂലിയെന്ന തൊഴിലാളി സ്വർഗരാജ്യത്തിലേക്കു നമ്മെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നു. ഇനി ബാക്കിയുള്ളത് കുറേ തെങ്ങുകളാണ്.  തെങ്ങിൽ നിന്നുള്ള തേങ്ങ മുഴുവനും വിറ്റാലും  കയറ്റക്കൂലി കൊടുക്കാൻ തികയാത്ത അവസ്ഥയിലെത്തി നില്ക്കുകയാണ് ഹരിതാഭമായ ഈ ഭൂപ്രദേശം.
ഹരിതാഭമായ ഈ നാട്ടിനെ "സരിതാഭ" മാക്കി മാറ്റിയിരിക്കുന്നു, നമ്മുടെ അഴിമതി രാഷ്ട്രീയം. അഴിമതിയുടെ നീരാളിപ്പിടുത്തം കാരണം സാധാരണക്കാർക്ക് സർക്കാരിൽനിന്നു നീതി ലഭിക്കാൻ വഴിയില്ലാതെ വന്നു. ചെലവേറിയ കോടതിയാണ് ഏക മാർഗം. റവന്യു മന്ത്രി വനം കൊള്ളക്കാരുടെയും, എക്സൈസ് മന്ത്രി മദ്യ ലോബിയുടെയും രക്ഷിതാക്കളായി പ്രവർത്തിക്കുന്നു, ജനപക്ഷത്തു നിന്നുള്ള കോടതി വിധികളെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു. നിക്ഷിപ്ത വനങ്ങൾ കയ്യേറുന്നവർക്കു പടിപടിയായി പട്ടയം കൊടുക്കുന്ന രീതിയാണു അവലംബിക്കുന്നത്. ഇതിനു വേണ്ടുന്ന നിയമ നിർമാണത്തിന് പ്രതിപക്ഷ പിന്തുണയും ഉറപ്പാക്കുന്നു. പല വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഈ അഴിമതിക്ക്  കടിഞ്ഞാൺ വീഴുമെന്ന ഭയമാണ് ഗഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ സർക്കാർ തന്നെ തള്ളിപ്പറയാൻ കരണം. സഹ്യപർവതത്തിൽ അങ്ങോളമിങ്ങോളമുള്ള പാറമടകളുടെ ഉടമസ്ഥന്മാർ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരോ അവരുടെ ബിനാമികളൊ ആണു. ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർത്തുണ്ടാക്കിയ കസ്തുരി രംഗൻ റിപ്പോർട്ട് പോലും  വെച്ചു താമസിപ്പിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഏറ്റവും ഒടുവിൽ നടന്ന മെത്രാൻ കായൽ സംഭവം കേട്ടപ്പോൾ ധാർമികമായ അധ:പതനത്തിനു എത്രമാത്രം ആഴമുണ്ടെന്നു മനസ്സിലായി.
ഈ നാട്ടിൽ വർഗീയതയുടെയും ജാതി രാഷ്ട്രീയത്തിന്റെയും മുഖം മൂടിയാണ് മതേതരത്വം. മതേതര മുസ്ലിം ലീഗും മതേതര മാണിപ്പാർട്ടിയും കൂടി കേരളത്തിന്റെ തെക്കും വടക്കും വിഭജിച്ചെടുത്തിരിക്കുകയാണു, താന്താങ്ങളുടെ ജാതികളും മതങ്ങളും പുഷ്ടിപ്പെടുത്താൻ. തങ്ങളുടെ വകുപ്പിലുള്ള എല്ലാ സ്ഥാപനങ്ങളിലും അർഹതയില്ലാത്ത സ്വന്തം ജാതിക്കാരെ തിരുകിക്കയറ്റി അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിയൊരുക്കുകയാണ് ഇക്കൂട്ടർ അഞ്ചു വര്ഷവും ചെയ്തു പോന്നത്. സ്വജന പക്ഷപാതത്തിനു കുപ്രസിദ്ധി നേടിയ ബി ജെ പി വന്നാൽ അർഹതയില്ലാത്ത ഹിന്ദുക്കൾക്ക് കൂടി അപ്പക്കഷണങ്ങൾ കിട്ടാൻ വഴിയുണ്ട്. അല്ലാതെ ഇന്ന് കാണുന്ന ഒരു രാഷ്ട്രീയ പാർട്ടിയും സംസ്ഥാനതിന്റെ പൊതു താല്പര്യത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് തോന്നുന്നില്ല.
ഈ സ്ഥിതിക്ക് എന്താണൊരു പോംവഴി? യുവാക്കൾ ഉണരണം. ഇവരുടെ ജാഥകൾക്കും മറ്റും പോകാതെ, പാർട്ടികൾക്ക് വോട്ടു ചെയ്യാതെ സ്ഥാനാർത്ഥിയുടെ പ്രതിബദ്ധത മാത്രം നോക്കി വോട്ട് ചെയ്യണം. ആരുമില്ലെങ്കിൽ നോട്ടയെ ജയിപ്പിച്ചു ഇവരെയെല്ലാം ഒരു പാഠം പഠിപ്പിക്കണം. പറ്റുമോ? എങ്കിൽ കേരളമെന്ന സങ്കല്പത്തിന് ഭാവിയുണ്ട്.

                           ====000==========================000===