ക്രയശേഷി അഭിമാനത്തിന്റെ
അടയാളമാകുമ്പോൾ
ഡോ.
എം പി ചന്ദ്രശേഖരൻ (മുൻ ഡയരക്റ്റർ, എൻ ഐ ടി
കാലികറ്റ് )
(27.2.2015 ലെ
കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം)
"കടൻ
പെട്ടാൻ നെഞ്ചം പോൽ കലങ്കിനാൻ ഇലങ്കൈ വേന്തൻ " ശ്രീരാമനോടു യുദ്ധത്തിൽ തോറ്റു മടങ്ങേണ്ടി വന്ന രാവണനെ
കമ്പരാമായണത്തിൽ വിവരിക്കുന്നതിങ്ങനെയാണു: "കടം വാങ്ങിയവന്റെ ഹൃദയം പോലെ
കലങ്ങി ലങ്കാധിപൻ". കടത്തിൽ പെടുന്നത് നമ്മുടെ പൂർവികർ
യുദ്ധത്തിലെ തോൽവി പോലെ വിനാശകരമായ അനുഭവമായാണു കണ്ടിരുന്നത്. ഇപ്പോഴും തമിഴ്നാട്ടിലെ
പാവപ്പെട്ടവർക്ക് കടമെന്നാൽ ഭയമാണ്, കാരണം അത് പറഞ്ഞ സമയത്ത് തിരികെ
കൊടുക്കണം. എന്നാൽ ലോണ്‍ അങ്ങനെയല്ല, "ലോണ്‍ തിരുപ്പി കൊടുക്ക വേണ്ടാം
സാർ". അതുകൊണ്ട് ഇഷ്ടം പോലെ ലോണെടുക്കാം.
ഗ്രാമീണരുടെ മനസ്സിൽ കുടികൊള്ളുന്ന ഈ വൈരുദ്ധ്യത്തിന്റെ ഉറവിടം എവിടെയാണു? അത് മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.
കമ്മി
ബജറ്റ്
മിതമായ
വാക്കുകളിൽ പറഞ്ഞാൽ വരുമാനത്തിൽ കവിഞ്ഞുള്ള ചെലവാണ് കടമായി രൂപാന്തരപ്പെടുന്നത്. "കമ്മി ബജറ്റ്" എന്ന ആശയം കേന്ദ്ര സർക്കാരിൽ നിന്ന് തുടങ്ങി ദരിദ്ര ഗ്രാമീണ കുടുംബം വരെ എത്തുമ്പോൾ അത് ഓരോ വ്യക്തിയുടെയും കീശയിൽ
വലിയൊരു ദ്വാരം വീണ അനുഭവമായി മാറുന്നു. കാരണം
കടം ആരും വെറുതെ തരില്ല, അതിനു പലിശയും പലിശക്കു പലിശയും കൊടുക്കണം. എത്ര
കിട്ടിയാലും കീശയുടെ കീഴിലിരിക്കുന്ന രാക്ഷസൻ അത് വിഴുങ്ങിക്കൊണ്ടേയിരിക്കും. പണ്ടൊക്കെ
അത്യാവശ്യത്തിനു വാങ്ങുന്ന കൈവായ്പകൾ ഏറ്റവും അടുത്ത അവസരത്തിൽ കൊടുത്തു തീർത്ത് മുണ്ടു
മുറുക്കിയുടുത്തു മുന്നോട്ടു പോവുകയായിരുന്നു പതിവ്. കൊടുക്കുന്നവനും
വാങ്ങുന്നവനും ഏതാണ്ട് ഒരേ സാമ്പത്തിക നിലവരമുള്ളവരാകുമ്പോൾ ഇത്തരം
കൊള്ളക്കൊടുക്കകൾ നിർബാധം നടത്താം,
കടക്കെണിയുടെ ഭീഷണിയില്ലാതെ. വിദുര വാക്യം ശ്രദ്ധിക്കുക: "സത്യവും വിവാഹവും വ്യവഹാരവും
തനിക്കൊക്കും മട്ടാഭിജാത്യമുള്ളവരോടു വേണം" . അവരവരുടെ സാമ്പത്തിക നിലവാരം
വിട്ടു വ്യവഹാരം ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉയരുന്നത്. കടത്തോടും ധനത്തോടും നമുക്കുള്ള മനസികാവസ്ഥ വിദുരരുടെയും കമ്പരുടെയും
കാലത്തിൽ നിന്നൊക്കെ വളരെയധികം മാറിപ്പോയി. ഇനിയൊരു
തിരിച്ചു പോക്ക് അസാദ്ധ്യമാണ്,
കാരണം മാനുഷിക മൂല്യങ്ങളും അവയോടുള്ള വീക്ഷണവും
കീഴ്മേൽ മറിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ, മുതലും
അന്യായമായ പലിശയും കൂട്ടു പലിശയും ചേർത്തു മൂന്നിരട്ടി സംഖ്യ പിരിച്ചു കഴിഞ്ഞിട്ടും പണയവസ്തു
സ്വന്തം പേരിലാക്കുകയും ഗൂണ്ടകളെ വിട്ടു കടക്കാരനെ തല്ലിയോടിക്കുകയും
ചെയ്യുന്ന സംഭവം ഏതു
നാട്ടിൽ നടക്കും??
കൃഷിക്കാരന്റെ
കടം
ആഗോള സമ്പദ്
വ്യവസ്ഥ തന്നെ കടമെന്ന അച്ചുതണ്ടിൽ കിടന്നു തിരിയുന്ന ഇന്നത്തെ കാലത്ത് അതിൽ
നിന്നും മാറി നിന്നാൽ പുരോഗതി തടസ്സപ്പെടുത്തലാവും ഫലം. കൃഷി, കച്ചവടം, വ്യവസായം എന്നിവ ആരംഭിച്ച് അഭിവൃദ്ധിപ്പെടുത്തണമെങ്കിൽ
കടം കൂടിയേ തീരു എന്ന നില വന്നു കഴിഞ്ഞു. ഇത്
വേണ്ടെന്നു വെച്ചാൽ സംരംഭകൻ പിന്തള്ളപ്പെടും. അതുകൊണ്ട്
ആവശ്യത്തിലധികം കടം കൊള്ളുന്ന സ്വഭാവം പല കർഷകർക്കും വന്നു ചേർന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കാർഷിക കടം പ്രോത്സാഹിപ്പിക്കുന്നത്
പ്രധാനമായും രാസവളവും കീടനാശിനികളും വാങ്ങി കൃഷിസ്ഥലത്തെ അഭിഷേകം ചെയ്യുവാനാണ്. പ്രത്യക്ഷത്തിൽ കർഷകനെ സഹായിക്കാനെന്നു തോന്നുമെങ്കിലും, ഈ വക രാസവളങ്ങളും കീടനാശിനികളും
ഉത്പാദിപ്പിക്കുന്ന വൻകിട കമ്പനികളുടെ വിപണന തന്ത്രം മാത്രമാണിത്. ഇതിലടങ്ങിയിരിക്കുന്ന ചതി കാണാതിരുന്നു കൂടാ. ഒന്നോ രണ്ടോ തവണ
രാസവളപ്രയോഗം നടത്തുന്നതോടെ മണ്ണിന്റെ നൈസർഗ്ഗിക ശേഷി കുറഞ്ഞു പോവുകയും പിന്നീടു
വർദ്ധിച്ച അളവിൽ രാസവളം ചേർക്കാതെ കൃഷി അസദ്ധ്യമാവുകയും ചെയ്യുന്നു. കീടനാശിനികളുടെ കഥയും തഥൈവ. കീടനാശിനി പ്രയോഗത്തോടെ പ്രകൃതി കൂടുതൽ പ്രതിരോധ ശക്തി നല്കി കീടങ്ങളുടെ പുതിയ പതിപ്പുകൾ
(Mutations) ഇറക്കുന്നു. ഉടൻ കൂടുതൽ രാസ പ്രയോഗം, കൂടുതൽ പണം, വർദ്ധിച്ച ലോണ്‍
സംഖ്യകൾ.
ക്രമേണ കർഷകൻ പൂർവാധികം ദരിദ്രനായി മാറുന്നു. മറ്റൊരു
ഭീകരൻ വിത്തുകൾക്കുള്ള വായ്പയാണ്. മോണ്‍സാന്റൊ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികൾ
അത്യുത്പാദന ശേഷിയുള്ള വിത്തുകൾ തരും. പക്ഷെ അടുത്ത വർഷം നമ്മുടെ ധാന്യങ്ങളിൽ നിന്ന് വിത്തുണ്ടാക്കാൻ പറ്റില്ല, കാരണം ഈ ധാന്യം നട്ടാൽ പൊടിക്കില്ല, അവ പ്രതുദ്പാദന ശേഷിയില്ലാത്ത
ടെർമിനേറ്റർ അഥവാ "ഷണ്ഡ" ധാന്യങ്ങളാണ്. എല്ലാ വർഷവും വിത്തുകൾ വില കൊടുത്തു
വാങ്ങണം. ഈ കമ്പനികൾക്ക് അടിമപ്പെട്ട് കടത്തിൽ മുങ്ങി, നിസ്വനായി അവസാനം നിരാശനായി "നെഞ്ചം കലങ്കി" ആത്മഹത്യക്കൊരുങ്ങുന്നു, പാവം കർഷകൻ, യുദ്ധത്തിൽ
തോറ്റ പടയാളിയെപ്പോലെ.
ആഡംബരവും
അനാവശ്യവും
ഉപഭോഗ സംസ്കാരം
പൂർണ വളർച്ചയെത്തിയ നാടാണ് കേരളം. ഒരു സമൂഹം ആഡംബര വസ്തുക്കളും അനാവശ്യ സാധനങ്ങളും
വാങ്ങിക്കൂട്ടുന്നത് സാധാരണയായി ചെലവു കഴിഞ്ഞു
നീക്കിയിരിപ്പ് (spare money )
ഉള്ളപ്പോൾ ആണെന്നത്രെ സാമ്പത്തിക ശാസ്ത്രജ്ഞർ
പറയുന്നത്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല.
അത്യാവശ്യങ്ങൾ നിർവഹിക്കാൻ കഴിവില്ലാത്തവരും ആഡംബര സാധനങ്ങൾ ഇഷ്ടം പോലെ
വാങ്ങിക്കൂട്ടുന്നു. എളുപ്പം കിട്ടുന്ന ലോണുകളാണു ഇത്തരം സോപ്പ് കുമിളകളുടെ
സ്രോതസ്സ്. കൈയിൽ പണമില്ലാത്തവനെക്കൊണ്ടു കൂടി
ഉപഭോഗ വസ്തുക്കൾ വാങ്ങിപ്പിക്കാനുള്ള വിപണന തന്ത്രങ്ങളുമായാണു ഉദ്പാദകർ വിപണി കൈയടക്കിയിരിക്കുന്നത്. അങ്ങനെയാണു ഓരോ
വസ്തുവിന്റേയും കൂടെ തവണ വ്യവസ്ഥകളൂം ലോണ്‍ സ്കീമുകളും ഇറങ്ങുന്നത്. ഒരു ലോണിന്റെ EMI
(Equated Monthly Instalment ) അടച്ചു
തീരുമ്പോഴേക്കും വിലയുടെ രണ്ടോ മൂന്നോ ഇരട്ടി പണം കൊടുത്തു കഴിഞ്ഞിരിക്കും. വാങ്ങിയ ആഡംബര വസ്തുവിന്റെ മൂല്യം പൂജ്യത്തിൽ
എത്തിയിരിക്കും- വിറ്റാൽ വില കിട്ടാത്ത അവസ്ഥ. അപ്പോഴാണ്
എക്സ് ചെയ്ഞ്ച് സ്കീമുകളുടെ വരവ്:
നിങ്ങളുടെ പഴയ മിക്സിക്കു പകരം പുതിയതെടുത്തോളൂ. പുതിയതിന് പതിനായിരം രൂപ, പഴയതിന്
അഞ്ഞൂറും. പഴയതിന് പകരം പുതിയത് എന്ന ഒരൊറ്റ ആശയം മതി, വീട്ടമ്മമാരെ
കൂട്ടത്തോടെ കടയിലെത്തിക്കാൻ. ഈ
ലോണുകളിലെല്ലാം തന്നെ തവണകൾ മുടങ്ങിയാൽ പിഴ പലിശയും ചേർത്ത് അടവ് സംഖ്യ
വർദ്ധിക്കുന്നു. പണം തിരികെ കിട്ടിയില്ലെങ്കിൽ നിയമ
വിരുദ്ധമായി ജപ്തി നടത്താനും മറ്റു മൂന്നാം മുറ പ്രയോഗങ്ങൾക്കുമുള്ള സംവിധാനങ്ങൾ
പല ബാങ്കുകളും ബ്ലേഡ് കമ്പനികളെപ്പോലെ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഒരു കുടുംബത്തിൽ ഇത്തരം
രണ്ട് മൂന്നു ലോണുകളുണ്ടെങ്കിൽ കുട്ടികൾ പട്ടിണിയാവാൻ വേറൊന്നും വേണ്ട.
വിവാഹധൂർത്ത്
കല്യാണം നടത്തി
കടം പിടിച്ചവരാണ് മറ്റൊരു വിഭാഗം. അവനവന്റെ ഇപ്പോഴത്തെ ധനസ്ഥിതി പരിഗണിക്കാതെ
"ന്റുപ്പുപ്പാക് ഒരാനേണ്ടാർന്നു" എന്ന ഭാവത്തിൽ കിട്ടുന്നിടത്തു നിന്നൊക്കെ കടം വാങ്ങി തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ ഉഴലുന്നവരാണു ഇക്കൂട്ടർ. ഈ പതനത്തിനു
മലയാളിയുടെ മാനസികാവസ്ഥയെയല്ലാതെ മറ്റൊന്നിനെയും കുറ്റപ്പെടുത്താനാവില്ല. അയൽപക്കക്കാരൻ മകൾക്ക് 50 പവൻ കൊടുക്കുമ്പോൾ നമ്മൾ നൂറെങ്കിലും
കൊടുക്കണ്ടെ? കല്യാണത്തിനും അതിനു തലേ ദിവസവും നടത്തുന്ന സദ്യകൾ പൊടിപൊടിക്കണ്ടേ? ഇതിനൊക്കെ കടം
വേണമെങ്കിൽ ബ്ലേഡ് കമ്പനികളെത്തന്നെ ആശ്രയിക്കണം. അവസാനം കിടപ്പാടം
അന്യാധീനമാകുന്നു. ഇത്തരം തുടർക്കഥകൾ നിത്യേനയെന്നോണം നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. . ഈ വിഭ്രാന്തിയിൽ നിന്ന് കര കയറാതിടത്തോളം മലയാളി
സമൂഹത്തിനു രക്ഷയില്ല.
സ്വപ്നത്തിലെ
ഭവനം
ഓരോ
മലയാളിയുടേയും വർണ്ണാഭമായ സ്വപ്നങ്ങളാണു
സ്വന്തമായൊരു വീടും കാറും. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന്
വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ അവൻ തയ്യാറാണ്. ഭവന
നിർമാണ വായ്പയെടുക്കുന്നവർ വ്യക്തമായ കണക്കു കൂട്ടലോടെയാണു സാധാരണയായി മുന്നോട്ടു
നീങ്ങുന്നത്. സർക്കാരിന്റെ മേല്നോട്ടത്തിലും സഹായത്തോടെയും
പ്രവർത്തിക്കുന്ന ഒരു മേഖലയാണിത്.
വസ്തുവിന്റെ ഈടിന്മേൽ മര്യാദ പലിശക്കു ആവശ്യമായ പണം കടം കിട്ടും. ആദായനികുതി ഇളവു തുടങ്ങിയ മറ്റു ആനുകൂല്യങ്ങളും
ഉണ്ട്. മാസ ശമ്പളക്കാർക്കുള്ള ഏറ്റവും വലിയ
ആകർഷണം അടവ് തുക (EMI ) ക്ക് കാലാന്തരത്തിൽ വരുന്ന മൂല്യ ശോഷണമാണു. തുടക്കത്തിൽ വലിയ സംഖ്യയാണെങ്കിൽ പോലും നാലഞ്ചു വർഷം കഴിയുമ്പോൾ
അതൊരു ഭാരമാല്ലാതായി മാറും. ബ്ലേഡ് കമ്പനികളും അമിത പലിശയും
ആത്മഹത്യകളും ഈ മേഖലയിൽ പറഞ്ഞു കേൾക്കാറില്ല. വായ്പയുടെ മൂല്യത്തിലുള്ള ഇടിവും സ്വന്തം ആസ്തിയുടെ മൂല്യ വർദ്ധനയും
കണക്കാക്കിയാൽ ഭാവന നിർമാണ വായ്പ
എടുക്കുന്നവൻ തന്നെയാണു ബുദ്ധിശാലി എന്ന് മനസ്സിലാകും. ഈ മേഖലയിൽ "ഇന്നത്തെ കടം നാളത്തെ ധനം" എന്ന
അവസ്ഥയുള്ളതിനാൽ കടത്തെ ധനത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി കണക്കാക്കാവുന്നതാണ്.
കാറും
ബൈക്കും
വാഹന വായ്പയാണ്
കേരളീയന്റെ മറ്റൊരു പ്രധാന കടം. വാഹനം വാങ്ങുമ്പോൾ തന്നെ വായ്പയോടുകൂടി
വാങ്ങാനുള്ള സൗകര്യം ഉത്പാദകർ വിവിധ ബാങ്കുകളിലൂടെ ഏർപ്പാട് ചെയ്യുന്നുണ്ട്.
കോളേജിൽ ചേരുന്ന കുട്ടികൾക്ക് മോട്ടോർ സൈക്കിൾ വാങ്ങിക്കൊടുക്കുന്ന അച്ഛനമ്മമാരുടെ
എണ്ണം അനുദിനം വർദ്ധിക്കുന്നു. ഭവന
വായ്പയും വാഹന വായ്പയും തമ്മിലുള്ള പ്രധാന വ്യത്യാസം ഭവനമെന്ന ആസ്തിയുടെ മൂല്യം ക്രമേണ വർദ്ധിക്കുന്നു, വാഹനത്തിന്റെ മൂല്യം അതിവേഗം ശോഷിക്കുന്നു എന്നതാണ്. ശോഷിച്ചുവരുന്ന മൂല്യം എല്ലാ ഉപഭോഗ വസ്തുക്കളുടെയും നൈസർഗ്ഗിക
സ്വഭാവമാണ്. അവക്കുവേണ്ടി കടം വാങ്ങുമ്പോൾ ആസ്തിയിൽ വർദ്ധന പ്രതീക്ഷിക്കരുത്. കടം ഒരു ഭാരമായിത്തന്നെ അവശേഷിക്കും. ഇവിടേയും
അടവ് താമസിച്ചാൽ "വണ്ടി പിടിക്കുന്ന" പ്രൊഫഷനൽ ഗൂണ്ടാ സംഘങ്ങൾ
ധാരാളമുണ്ട്.
കടവും
ലോണും വീണ്ടും
ചെറുകിട വ്യവസായ
സംരംഭങ്ങൾ തുടങ്ങുവാനാണു കാര്യമായ വായ്പ ആവശ്യമായി വരുന്നത്. സംരംഭത്തെ സുഗമമായി നടത്തിക്കൊണ്ടു പോകാനുള്ള ഈ സഹായം പലപ്പോഴും
അജ്ഞത കൊണ്ടോ അലംഭാവം കൊണ്ടോ ഒരു പാരയായി
വന്നു ഭവിക്കാറുണ്ട്. യന്ത്രങ്ങളും മറ്റും വാങ്ങാനുള്ള ടേം ലോണ്‍, വർക്കിംഗ്
കാപ്പിറ്റലിനുള്ള കാഷ് ക്രെഡിറ്റ് എന്നിങ്ങനെ രണ്ടു വകയായാണു ബാങ്കുകൾ കടം
കൊടുക്കുന്നതു. സംരംഭകന്റെ തെറ്റു കൊണ്ടും ബാങ്കിന്റെ
കുറ്റം കൊണ്ടും വ്യവസായം രോഗഗ്രസ്തമാവാം. കാരണമെന്തായാലും
കേരളത്തിൽ പീഡിത വ്യവസായങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ചെറുകിട സംരംഭകരെ പലപ്പോഴും
കിടപ്പാടം വിൽക്കേണ്ടി വരുന്ന അവസ്ഥയിലേക്കു തള്ളിവിടുന്നു. അതേ സമയം
കോർപൊറേറ്റുകൾ വൻകിട വ്യവസായം തുടങ്ങി
കോടിക്കണക്കിനു രൂപ കടം എടുത്ത് മുഴുവനും കട്ടു മുടിച്ച് ധൂർത്തടിച്ച് പൊളിഞ്ഞുപോയാലും ആരും ജയിലിൽ
പോകേണ്ടി വരില്ല ബാങ്കും സര്ക്കാരും കൂടി കടം മുഴുവൻ
എഴുതി തള്ളിക്കോളും. വ്യവസായ സംരംഭകർക്ക് ഇതാ ഒരു ഗുണപാഠം: ഒരിക്കലും ചെറിയ സംഖ്യ
കടമെടുക്കരുത്, തിരിച്ചടക്കേണ്ടി വരും. കോടിക്കണക്കിനു ലോണെടുത്താൽ
"തിരുപ്പിക്കൊടുക്ക വേണ്ടാം". ഇപ്പോൾ മനസ്സിലായില്ലേ അണ്ണാച്ചി
പറഞ്ഞതിന്റെ പൊരുൾ?
കടക്കെണി
ഇതൊക്കെയായിട്ടും കേരളജനത എങ്ങനെ ഈയമ്പാറ്റകൾ പോലെ
കടത്തിന്റെ തീജ്വാലയിൽ പറന്നു കയറി പക്ഷം
കരിഞ്ഞു വീഴുന്നു? അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാരിന്റെ ഒരു പഠനം വെളിപ്പെടുത്തുന്നത് കേരളത്തിൽ ശരാശരി ഒരു കുടുംബത്തിനു ആസ്തിയുടെ നാലര ഇരട്ടിയാണു
കടം എന്നാണു. ഈ ശരാശരി കണ്ടുപിടിച്ചിരിക്കുന്നത് കടം
വാങ്ങാത്ത അമ്പത് ശതമാനം ആളുകളെക്കൂടി ചേർത്തിട്ടാണു. അതിന്നർഥം കടം ഓരോരുത്തരുടേയും സ്വന്തം ആസ്തിയുടെ ഒൻപതിരട്ടി വരുമെന്നാണു. ഇത് ദേശീയ ശരാശരിയുടെ എത്രയോ മേലെയാണ്. അതായത്, രാജ്യം
മൊത്തത്തിൽ കടത്തിൽ മുങ്ങുന്നു,
അക്കൂട്ടത്തിൽ മലയാളി കുറേക്കൂടി അഗാധമായ
ചുഴിയിലേക്കും. ഉള്ള കടത്തിൽ നിന്ന് മോചനം നേടി
സന്തോഷമായിരിക്കാനല്ല ആളുകൾ ശ്രമിക്കുന്നത്, കടത്തിന്റെ, കൂടുതൽ ആഴമുള്ള
കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങാനണു
കലിയുഗ
നിയമങ്ങൾ
സമൂഹത്തിൽ ഇതിനു
ധാരാളം പാർശ്വ ഫലങ്ങൾ കണ്ടു വരുന്നു. വരുമാനത്തിൽ
കവിഞ്ഞ ജീവിതരീതി ഒരു സ്വഭാവമായി മാറ്റിയാൽ പിന്നെ വരുമാനം വർദ്ധിപ്പിക്കാനുള്ള
വഴികൾ ആരായണം. ന്യായമായി കിട്ടുന്ന വരുമാനം പോരാതെ
വരുമ്പോൾ അന്യായ മാർഗ്ഗങ്ങൾ തേടുന്നത് സ്വാഭാവികം. സ്ഥിര വരുമാനമുള്ള സർക്കാരുദ്യോഗസ്ഥർ
കൈക്കൂലി വാങ്ങുന്നത് ഒരു ഉദാഹരണം മാത്രം. സമൂഹത്തിന്റെ
എല്ലാ തുറകളിലും അഴിമതിയെന്ന അർബ്ബുദരോഗത്തിന്റെ സാന്നിദ്ധ്യവും വളർച്ചയും
ക്രമാതീതമായി വർദ്ധിക്കുന്നു. കൈക്കൂലി വങ്ങുന്നവർക്കുമുണ്ട്
ഗുണപാഠം: ഇരുപത്തഞ്ചു രൂപ കൈക്കൂലി വാങ്ങുന്ന ലൈൻ മാനെ നോട്ടിൽ പൊടി വിതറി
വിജിലൻസുകാർ പിടിച്ചു ജയിലിൽ അടയ്ക്കും. ഇരുപതു കോടി ബാർ കോഴ വാങ്ങുന്ന
മന്ത്രിയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല. അതാണു കലിയുഗത്തിലെ നിയമം.
No comments:
Post a Comment