Saturday, July 16, 2016

മൃത്യോർമാ അമൃതം ഗമയ !!

മൃത്യോർമാ  അമൃതം ഗമയ !!
(സി  അച്യുത മേനോനെപ്പറ്റി  ഒരനുസ്മരണം)
ഡോ. എം പി ചന്ദ്രശേഖരൻ
(14.8.1994 നു ജനയുഗം വാരാന്ത്യ പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം.)
__________________________________________________________________________________________________
തമിഴ് നാട്ടുകാരനായ സുഹൃത്തിനെ തൃശ്ശൂർ പട്ടണം ചുറ്റിക്കാണിക്കാൻ വൈകുന്നേരം ലോഡ്ജ് മുറിയിൽ നിന്നിറങ്ങിയതായിരുന്നു. ചെമ്പോട്ടി ലെയ്നിൽ എത്തിയപ്പോൾ കണ്ടു, പതുക്കെ നടന്നു വരുന്നു സി. അച്ചുത മേനോൻ. തൊട്ടടുത്തെത്തിയപ്പോൾ മുഖമുയർത്തി എന്നെ നോക്കി.

"അ: ചന്ദ്രനോ? എന്താ ഇവിടെ?"
"പരീക്ഷയാണ്, എഞ്ചിനിയറിങ് കോളേജിൽ"
"താനിപ്പോ ആർ ഈ സി യിൽ തന്നെയല്ലേ?"
"അതേ"
ഒരുമിച്ചു നടക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു, (ഇളയ മകൻ) രാമൻ കുട്ടിയുടെ കല്യാണം കഴിഞ്ഞു. അതിനു ക്ഷണിക്കുവാൻ തിരുവനന്തപുരത്തു പോയപ്പോൾ അമ്മയെ കണ്ടിരുന്നു. അതിനു ശേഷം വിവരങ്ങളൊന്നും അറിയാറില്ല. ഞാൻ എല്ലാ വിവരങ്ങളും ചൂടോടെ അറിയാറുണ്ടെന്നു പറഞ്ഞപ്പോൾ എന്നെ നോക്കിയൊന്നു ചിരിച്ചു. റൗണ്ടിലൂടെ നടന്നു തേക്കിൻ കാട് മൈതാനത്തേക്കു കയറുന്നതു വരെ വീട്ടുകാര്യങ്ങൾ  മാത്രമേ സംസാരിച്ചുള്ളു.
പിരിയുമ്പോൾ അദ്ദേഹം പറഞ്ഞു: "ഇവിടെ വയസ്സന്മാരുടെ ഒരു ക്ലബ് ഉണ്ട്, ആലിൻ ചുവട്ടിൽ. അവിടെ കുറച്ചു നേരം ഇരുന്ന് വീട്ടിലേക്കു മടങ്ങും"

"ഇപ്പൊ ആരോഗ്യമൊക്കെ....?"
"ചികിത്സയുണ്ട്, പ്രധാനമായും  അമ്മിണിയുടെ വക."
യാത്ര പറഞ്ഞു റൗണ്ടിലേക്കിറങ്ങിയപ്പോൾ ഞാൻ സുഹൃത്തിനോട് ചോദിച്ചു,  "അതാരാണെന്ന് മനസ്സിലായോ?"
"എനക്കെപ്പടി തെരിയും ? സം റിലേറ്റീവ്"

അടുത്ത കാലം വരെ കേരളം ഭരിച്ച മുഖ്യ മന്ത്രി യുടെ കൂടെയാണ് ഇത്രയും നേരം നടന്നതെന്ന് പറഞ്ഞപ്പോൾ അയാൾക്ക്‌ ബോധക്ഷയം വരുന്നത് പോലെ തോന്നി. വെള്ള മുണ്ടും ഷർട്ടും ഒരു പഴയ കുടയുമായി നടന്നു നീങ്ങുന്ന മുൻ മുഖ്യമന്ത്രി ദൂരെ എത്തിക്കഴിഞ്ഞിരുന്നു. നിർന്നിമേഷനായി അദ്ദേഹം പോയ വഴിയേ നോക്കിനിന്ന ഡോ. സേതുരത്നത്തിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. തേക്കിൻ കാട് മൈതാനത്തെ ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ഒരു മുൻ മുഖ്യമന്ത്രിയോ? മഹാന്മാരെ പറ്റി പുസ്തകത്തിൽ വായിച്ചിട്ടേയുള്ളു, നേരിൽ കാണുന്നത് ആദ്യമായാണ്.
        *                                               *                                                *

പ്രഗത്ഭന്മാരും പക്വമതികളും  നിസ്വാർത്ഥ സേവകരും അണിനിരന്ന ഒരേയൊരു മന്ത്രിസഭയേ കേരളത്തിലുണ്ടായിട്ടുള്ളു.: 1957 ലെ ആദ്യത്തെ കേരള മന്ത്രിസഭ. പിൽക്കാലത്തു കേരളത്തെ ഗ്രസിച്ച അഴിമതിയുടെയും  വർഗീയതയുടെയും അർബുദ കോശങ്ങൾക്ക് ബീജാവാപം  നടത്തിയ  വിമോചന സമരത്തിനു ശേഷം 1959-ൽ  കേന്ദ്രം ഭരിച്ചിരുന്ന  ഒരച്ഛൻ, മകളുടെ നിർബന്ധത്തിനു വഴങ്ങി, ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്  മന്ത്രിസഭ  പിരിച്ചുവിട്ടു. മന്ത്രിസഭ വീണ് ഒരു നിമിഷം പോലും  മന്ത്രിമന്ദിരങ്ങളിൽ താമസിക്കാൻ ആരും തയ്യാറായില്ല. അന്ന് അച്ഛൻ വ്യവസായമന്ത്രി കെ പി ഗോപാലന്റെ പ്രൈവറ്റ് സെക്രട്ടറി യായിരുന്നു. കുക്കിലിയ ലെയ്‌നിൽ ഞങ്ങളുടെ വീട്ടിനടുത്ത ഒരു വാടക വീട്ടിലേക്കാണ് അച്യുതമേനോനും കുടുംബവും താമസം മാറ്റിയത്. മൂത്ത രണ്ട് കുട്ടികളും കോട്ടൺ ഹിൽ ഹൈസ്‌കൂളിൽ പഠിക്കുന്നു, സ്‌കൂളിൽനിന്നു വളരെ ദൂരെയൊന്നും പോയി താമസിക്കാൻ പറ്റില്ല.
അച്ഛനുമായി അടുത്ത പരിചയമുണ്ടെന്നതു ശരിതന്നെ. എന്നാലും മുൻ മന്ത്രിയല്ലേ? പോരാത്തതിന് ശുണ്ടി ക്കാരനും. ഞങ്ങളുടെ സമീപനം ഭയ-ഭക്തി-ബഹുമാനാദരവുകളോടെയായിരുന്നു. താമസം മാറ്റിയതിന്റെ പിറ്റേ ദിവസം അമ്മിണിയമ്മയും കുട്ടികളും കൂടി സന്ധ്യക്ക്‌ വീട്ടിൽ കയറിവന്നു. അന്ന് ഞാൻ SSLC ക്ലാസിലാണ്, അനിയൻ ദിവാകരൻ എട്ടാം ക്ലാസ്സിലും. അമ്മിണിയമ്മ പറഞ്ഞു, മൂത്ത മകൾ സതി ഒമ്പതിലും രാധ ഏഴിലുമാണ് പഠിക്കുന്നത്‌. ഇനി ചന്ദ്രനു മാത്രം പുസ്തകം വാങ്ങിയാൽ മതി. ബാക്കി എല്ലാവർക്കും പഴയ പുസ്തകം കിട്ടും.  ഒരൊറ്റ ദിവസം കൊണ്ട് എത്രയോ കാലത്തെ പരിചയത്തിന്റെ അടുപ്പമായിരുന്നു, അമ്മിണിയമ്മക്ക്. സാമ്പത്തികമായി പരാധീനതകളുള്ള സാധാരണക്കാരുടെ കുടുംബമായിരുന്നു, അച്യുതമേനോന്റേത്.  മറ്റുള്ളവരുമായി അടുത്തിടപഴകാനുള്ള അദ്ദേഹത്തിന്റെ വൈമുഖ്യം പരിഹരിച്ചിരുന്നത് അമ്മിണി അമ്മയായിരുന്നു. രണ്ട് വീടുകളും  തമ്മിൽ നിലനിന്നു പോന്ന ദൃഢമായ സ്നേഹബന്ധത്തിന്റെ അടിത്തറ അമ്മയും അമ്മിണി അമ്മയും തമ്മിൽ കൈമാറിയിരുന്ന വെളിച്ചെണ്ണ, ഉള്ളി, ചക്കക്കുരു തുടങ്ങിയ അമൂല്യ വസ്തുക്കളായിരുന്നിരിക്കണം . എനിക്കു ചെറിയൊരു പരാതിയുണ്ടായിരുന്നു: അമ്മിണിയമ്മ ദിവാകരനോട് (എന്റെ അനിയൻ) ഇത്തിരി പക്ഷഭേദം കാണിക്കുന്നു എന്നു. എന്നും അവർക്കു അവനോടായിരുന്നു കൂടുതൽ അടുപ്പം.
                            *                      *                   *
അറുപത്തിരണ്ടിൽ ചൈനീസ് ആക്രമണം നടന്നപ്പോൾ രാജ്യസ്നേഹത്തിന്റെ കുത്തകാവകാശം ഭരണപക്ഷത്തിരുന്ന കോൺഗ്രസ് , ലീഗ്, പി എസ് പി കക്ഷികൾ കയ്യടക്കി. അച്ചുതമേനോനെപ്പോലെയുള്ള പല ദേശാഭിമാനികളെയും പിടിച്ചു ജയിലിൽ ഇട്ടു. വിവരമറിഞ്ഞു അമ്മ അമ്മിണിയമ്മയെ കാണാൻ ഇറങ്ങുമ്പോഴേക്കും അവരും ഇളയമകൾ രാധയും കൂടി കയറിവന്നു, ഒന്നും സംഭവിക്കാത്ത മട്ടിൽ. വന്ന ഉടനെ മുഖ്യമന്ത്രി ആർ. ശങ്കറിനെ ഫോണിൽ വിളിച്ചു. (അന്ന് അവരുടെ വീട്ടിൽ ഫോൺ ഉണ്ടായിരുന്നില്ല) "ജയിലിൽ ഇടുന്നതൊക്കെ നിങ്ങളുടെ കാര്യം. സുഖമില്ലാത്ത ആളാണ്, മരുന്നും ഭക്ഷണവും ക്രമം തെറ്റിയാൽ സംഗതി മോശമാണ്. വല്ലതും സംഭവിച്ചാൽ- ഞങ്ങൾ കമ്മ്യൂണിസ്റ് കാരാണെന്നു അറിയാമല്ലോ? ". സംഭാഷണം കഴിഞ്ഞു ഫോൺ വെച്ചശേഷം അവർ ചിരിച്ചു, കണ്ണിറുക്കി. "കുഴപ്പമൊന്നുമില്ല, വെറുതെ വിരട്ടിയതാണ്. അവർ ഡോ: പൈയെക്കൊണ്ട് ഇടക്കിടെ പരിശോധിപ്പിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്.
ഭർത്താവിനെ ജയിലിൽ  അടച്ചാൽ ഭാര്യക്കുണ്ടാവുന്ന ദൈന്യതയൊന്നും അവർക്കുണ്ടായിരുന്നില്ല. ഹാവൂ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു?? ഈ രാധയെ വയറ്റിലുള്ളപ്പോൾ അച്യുതമേനോൻ ഒളിവിലായിരുന്നു. വരവും പോക്കും മണത്തറിഞ്ഞ പോലീസുകാർ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഗർഭിണിയായ അമ്മിണിയമ്മയോട്  ഏറ്റവുമൊടുവിൽ അച്യുതമേനോൻ വന്നതെപ്പോഴാണെന്നു ചോദിച്ചു. കഴിഞ്ഞ ഒരു വര്ഷമായിട്ടു ഇങ്ങോട്ടു വന്നിട്ടേയില്ല എന്നു മറുപടി. "അപ്പോൾ ഇതോ?" ലാത്തി വയറ്റിലേക്ക് ചൂണ്ടിക്കൊണ്ട് പോലീസുകാരന്റെ ചോദ്യം . "അതിനെന്താ, അയലത്ത് ആൺപിള്ളാരില്ലേ?". ഇതു പറയാനുള്ള തന്റേടം  അന്ന് എവിടെനിന്നു കിട്ടി എന്നറിയില്ല. പഴയ കാലം ഓർത്തു കൊണ്ട് അമ്മിണിയമ്മ പറഞ്ഞു "അന്ന് അങ്ങനെ പറയാനാണ് തോന്നിയത്"
                  *                      *                    *
അച്യുതമേനോന്റെ ചിത്രങ്ങൾ--മനസിൽ തെളിയുന്നതൊന്നും വ്യക്തിയുടേതല്ല, വ്യക്തിത്വത്തിന്റേതാണ്. ബസ്സിറങ്ങി, കയ്യിലുള്ള പത്രം വെയിലിനെതിരെ പിടിച്ചു നടന്നു വരുന്ന മുൻ മന്ത്രി, മകളുടെ കല്യാണത്തിന്  കനകക്കുന്ന് കൊട്ടാരത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കെല്ലാം നാരങ്ങാ വെള്ളവും ഓരോ പൂവും കൊടുത്തു സത്കരിച്ച മുഖ്യമന്ത്രി, അങ്ങോട്ടു  വാ തോരാതെ പറയുന്നത് മുഴുവൻ കേട്ട ശേഷം ഒറ്റ വാചകത്തിൽ മറുപടി പറയുന്ന കാരണവർ- എല്ലാം തന്നെ.
            മുഖ്യമന്ത്രിയായിരിക്കെ പാളയത്തെ  കന്റോണ്മെൻറ് ഹൗസിൽ ആയിരുന്നു താമസം. ക്ലിഫ് ഹൗസിൽ കോണിപ്പടികളുണ്ട്. ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നതിനാലാണ്  ഒറ്റ നിലയുള്ള വീട്ടിൽ താമസമാക്കി യത്. ആ കാലത്ത് ഞാൻ അവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു. ഇന്നത്തെ പോലെ മന്ത്രി മന്ദിരത്തിൽ രാഷ്ട്രീയക്കാരുടെയും നിവേദനക്കാരുടെയും തിരക്കുണ്ടായിരുന്നില്ല. മുണ്ടും ബനിയനുമായി അകത്തളത്തിൽ  ഈസി ചെയറിലിരുന്നു പത്രം വായിക്കുന്ന മുഖ്യമന്ത്രിയെ കുറെ നേരം ബോറടിക്കാനുള്ള അവസരവും അവകാശവും എനിക്കു കിട്ടിയിരുന്നു. ആർ ഈ സി യിലെ അദ്ധ്യാപക നേതാവെന്ന നിലയിലും ഈ അവസരങ്ങൾ ഞാൻ ഉപയോഗപ്പെടുത്തി. സ്ഥാപനത്തിൽ ഒരനീതി നടക്കാൻ പോകുന്നു എന്നു പറഞ്ഞാൽ ചോദിക്കും, "അതെങ്ങനെയാ?".  ഞാൻ പറയും, അതങ്ങനെയാണ്. മന്ത്രിമാർക്കും ഉദ്യോഗസ്ഥന്മാർക്കും "അങ്ങനെ" പലതും ചെയ്യാനുള്ള മാനസികാവസ്ഥയുണ്ട്. മുഖ്യമന്ത്രിയോട് വ്യവസ്ഥിതിയെപ്പറ്റി വാ തോരാതെ സംസാരിച്ചിട്ടുണ്ട്. ചാരുകസാലയിൽ, പത്രത്തിൽ നിന്നു മുഖമെടുക്കാതെ ശ്രദ്ധിക്കും. ഒരു ദിവസം എന്റെ പരാതികൾ ഉച്ച-സ്ഥായിൽ എത്തിയപ്പോൾ അദ്ദേഹം പത്രം താഴെ വെച്ചു. "അമ്മിണീ ചന്ദ്രന് ചായ കൊടുത്തോ?".
പെട്ടെന്ന് "മോക്ഷപ്പകിടയിലെ"  കരു പോലെ പത്താം ക്ളാസിലേക്കിറങ്ങിയ അനുഭവം. വള്ളി ട്രൗസറിട്ട കുട്ടി മഹാകാര്യങ്ങൾ പറഞ്ഞതുപോലത്തെ ജാള്യത. ഡൈനിങ് ടേബിളിൽ ഇഡ്ഡലിയും ചായയും കഴിച്ചുകൊണ്ടിരിക്കെ അദ്ദേഹം എന്നോട് പറഞ്ഞു, "ചന്ദ്രൻ എഞ്ചിനിയറല്ലേ, ഒരു സിസ്റ്റം പൊളിക്കണമെങ്കിൽ അകത്തുനിന്നുള്ള സമ്മർദ്ദം കൊണ്ടേ കഴിയൂ എന്നു ഞാൻ പറഞ്ഞു തരണോ?  You have to work for it.  അർഹിക്കുന്നെങ്കിൽ മാത്രമേ പുറത്തു നിന്നു സഹായം കിട്ടൂ".
               *                           *                         *
ഇത്രയും സ്വാതന്ത്ര്യത്തോടെ അച്യുതമേനോനുമായി ഇടപഴകിയിട്ടുണ്ടെന്നു പറയുമ്പോൾ എന്റെ മക്കൾ പറയും, അച്ഛൻ "ഗുണ്ട്" അടിക്കുകയാണെന്നു. അവർക്കതു നേരിൽ കാണിച്ചു കൊടുക്കാൻ കഴിഞ്ഞെങ്കിൽ!! ഈ. എം ഫോസ്റ്റർ ഗാന്ധിജിയെപ്പറ്റി പറഞ്ഞതുപോലെ കുറച്ചു കാലം കഴിഞ്ഞാൽ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നെന്നു പോലും ആരും വിശ്വസിക്കില്ല. ആശിച്ചു പോവുകയാണ്, കാലത്തെ പുറകോട്ടു തിരിക്കാൻ, മരണത്തെ തടഞ്ഞു നിർത്താൻ.
                               ===============00000000000==================







No comments: