Thursday, March 26, 2015

ആം ആദ്മി വെറുമൊരു പാർട്ടിയല്ല.

2015 മാർച് 26-നു മതൃഭൂമിയിൽ "രാഷ്ട്രീയപ്പാർട്ടികളല്ല, ആൾക്കൂട്ടങ്ങൾ" എന്ന  പേരിൽ വന്ന ലേഖനത്തിന്റെ ഒറിജിനൽ. (unedited version)
(ചുവന്ന അക്ഷരത്തിൽ ഉള്ള ഭാഗങ്ങളാണ് എഡിറ്റിങ്ങിൽ പോയത്)
____________________________________________________________________________

ആം ആദ്മി വെറുമൊരു പാർട്ടിയല്ല.
ഡോ. എം പി. ചന്ദ്രശേഖരൻ
__________________________________________________________________________________
ആം ആദ്മി ഒരു പാർട്ടിയല്ല. ഇന്നത്തെ രാഷ്ട്രീയ പാർട്ടികളുടെ ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരുതരം ആൾക്കൂട്ടം, സാധാരണക്കാരും അവരെ പിന്താങ്ങുന്നവരും മാത്രം. ഇവർ മോദിതരംഗത്തിന്റെ ഉത്തുംഗ ശൃംഗത്തിലെത്തിയെന്നു വിശ്വസിച്ച ബി ജെ പിയെ നിലം പരിശാക്കി ദൽഹി പിടിച്ചെടുത്തു. കോണ്‍ഗ്രസ്സിനെ പൂജ്യന്മാരാക്കി, വിപ്ലവക്കാർക്കും മതേതരന്മാർക്കും വിരലിലെണ്ണാവുന്ന  വോട്ട് വാങ്ങിക്കൊടുത്ത്, കെട്ടിവെച്ച  കാശും കളയിച്ച്  ഇന്ദ്രപ്രസ്ഥം പിടിച്ചടക്കി. ആരാണിവർ, എവിടെനിന്നു വന്നു?
ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവ് പറഞ്ഞു, ആം ആദ്മി അരാഷ്ട്രീയ വാദികളാണെന്നു. അരാജകത്വ വാദികളെന്നു മറ്റു ചിലർ. അവർ  രാഷ്ട്രീയമെന്നതു കൊണ്ടു വിവക്ഷിക്കുന്നത് ഇപ്പോൾ കാണുന്ന വിവിധ കക്ഷികളുടെ പ്രവർത്തന ശൈലിയുടെ  ആകത്തുകയോ ശരാശരിയോ ആണു. അതിൽ വർഗീയം, മതം, "മതേതരം", തൊഴിലാളി പ്രേമം, മുതലാളി ദാസ്യം, മദ്യവർജനം, മദ്യസേവ, മദിരാക്ഷി, പാദസേവ, കൈക്കൂലി, ചതി, വഞ്ചന, കെടുകാര്യസ്ഥത സർവോപരി ബ്ലാക്ക് മെയിലിംഗ്  എന്നിങ്ങനെ എണ്ണിയാൽ തീരാത്ത സ്വഭാവ വിശേഷങ്ങൾ ഉൾപ്പെടുന്നു. എല്ലാവർക്കും എല്ലാ സ്വഭാവങ്ങളും വേണമെന്നില്ല, ആവശ്യം വരുമ്പോൾ വേണ്ടതെടുത്തു പ്രയോഗിക്കാൻ സൗകര്യമുണ്ടാവണമെന്നു മാത്രം. നേതാക്കളെ തിരഞ്ഞെടുക്കുന്നത് കയ്യൂക്കുള്ളവൻ എന്ന കാരണത്താലോ റൂസ് വെൽട്ടിന്റെ കുപ്രസിദ്ധ നിയമമനുസരിച്ചോ ആവാം (അവൻ ഒരു ശുനകപുത്രനാണെന്നു എനിക്കറിയാം, പക്ഷെ അവൻ നമ്മുടെ ശുനകപുത്രനാണു). ഈ നിഷ്കർഷ ലംഘിക്കുകയാണ് ദൽഹി നിവാസികൾ ചെയ്തിരിക്കുന്നത്. അത് രാഷ്ട്രീയ പാർട്ടികളെ അമ്പരപ്പിച്ചിരിക്കുന്നു. എന്താണിതിന്റെ ഗുട്ടൻസ്?, ഒരു പിടിയും കിട്ടുന്നില്ല.

ഇന്ന് ഇന്ത്യയിൽ ഒരു പാർട്ടിയായി പ്രവർത്തിക്കണമെങ്കിൽ ഏതെങ്കിലുമൊരു ആദർശത്തിൽ മുറുകെ പിടിച്ചാൽ പോരാ. പാർട്ടിക്കകത്ത് വ്യക്തമായ ഉച്ച-നീചത്വങ്ങൾ നിർവചിച്ചു  മാഫിയാ രീതിയിലുള്ള  പ്രവർത്തന ശൈലി കൂടി അവലംബിക്കേണ്ടതുണ്ട്.  ഇതിനു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളതു പോലെ , പാർട്ടിയുടെ തലപ്പത്ത് താഴെക്കിടയിൽനിന്നു പയറ്റിത്തെളിഞ്ഞു വന്ന, അഭിപ്രായ ഐക്യമുള്ള ഒരു നേതൃ നിരയുണ്ടായിരിക്കണം.  എതിരഭിപ്രായം പറഞ്ഞാൽ റഷ്യയിൽ ട്രോട്സ്കിക്കും കേരളത്തിൽ ടി പി ചന്ദ്രശേഖരനും ഉണ്ടായതു പോലെയുള്ള അനുഭവങ്ങളായിരിക്കും ഫലം.  വാസ്തവത്തിൽ, അച്യുതാനന്ദൻ ഇന്ന് ജീവിച്ചിരിക്കുന്നത്  ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ മഹാത്ഭുതങ്ങളിൽ ഒന്നാണു. ഇത്തരമൊരു  വിരോധാഭസത്തിനു പ്രധാന കാരണം  ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ജനാധിപത്യ വേഴ്ചയാണെന്നു  അവർക്കറിയാം.  ഒരു രൂപ കൊടുത്താൽ ആർക്കും മെമ്പർ ആകാവുന്ന പാർട്ടിയായ കോണ്‍ഗ്രസ്സിനു ഇത്തരം അഭിപ്രായ ഐക്യമുള്ള ഒരു നേതൃ നിര ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അവിടെ പാർട്ടിക്കകത്ത് ജനാധിപത്യവും തിരഞ്ഞെടുപ്പും മറ്റും ഇല്ല. രാജഭരണ കാലത്തെപ്പോലെ ഒരു രാജകുടുംബത്തെ നേതൃസ്ഥാനത്ത് അവരോധിച്ച് നിലനിർത്തിപ്പോരുകയാണു ചെയ്യുന്നത്.  രാജകുടുംബത്തിന്റെ പ്രീതിയും അപ്രീതിയും അനുസരിച്ചു എല്ലാ തലങ്ങളിലും നേതാക്കളെ നിയമിക്കുന്നു, ഉദ്യോഗസ്ഥന്മാരെ  നിയമിക്കുന്നത് പോലെ. കോണ്‍ഗ്രസ്സുകാർക്കു രാജകുടുംബത്തോടുള്ള വിധേയത്വമാണ് പാർട്ടിയുടെ നിലനില്പിന്നാധാരം.  പലതരം ഗ്രൂപ്പുകളുണ്ടാക്കി അന്യോന്യം ചെളി വാരി എറിയുവാനുള്ള സൗകര്യം പാർട്ടിയിൽ ധാരാളമുണ്ട്. എന്നാൽ രാജകുടുംബത്തിലെ അംഗങ്ങൾക്കോ അവരുടെ തൊട്ടടുത്ത ശിങ്കിടികൾക്കോ എതിരായി  ശബ്ദിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരും.  ഈ സമ്പ്രദായം സാമാന്യം കാര്യക്ഷമമായ രീതിയിൽ നടപ്പാക്കാൻ കഴിയുമെന്നു തെളിയിക്കുവാൻ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടുണ്ട്.

വർഗീയ, ഫാസിസ്റ്റ് കക്ഷിയെന്നു അടുത്ത കാലം വരെ വിശേഷിപ്പിച്ചിരുന്ന ബി ജെ പി യിൽ കുടുംബ വാഴ്ച ഉദ്ദേശിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളെപ്പോലെ  ഉൾപാർട്ടി ജനാധിപത്യം നിലവിലുള്ള പർട്ടിയാണത്.  എന്തൊരു വിരോധാഭാസം!! കമ്മ്യൂണിസ്റ്റ്, ഫാസിസ്റ്റ് പാർട്ടികൾക്കുള്ളിൽ ജനാധിപത്യവും, ഗാന്ധിജിയെ പിടിച്ചു ആണയിടുന്ന പാർട്ടിയിൽ ഏകാധിപത്യവും!!  കേരളത്തിലെ മറ്റൊരു പ്രധാന പാർട്ടി മുസ്ലിം ലീഗ് ആണു.  അവിടെ ജനാധിപത്യത്തിന്റെ ആവശ്യമില്ല. അവർ അല്ലാഹുവിൽ നിന്ന് നേരിട്ടു  ഉത്തരവ് വാങ്ങിയാണ് കാര്യങ്ങൾ നടത്തുന്നത്മതപൗരോഹിത്യത്തിന്റെ ഉന്നതശ്രേണിയിലുള്ള പാണക്കാട് തങ്ങൾമാരാണു പാർട്ടിയുടെ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത്. എങ്കിലും അവർ മതേതരന്മാരെന്നു   സ്വയം വിശേഷിപ്പിക്കുകയും സ്വന്തം അധികാരപരിധിയിൽ പെട്ട എല്ലായിടത്തും "പച്ചവൽക്കരണം" നടപ്പാക്കുകയും ചെയ്യുന്നു.   "മതേതര  മുസ്ലിം ലീഗ്" എന്ന ആശയം ജോർജ് ഓർവെലിന്റെ ന്യൂസ്പീക്   ഭാഷയിലൂടെ മാത്രമേ സാധാരണക്കാർക്ക് ഗ്രഹിക്കാൻ  പറ്റു.

വളരുന്തോറും പിളരുകയും വീണ്ടും വളരുകയും  ചെയ്യുന്ന ഒരു അത്ഭുത പാർട്ടിയാണ് കേരള കോണ്‍ഗ്രസ്. പിളരുന്ന ഗ്രൂപ്പുകൾ നിലനിൽക്കണമെങ്കിൽ ഗ്രൂപ്പിൽ ഒരു അച്ഛനും മകനും വേണമെന്നു നിർബന്ധമാണ്‌. നോക്കൂ, മാണി ഗ്രൂപ്പ്, ജേക്കബ്‌ ഗ്രൂപ്പ്, പിള്ള ഗ്രൂപ്പ് എല്ലാം നിലനില്ക്കുന്നത് അച്ഛനും മകനും ഉള്ളതുകൊണ്ടാണ്.  പി ജെ ജോസെഫിന്റെ മക്കളാരും അദ്ദേഹത്തെ സഹായിച്ചില്ല.  അതുകൊണ്ടാണ് കേരള കോണ്ഗ്രസ്സിന്റെ ജോസഫ് ഗ്രൂപ്പ് ഒറ്റയന്മാരുടെ ആക്രമണങ്ങളെ ചെറുക്കനാവാതെ അല്പായുസ്സായി പരിണമിച്ചത്. അങ്ങനെ ശേഷിച്ച കാലം  അദ്ദേഹത്തിനു  മാണി ഗ്രൂപ്പിൽ ലയിച്ചു  കഴിയേണ്ട ഗതികേട്  വന്നു.  ടി എം ജേക്കബ് മരിച്ചപ്പോൾ ആ സ്ഥാനം ആർക്കു അവകാശപ്പെട്ടതാണെന്നതിനെപ്പറ്റി  കേരള രാഷ്ട്രീയത്തിൽ ഒരു തർക്കവുമുണ്ടായില്ല.  ബ്രിട്ടീഷു കാരുടെ കാലത്ത് മലബാറിൽ ഒരു അംശം അധികാരി  (ഇന്നത്തെ വില്ലേജ് ഓഫീസർ) മരിച്ചാൽ ആ തറവാട്ടിലെ മൂത്ത  അംഗത്തിനാണു അധികാരിപ്പണി കിട്ടുക.  ആ രീതി പിന്തുടർന്ന് ജേക്കബിന്റെ മകനായ ഒരു പയ്യനെ മന്ത്രിയായി വാഴിച്ചു.  പയ്യനെ ഇലക്ഷന് നിർത്തി ജയിപ്പിച്ചെടുക്കണ്ടേ? അപ്പോഴാണു പാർട്ടിയുടെ അസ്തിവാരം എവിടെയാണെന്നു നോക്കേണ്ടത്ജേക്കബ് പ്രതിനിധാനം ചെയ്തിരുന്ന പാത്രിയാർകീസ് കക്ഷിയുടെ അച്ചന്മാരും കുഞ്ഞാടുകളും തീർച്ചയായും പയ്യന്റെ തുണയ്ക്കെത്തും, അല്ല, എത്തി.  അവരാണ് ഇലക്ഷനിൽ ജയിപ്പിച്ചതും  പയ്യന് വേണ്ടി  വകുപ്പുകളുടെ കാര്യത്തിലൊക്കെ നിർബന്ധം പിടിച്ചു വാങ്ങിയതും. കാൽ കാശിനു വഴിയില്ലാത്ത പന്ന വകുപ്പുകൾ കിട്ടിയിട്ടെന്തു പ്രയോജനം? ഇനിയും വരില്ലേ ഇലക്ഷൻഅച്ചന്മാരുടെ ഇടയലേഖനമനുസരിച്ചു കുഞ്ഞാടുകൾ നടത്തുന്ന പാർട്ടിയാണെങ്കിലും അവരെയും മതേതരന്മാരെന്നു അംഗീകരിക്കാൻ  ലീഗും കോണ്‍ഗ്രസ്സും  പോലെയുള്ള  മറ്റു മതേതരന്മാർ തയ്യാറാണ്.

അച്ഛനും മകനും ചേർന്നുള്ള പാർട്ടിയെന്നുകേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് കേരളാ കോണ്‍ഗ്രസ്സിന്റെ കൊട്ടാരക്കര വിഭാഗമായ "ബി" എന്ന് പേരുള്ള പിള്ളയും മകൻ ഗണേശുമാണു. നിരന്തരം കലഹിച്ചു കഴിയുന്ന അച്ഛനും മകനുംകൂടി പാർട്ടിയെ നിലനിർത്തിപ്പോരുന്നതിന്റെ രസതന്ത്രം മനസ്സിലാക്കാൻ ഇത്തിരി പ്രയാസമുണ്ട്.  കലഹം കാരണം ഒരു മന്ത്രിക്കസേര  ചോദിച്ചു വാങ്ങാനുള്ള  കഴിവ് പോലും നഷ്ടപ്പെടുത്തി, രണ്ടുപേരും കൂടി.  അവസാനം സ്പീക്കർ തിരഞ്ഞെടുപ്പിനു തലേ ദിവസം അച്ഛനും മകനും കൂടി ഭരണകക്ഷിയിൽ നിന്ന്  ത്രിശങ്കു സ്വർഗം ലക്ഷ്യമാക്കി  നടന്നിറങ്ങി. നിയമസഭയിൽ ഒരൊറ്റ സീറ്റുള്ള ഈ വമ്പൻ പ്രസ്ഥാനം ഒടുവിൽ എവിടെ ചെന്ന് ചേക്കേറുമെന്നു  കണ്ടറിയണം. ഇക്കൂട്ടത്തിൽ എല്ലാ കാലത്തും ഏറ്റവും കേമന്മാർ മാണിസാറും മോനും അടങ്ങുന്ന വലിയ "കേ.കോ" തന്നെ. അവർക്ക് രാജ്യത്തിന്റെ നിർവചനം തന്നെ പാലാ യും സമീപ പ്രദേശങ്ങളുമാണു. ഭൂമി കയ്യേറ്റം, വനം കൊള്ള തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്  കർഷകൻ എന്ന ഓമനപ്പേര് നൽകി പള്ളിയുടെ ഒത്താശയൊടെ വേണ്ട സൌകര്യങ്ങൾ ചെയ്തു കൊടുക്കലാണ് പാർട്ടിയുടെ പ്രധാന കർത്തവ്യം (വെറുതേയൊന്നുമല്ല  കെട്ടോ, ചെമ്പുകാശു  ഇമ്മിണിയാവും)  മാത്രമല്ല  പണത്തിന്റെ കാര്യത്തിൽ ഉദാത്തമായ മതേതരത്വം പാലിക്കുകയും ചെയ്യുന്നു.  അടുത്ത കാലത്തെ ബാർകോഴ വിവാദത്തിലും അതിന്റെ നടന്മാരിലും കാണാൻ കഴിഞ്ഞത് കറ കളഞ്ഞ മതേതരത്വമാണു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പല കാലത്തായി ചിതറിപ്പോയ ചിന്ന ചിന്ന സംഘങ്ങൾ വേറെയുമുണ്ട് : എം വി ആറിന്റെ  സി എം പി, ഗൌരി  അമ്മയുടെ ജാതിപ്പാർട്ടി, ഒഞ്ചിയത്തെ ആർ. എം പി  എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സംഘങ്ങൾ!!! മാത്രമോ, കൊല്ലത്ത് മാത്രമുള്ള ആർ.എസ്.പി., കോഴിക്കോട്ടെ കലപ്പയേന്തിയ ജനതാ ദൾ എന്നിങ്ങനെ നങ്കൂരമില്ലാത്ത നൌകകൾ പോലെ പാറിക്കിടക്കുന്ന രാഷ്ട്രീയ കക്ഷികൾ  വേറെയും. ഇവരോട് ഹാജിയാര് ചോദിച്ചതുപോലെ "ജ്ജ്  കോങ്ക്രസ്സോ  കമ്മൂണിസ്റ്റൊ?" എന്ന് ചോദിച്ചാൽ ഉത്തരം കിട്ടാൻ പ്രയാസമാണ്.   കാരണം ഇവർക്കു  പ്രത്യേകിച്ചു പ്രത്യയ ശാസ്ത്രങ്ങളൊന്നുമില്ല. എൽ ഡി എഫ് എങ്കിൽ എൽ ഡി എഫ്, യു ഡി എഫ് എങ്കിൽ അവർ. ആരാണ് സീറ്റ് തരുന്നതെന്ന് വെച്ചാൽ അവിടെ ചേരും.  ധനസമ്പാദനമായിരിക്കണം  പ്രധാന ലക്‌ഷ്യം.  അതിനു പഴഞ്ചൻ തത്വങ്ങൾ പറഞ്ഞാൽ കാര്യം നടക്കില്ല. ഇന്നത്തെ നിലയിൽ അവനവന്റെ മേഖലയിൽ അഴിമതി നടത്തി ധനികരാവുന്നതിനു വലിയ പ്രയാസമില്ല. ഇടയ്ക്ക് കാടിളക്കി വരുന്ന ഒറ്റയാന്മാരുണ്ടാവും, പി സി ജോർജിനെപ്പോലെ, സൂക്ഷിക്കണം. അവരുടെ വഴിയിൽ പോയി നിൽക്കരുത്, അതല്ലെങ്കിൽ  മയക്കു വെടിയ്ക്കുള്ള കോപ്പുകൾ കരുതണം.

എല്ലാ പാർട്ടിക്കാർക്കും അറിയാം മറ്റവർ എന്തൊക്കെ, എത്രയൊക്കെ അഴിമതി നടത്തുന്നുണ്ടെന്നു. പക്ഷെ ആരും മിണ്ടില്ല, കാരണം, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒരു തരം Laizzez faire  ഉടമ്പടിയാണ് അവർ തമ്മിൽ, ജനത്തെ കബളിപ്പിക്കുകയെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിൽ.  ബന്ദുകളും ധർണകളും സംഘടിപ്പിക്കുന്നത് പോലും അവർ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണു.  പ്രക്ഷോഭങ്ങൾ പരിപൂർണമാക്കിയെടുക്കാൻ പാർട്ടി അംഗങ്ങൾ വിചാരിച്ചാൽ നടക്കില്ല. അതിനു പ്രൊഫഷനൽ സംവിധാനങ്ങളുണ്ട്. കഴിഞ്ഞ കൊല്ലം തമിഴ്നാട്ടിൽ  ജാഥയിൽ പങ്കെടുക്കാൻ ഒരാൾക്ക്‌ കൂലി അഞ്ഞൂറ് രൂപയും ബിരിയാണിയും ആയിരുന്നു.  കോർപൊറേറ്റ് മേഖലയിൽ കാണുന്ന Outsourcing  നയം തന്നെയാണ് രാഷ്ട്രീയത്തിലും സ്വീകരിക്കുന്നത്.  എതിരാളികളെ വക വരുത്തുന്നതുപോലും പൊഫഷണൽ സംഘങ്ങളാണ്, പാർട്ടി നേതാക്കൾ ഗൂഢാലോചന നടത്തി, ഫണ്ട് ചെലവാക്കി ഇരയെ കാണിച്ചു കൊടുക്കുന്നതുവരെ കൂടെ നിൽക്കും. കേസു വന്നാൽ അതിന്റെ ചിലവും വഹിക്കും. തൂക്കുമരത്തിൽ കയറാനൊന്നും  അവരെ കിട്ടില്ല.  നമ്മുടെ ഈർക്കിൽ പാർട്ടികൾക്ക് പോലും ചുരുങ്ങിയ തോതിൽ Outsourcing  സംവിധാനങ്ങളില്ലെങ്കിൽ  പിടിച്ചു നിൽക്കാൻ പറ്റില്ല. ആം ആദ്മിയുടെ "അരാഷ്ട്രീയം" എന്ന പദം കൊണ്ടു  വിദഗ്ധൻ ഉദ്ദേശിച്ചത് അവർക്ക് ഈ വക സംവിധാനങ്ങൾ ഇല്ലെന്നും ഉടനെയൊന്നും ഉണ്ടാവില്ലെന്നുമാണു.

മാദ്ധ്യമങ്ങളുമായുള്ള കൂട്ടുകെട്ടും അവയുടെ മേലുള്ള നിയന്ത്രണവും പാർട്ടിയുടെ നിലനില്പ്പിന്നു അത്യാവശ്യമാണു.  നേരിനെ നുണയാക്കാനും മറിച്ചും ചെയ്യാനുള്ള അഭൗമമായ കഴിവാണ് പത്രങ്ങളെ രാഷ്ട്രീയ പാർട്ടികളുമായി അടുപ്പിക്കുന്നത്.  ഹിറ്റ്ലറുടെ അനുചരനായിരുന്ന ഗീബൽസ് ആണു ഈ കലയിൽ ഇവരുടെ ഗുരുനാഥൻ.  ഒരു നുണ പലതവണ ആവർത്തിച്ചാൽ അത് സത്യമായിത്തീരും  എന്ന തിയറിയുടെ  അടിസ്ഥാനത്തിലാണു അയാൾ നാസി ജർമനിയിൽ പുതിയ പുതിയ സത്യങ്ങൾ നിർമിച്ചെടുത്തത്.  ഈ പ്രവൃത്തിയിൽ മാദ്ധ്യമങ്ങൾക്കാണു മുഖ്യ പങ്ക്. രാഷ്ട്രീയക്കാർ വിത്തും വളവും കൊടുത്താൽ മതി.  ഈ നയത്തിന് നാട്ടിൽ വളക്കൂറുള്ള മണ്ണുണ്ടെന്നു ISRO ചാരക്കേസും എണ്ണമറ്റ പീഡനക്കേസുകളും തെളിയിച്ചു കഴിഞ്ഞു.  വാക്കുകളുടെ അർത്ഥം മാറ്റി നിരവധി തവണ പ്രയോഗിച്ച് പുതിയ അർത്ഥ തലങ്ങളിലേക്ക് കൊണ്ടു വരികയാണ് പത്രങ്ങളുടെ രീതി. അങ്ങനെ വന്ന ഒരു പ്രയോഗമാണ് "മതേതരൻ".  മതേതരത്വമെന്ന വാക്കിനർത്ഥം രാഷ്ട്രീയത്തിലും ഭരണത്തിലും മതം (religion എന്ന സങ്കുചിതമായ അർത്ഥത്തിൽ)  കയറിവരാൻ അനുവദിക്കാത്ത രീതി എന്നാണ്.  ഇന്ന് കണ്ടു വരുന്ന അർത്ഥം അനുസരിച്ചു  ഹൈന്ദവ വിശ്വാസി മത വാദിയും മറ്റുള്ളവരൊക്കെ മതേതരന്മാരും ആണു.  വിപ്ലവ പാർട്ടികളിലും മറ്റുമുള്ള ഹിന്ദുക്കളെ മതേതരന്മാരായി അംഗീകരിക്കുന്നത് അവർ ഹിന്ദുമതത്തെ തള്ളിപ്പറയുന്നതുകൊണ്ടാണുമറ്റു മതക്കാർക്ക് സ്വന്തം മതത്തെ തള്ളിപ്പറയേണ്ട  ആവശ്യമില്ല. അഞ്ചു നേരം നിസ്കരിച്ചാലും, കുമ്പസാരിച്ചാലും നിങ്ങൾ മതേതരൻ തന്നെ, പക്ഷെ നെറ്റിയിൽ ഒരു ചന്ദനക്കുറി യുണ്ടെങ്കിൽ അവൻ ഒരു മത മൗലിക വാദിയാണ്  

ബി ജെ പി യുടെ അഭൂതപൂർവമായ .വളർച്ചയും അതിൽ മറ്റു പാർട്ടികൾക്ക് വന്ന ഭയവുമാണ് ഈ വികല മതേതര സങ്കൽപത്തിനു കാരണംകേരളത്തിലെ ഹിന്ദുക്കൾ ഇതുവരെയായും ബി ജെ പി ക്ക് ഒരു സീറ്റ് പോലും കൊടുത്തിട്ടില്ല.  അവർ വോട്ടു ചെയ്യുന്നത് രാഷ്ട്രീയ നിലപാടുകൾ അനുസരിച്ചാണ്, അല്ലാതെ മതവിശ്വാസത്തിന്റെ പേരിലല്ല.  UDF LDF പാർട്ടികൾ സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥനത്തിലാണു. ഒരു മണ്ഡലത്തിൽ വോട്ട് ബാങ്ക് ആയി പ്രവർത്തിക്കുന്ന വിഭാഗത്തിൽ നിന്ന് തന്നെയായിരിക്കും ഇടതിന്റെയും വലതിന്റെയും സ്ഥാനാർഥികൾ. മുസ്ലിം ആണെങ്കിൽ രണ്ടും മുസ്ലിം, ലത്തീനണെങ്കിൽ രണ്ടും ലത്തീൻ എന്നിങ്ങനെ പോകും സ്ഥനാർഥി നിർണയം.  ഈകോമാളിക്കളിക്കു നമ്മൾ മതേതര ജനാധിപത്യമെന്നൊക്കെ പറഞ്ഞു ശീലിച്ചു.

ഇവർ നിയമസഭയിൽ പോയാൽ ജനത്തോടു കാണിക്കുന്ന പ്രതിബദ്ധത ബജറ്റ് അവതരണ വേളയിൽ നാം കണ്ടു കഴിഞ്ഞു.അഴിമതിയുടെ കൊടിമരം എന്ന് വിശേഷിപ്പിക്കപ്പെട്ട ധനമന്ത്രി, കൊടിമരം തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന് വാശി പിടിക്കുന്ന മുഖ്യൻ , സാങ്കേതികമായി ബജറ്റ്  അവതരിപ്പിച്ചു എന്ന് പറയുന്ന സ്പീക്കർ, ലങ്കാ ദഹനത്തിന് പോയ ഹനുമാനെപ്പോലെ പെരുമാറുന്ന എം.എൽ എ മാർ, പല്ലും നഖവും കൊണ്ട് അഭിപ്രായം പറയുന്ന മഹിളാ രത്നങ്ങൾ.  ഇവരുടെയെല്ലാം നിയമ നിർമാണ പാടവം കണ്ട് ഹർഷ പുളകിതരായിരിക്കുകയാണു  കേരള ജനതഅടുത്ത തിരഞ്ഞെടുപ്പിൽ ഇവരെത്തന്നെ വേണം നിയമസഭയിലേക്കയക്കാൻ.  വേറെ എന്തുണ്ട് വഴി??


NOTA  എന്ന ചെറിയൊരു കച്ചിത്തുരുമ്പ് മാത്രമേ നമ്മുടെ കയ്യിൽ ഉള്ളൂ.  നോട്ട യ്ക്ക്  ബാലറ്റ് പേപ്പറിൽ പല്ല് കൊഴിഞ്ഞ മുത്തശ്ശിയുടെ ശക്തിയേ ഉള്ളു.  വാസ്തവത്തിൽ നോട്ട യുടെ ഊർജ്വസ്വലമായ അവതാരമാണ് ആം ആദ്മി.  കോണ്‍ഗ്രസ്സിനേയും ബി ജെ പി യേയും വിപ്ലവക്കാരെയും മായാവതിയെയും സഹിച്ചു മടുത്ത ദൽഹി നിവാസികൾ എല്ലാവരേയും ഒരുമിച്ചു തോൽപ്പിക്കാൻ സ്വീകരിച്ച മാർഗമാണിത്.  ഇത് നമ്മുടെ സംസ്ഥാനത്ത് സ്വയം രൂപം കൊള്ളേണ്ടിയിരിക്കുന്നു. ദൽഹിയിലെ തൊപ്പിയും ഹൈക്കമാണ്ടുമൊന്നും ഇവിടെ നട്ടു വേര് പിടിപ്പിക്കാൻ പറ്റില്ല.  ആം ആദ്മി പാർട്ടിയുടെ ബ്രാഞ്ച് തുറന്നു കുറെ പേർ തൊപ്പിയിട്ടു നടന്നാൽ സംഭവിക്കുന്നതല്ല ഈ പരിണാമം.  ഇന്നുള്ള പാർട്ടികൾ നമുക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നതെന്ന തോന്നൽ സാധാരണക്കാർക്ക് വരണം, അത് രൂഢമൂലമായി ജനഹൃദയങ്ങളിലേക്കിറങ്ങണം.  നിയമസഭയുടെ  ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനം ഈ വികാരത്തിലേക്കുള്ള കൃത്യമായ ചൂണ്ടു പലകയാണ്.  അവിടെ ഹോമിക്കപ്പെട്ടത് കമ്പ്യൂട്ടറും കസേരകളുമല്ല, ജനങ്ങളോടുള്ള ആദരവും സാമാന്യ മര്യാദയും അച്ചടക്കവുമാണു, സർവോപരി തങ്ങൾ ജനപ്രതിനിധികളാണെന്ന വിനയവും പ്രതിബദ്ധതയും. ഈ ഹോമകുണ്ഡത്തിൽ നിന്ന്   സർവപ്രഹരണായുധനായി  ഉയിർത്തെഴുന്നേൽക്കുന്ന സാധരണക്കാരനാണു ആം ആദ്മി. അത് വെറുമൊരു  രാഷ്ട്രീയ  പാർട്ടിയല്ലമഹത്തായ ഒരു സംഹാരശക്തിയാണു.

Tuesday, March 03, 2015

Pitfalls and Traps of Loans




ക്രയശേഷി അഭിമാനത്തിന്റെ അടയാളമാകുമ്പോൾ
ഡോ. എം പി ചന്ദ്രശേഖരൻ (മുൻ ഡയരക്റ്റർ, എൻ ഐ ടി കാലികറ്റ് )

(27.2.2015 ലെ കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം)
"കടൻ പെട്ടാൻ നെഞ്ചം പോൽ കലങ്കിനാൻ ഇലങ്കൈ വേന്തൻ "  ശ്രീരാമനോടു യുദ്ധത്തിൽ തോറ്റു മടങ്ങേണ്ടി വന്ന രാവണനെ കമ്പരാമായണത്തിൽ വിവരിക്കുന്നതിങ്ങനെയാണു: "കടം വാങ്ങിയവന്റെ ഹൃദയം പോലെ കലങ്ങി ലങ്കാധിപൻ".  കടത്തിൽ പെടുന്നത് നമ്മുടെ പൂർവികർ യുദ്ധത്തിലെ തോൽവി പോലെ വിനാശകരമായ അനുഭവമായാണു കണ്ടിരുന്നത്.  ഇപ്പോഴും തമിഴ്നാട്ടിലെ  പാവപ്പെട്ടവർക്ക് കടമെന്നാൽ ഭയമാണ്, കാരണം അത് പറഞ്ഞ സമയത്ത് തിരികെ കൊടുക്കണം. എന്നാൽ ലോണ്‍ അങ്ങനെയല്ല, "ലോണ്‍ തിരുപ്പി കൊടുക്ക വേണ്ടാം സാർ".  അതുകൊണ്ട് ഇഷ്ടം പോലെ ലോണെടുക്കാം. ഗ്രാമീണരുടെ മനസ്സിൽ കുടികൊള്ളുന്ന ഈ വൈരുദ്ധ്യത്തിന്റെ ഉറവിടം എവിടെയാണുഅത് മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

കമ്മി ബജറ്റ്
മിതമായ വാക്കുകളിൽ പറഞ്ഞാൽ വരുമാനത്തിൽ കവിഞ്ഞുള്ള ചെലവാണ് കടമായി രൂപാന്തരപ്പെടുന്നത്.  "കമ്മി ബജറ്റ്" എന്ന ആശയം കേന്ദ്ര സർക്കാരിൽ നിന്ന് തുടങ്ങി   ദരിദ്ര ഗ്രാമീണ കുടുംബം വരെ എത്തുമ്പോൾ അത് ഓരോ വ്യക്തിയുടെയും കീശയിൽ വലിയൊരു ദ്വാരം വീണ അനുഭവമായി മാറുന്നു.  കാരണം കടം ആരും വെറുതെ തരില്ല, അതിനു പലിശയും പലിശക്കു പലിശയും കൊടുക്കണം. എത്ര കിട്ടിയാലും കീശയുടെ കീഴിലിരിക്കുന്ന രാക്ഷസൻ അത് വിഴുങ്ങിക്കൊണ്ടേയിരിക്കും. പണ്ടൊക്കെ അത്യാവശ്യത്തിനു വാങ്ങുന്ന കൈവായ്പകൾ ഏറ്റവും അടുത്ത അവസരത്തിൽ കൊടുത്തു തീർത്ത്‌ മുണ്ടു മുറുക്കിയുടുത്തു മുന്നോട്ടു പോവുകയായിരുന്നു പതിവ്. കൊടുക്കുന്നവനും വാങ്ങുന്നവനും ഏതാണ്ട് ഒരേ സാമ്പത്തിക നിലവരമുള്ളവരാകുമ്പോൾ ഇത്തരം കൊള്ളക്കൊടുക്കകൾ നിർബാധം നടത്താം, കടക്കെണിയുടെ ഭീഷണിയില്ലാതെ.  വിദുര വാക്യം ശ്രദ്ധിക്കുക: "സത്യവും വിവാഹവും വ്യവഹാരവും തനിക്കൊക്കും മട്ടാഭിജാത്യമുള്ളവരോടു വേണം" . അവരവരുടെ സാമ്പത്തിക നിലവാരം വിട്ടു വ്യവഹാരം ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉയരുന്നത്.  കടത്തോടും ധനത്തോടും നമുക്കുള്ള മനസികാവസ്ഥ വിദുരരുടെയും കമ്പരുടെയും കാലത്തിൽ നിന്നൊക്കെ വളരെയധികം മാറിപ്പോയി.  ഇനിയൊരു തിരിച്ചു പോക്ക് അസാദ്ധ്യമാണ്, കാരണം മാനുഷിക മൂല്യങ്ങളും അവയോടുള്ള വീക്ഷണവും കീഴ്മേൽ മറിഞ്ഞിരിക്കുന്നു.  അല്ലെങ്കിൽ, മുതലും അന്യായമായ പലിശയും കൂട്ടു പലിശയും ചേർത്തു മൂന്നിരട്ടി സംഖ്യ  പിരിച്ചു കഴിഞ്ഞിട്ടും  പണയവസ്തു സ്വന്തം  പേരിലാക്കുകയും  ഗൂണ്ടകളെ വിട്ടു കടക്കാരനെ തല്ലിയോടിക്കുകയും ചെയ്യുന്ന    സംഭവം ഏതു നാട്ടിൽ നടക്കും??

കൃഷിക്കാരന്റെ കടം
ആഗോള സമ്പദ് വ്യവസ്ഥ തന്നെ കടമെന്ന അച്ചുതണ്ടിൽ കിടന്നു തിരിയുന്ന ഇന്നത്തെ കാലത്ത് അതിൽ നിന്നും മാറി നിന്നാൽ പുരോഗതി തടസ്സപ്പെടുത്തലാവും ഫലം.   കൃഷി, കച്ചവടം, വ്യവസായം എന്നിവ ആരംഭിച്ച്  അഭിവൃദ്ധിപ്പെടുത്തണമെങ്കിൽ കടം കൂടിയേ തീരു എന്ന നില വന്നു കഴിഞ്ഞു.  ഇത് വേണ്ടെന്നു വെച്ചാൽ സംരംഭകൻ പിന്തള്ളപ്പെടും.  അതുകൊണ്ട് ആവശ്യത്തിലധികം കടം കൊള്ളുന്ന സ്വഭാവം പല കർഷകർക്കും വന്നു ചേർന്നു.  ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കാർഷിക കടം പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമായും രാസവളവും കീടനാശിനികളും വാങ്ങി കൃഷിസ്ഥലത്തെ അഭിഷേകം ചെയ്യുവാനാണ്.  പ്രത്യക്ഷത്തിൽ കർഷകനെ സഹായിക്കാനെന്നു  തോന്നുമെങ്കിലും, ഈ വക രാസവളങ്ങളും കീടനാശിനികളും ഉത്പാദിപ്പിക്കുന്ന വൻകിട കമ്പനികളുടെ വിപണന തന്ത്രം മാത്രമാണിത്.  ഇതിലടങ്ങിയിരിക്കുന്ന ചതി കാണാതിരുന്നു കൂടാ. ഒന്നോ രണ്ടോ തവണ രാസവളപ്രയോഗം നടത്തുന്നതോടെ മണ്ണിന്റെ നൈസർഗ്ഗിക ശേഷി കുറഞ്ഞു പോവുകയും പിന്നീടു വർദ്ധിച്ച അളവിൽ രാസവളം ചേർക്കാതെ കൃഷി അസദ്ധ്യമാവുകയും ചെയ്യുന്നു.  കീടനാശിനികളുടെ കഥയും തഥൈവ. കീടനാശിനി പ്രയോഗത്തോടെ പ്രകൃതി കൂടുതൽ  പ്രതിരോധ ശക്തി നല്കി കീടങ്ങളുടെ പുതിയ പതിപ്പുകൾ (Mutations)  ഇറക്കുന്നു.  ഉടൻ കൂടുതൽ രാസ പ്രയോഗം, കൂടുതൽ പണം, വർദ്ധിച്ച ലോണ്‍ സംഖ്യകൾ. ക്രമേണ കർഷകൻ പൂർവാധികം ദരിദ്രനായി മാറുന്നു.  മറ്റൊരു ഭീകരൻ വിത്തുകൾക്കുള്ള വായ്പയാണ്. മോണ്‍സാന്റൊ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികൾ അത്യുത്പാദന ശേഷിയുള്ള വിത്തുകൾ തരും. പക്ഷെ അടുത്ത വർഷം നമ്മുടെ  ധാന്യങ്ങളിൽ  നിന്ന് വിത്തുണ്ടാക്കാൻ  പറ്റില്ല, കാരണം  ഈ ധാന്യം നട്ടാൽ പൊടിക്കില്ല, അവ പ്രതുദ്പാദന ശേഷിയില്ലാത്ത ടെർമിനേറ്റർ   അഥവാ  "ഷണ്ഡ"  ധാന്യങ്ങളാണ്.   എല്ലാ വർഷവും വിത്തുകൾ വില കൊടുത്തു വാങ്ങണം.   ഈ കമ്പനികൾക്ക് അടിമപ്പെട്ട് കടത്തിൽ മുങ്ങി, നിസ്വനായി  അവസാനം  നിരാശനായി  "നെഞ്ചം കലങ്കി" ആത്മഹത്യക്കൊരുങ്ങുന്നു, പാവം കർഷകൻ, യുദ്ധത്തിൽ തോറ്റ പടയാളിയെപ്പോലെ.

ആഡംബരവും അനാവശ്യവും
ഉപഭോഗ സംസ്കാരം പൂർണ വളർച്ചയെത്തിയ നാടാണ് കേരളം. ഒരു സമൂഹം ആഡംബര വസ്തുക്കളും അനാവശ്യ സാധനങ്ങളും വാങ്ങിക്കൂട്ടുന്നത്  സാധാരണയായി ചെലവു കഴിഞ്ഞു നീക്കിയിരിപ്പ് (spare money ) ഉള്ളപ്പോൾ ആണെന്നത്രെ സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത്.  എന്നാൽ കേരളത്തിൽ അങ്ങനെയല്ല. അത്യാവശ്യങ്ങൾ നിർവഹിക്കാൻ കഴിവില്ലാത്തവരും ആഡംബര സാധനങ്ങൾ ഇഷ്ടം പോലെ വാങ്ങിക്കൂട്ടുന്നു. എളുപ്പം കിട്ടുന്ന ലോണുകളാണു ഇത്തരം സോപ്പ് കുമിളകളുടെ സ്രോതസ്സ്.  കൈയിൽ പണമില്ലാത്തവനെക്കൊണ്ടു കൂടി ഉപഭോഗ വസ്തുക്കൾ വാങ്ങിപ്പിക്കാനുള്ള വിപണന തന്ത്രങ്ങളുമായാണു  ഉദ്പാദകർ വിപണി കൈയടക്കിയിരിക്കുന്നത്അങ്ങനെയാണു  ഓരോ വസ്തുവിന്റേയും കൂടെ തവണ വ്യവസ്ഥകളൂം ലോണ്‍ സ്കീമുകളും ഇറങ്ങുന്നത്.  ഒരു ലോണിന്റെ  EMI  (Equated Monthly Instalment ) അടച്ചു തീരുമ്പോഴേക്കും വിലയുടെ രണ്ടോ മൂന്നോ ഇരട്ടി പണം കൊടുത്തു കഴിഞ്ഞിരിക്കും.  വാങ്ങിയ ആഡംബര വസ്തുവിന്റെ മൂല്യം പൂജ്യത്തിൽ എത്തിയിരിക്കും- വിറ്റാൽ വില കിട്ടാത്ത അവസ്ഥ.  അപ്പോഴാണ് എക്സ് ചെയ്ഞ്ച്  സ്കീമുകളുടെ വരവ്: നിങ്ങളുടെ പഴയ മിക്സിക്കു പകരം പുതിയതെടുത്തോളൂ. പുതിയതിന് പതിനായിരം രൂപ, പഴയതിന് അഞ്ഞൂറും. പഴയതിന് പകരം പുതിയത് എന്ന ഒരൊറ്റ ആശയം മതി, വീട്ടമ്മമാരെ കൂട്ടത്തോടെ കടയിലെത്തിക്കാൻ.  ഈ ലോണുകളിലെല്ലാം തന്നെ തവണകൾ മുടങ്ങിയാൽ പിഴ പലിശയും ചേർത്ത് അടവ് സംഖ്യ വർദ്ധിക്കുന്നു.  പണം തിരികെ കിട്ടിയില്ലെങ്കിൽ നിയമ വിരുദ്ധമായി ജപ്തി നടത്താനും മറ്റു മൂന്നാം മുറ പ്രയോഗങ്ങൾക്കുമുള്ള സംവിധാനങ്ങൾ പല ബാങ്കുകളും ബ്ലേഡ് കമ്പനികളെപ്പോലെ തയ്യാറാക്കി വെച്ചിട്ടുണ്ട്.  ഒരു കുടുംബത്തിൽ ഇത്തരം  രണ്ട് മൂന്നു ലോണുകളുണ്ടെങ്കിൽ കുട്ടികൾ പട്ടിണിയാവാൻ  വേറൊന്നും വേണ്ട.

വിവാഹധൂർത്ത്
കല്യാണം നടത്തി കടം പിടിച്ചവരാണ് മറ്റൊരു വിഭാഗം. അവനവന്റെ ഇപ്പോഴത്തെ  ധനസ്ഥിതി പരിഗണിക്കാതെ  "ന്റുപ്പുപ്പാക് ഒരാനേണ്ടാർന്നു"  എന്ന ഭാവത്തിൽ കിട്ടുന്നിടത്തു നിന്നൊക്കെ  കടം വാങ്ങി തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ ഉഴലുന്നവരാണു ഇക്കൂട്ടർ. ഈ പതനത്തിനു മലയാളിയുടെ മാനസികാവസ്ഥയെയല്ലാതെ മറ്റൊന്നിനെയും കുറ്റപ്പെടുത്താനാവില്ലഅയൽപക്കക്കാരൻ മകൾക്ക് 50 പവൻ കൊടുക്കുമ്പോൾ നമ്മൾ നൂറെങ്കിലും കൊടുക്കണ്ടെ? കല്യാണത്തിനും അതിനു തലേ ദിവസവും നടത്തുന്ന സദ്യകൾ പൊടിപൊടിക്കണ്ടേ? ഇതിനൊക്കെ കടം വേണമെങ്കിൽ ബ്ലേഡ് കമ്പനികളെത്തന്നെ ആശ്രയിക്കണം. അവസാനം കിടപ്പാടം അന്യാധീനമാകുന്നു. ഇത്തരം തുടർക്കഥകൾ നിത്യേനയെന്നോണം നമ്മുടെ ചുറ്റും നടക്കുന്നുണ്ട്.      .  ഈ  വിഭ്രാന്തിയിൽ നിന്ന് കര കയറാതിടത്തോളം മലയാളി സമൂഹത്തിനു രക്ഷയില്ല.

സ്വപ്നത്തിലെ ഭവനം
ഓരോ മലയാളിയുടേയും വർണ്ണാഭമായ സ്വപ്നങ്ങളാണു  സ്വന്തമായൊരു വീടും കാറുംആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ അവൻ തയ്യാറാണ്.  ഭവന നിർമാണ വായ്പയെടുക്കുന്നവർ വ്യക്തമായ കണക്കു കൂട്ടലോടെയാണു സാധാരണയായി മുന്നോട്ടു നീങ്ങുന്നത്.  സർക്കാരിന്റെ മേല്നോട്ടത്തിലും  സഹായത്തോടെയും  പ്രവർത്തിക്കുന്ന ഒരു മേഖലയാണിത്.  വസ്തുവിന്റെ ഈടിന്മേൽ മര്യാദ പലിശക്കു ആവശ്യമായ പണം കടം കിട്ടും.  ആദായനികുതി  ഇളവു തുടങ്ങിയ മറ്റു ആനുകൂല്യങ്ങളും ഉണ്ട്.  മാസ ശമ്പളക്കാർക്കുള്ള ഏറ്റവും വലിയ ആകർഷണം അടവ് തുക (EMI ) ക്ക് കാലാന്തരത്തിൽ വരുന്ന മൂല്യ ശോഷണമാണു.  തുടക്കത്തിൽ വലിയ സംഖ്യയാണെങ്കിൽ പോലും നാലഞ്ചു വർഷം കഴിയുമ്പോൾ അതൊരു ഭാരമാല്ലാതായി മാറും.  ബ്ലേഡ് കമ്പനികളും അമിത പലിശയും ആത്മഹത്യകളും ഈ മേഖലയിൽ പറഞ്ഞു കേൾക്കാറില്ല.  വായ്പയുടെ മൂല്യത്തിലുള്ള ഇടിവും സ്വന്തം ആസ്തിയുടെ മൂല്യ വർദ്ധനയും കണക്കാക്കിയാൽ  ഭാവന നിർമാണ വായ്പ എടുക്കുന്നവൻ തന്നെയാണു ബുദ്ധിശാലി എന്ന് മനസ്സിലാകും.  ഈ മേഖലയിൽ "ഇന്നത്തെ കടം നാളത്തെ ധനം" എന്ന അവസ്ഥയുള്ളതിനാൽ കടത്തെ ധനത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി കണക്കാക്കാവുന്നതാണ്.

കാറും ബൈക്കും
വാഹന വായ്പയാണ് കേരളീയന്റെ മറ്റൊരു പ്രധാന കടം. വാഹനം വാങ്ങുമ്പോൾ തന്നെ വായ്പയോടുകൂടി വാങ്ങാനുള്ള സൗകര്യം ഉത്പാദകർ വിവിധ ബാങ്കുകളിലൂടെ ഏർപ്പാട് ചെയ്യുന്നുണ്ട്. കോളേജിൽ ചേരുന്ന കുട്ടികൾക്ക് മോട്ടോർ സൈക്കിൾ വാങ്ങിക്കൊടുക്കുന്ന അച്ഛനമ്മമാരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു.  ഭവന വായ്പയും വാഹന വായ്പയും തമ്മിലുള്ള പ്രധാന വ്യത്യാസം ഭവനമെന്ന ആസ്തിയുടെ  മൂല്യം ക്രമേണ വർദ്ധിക്കുന്നു, വാഹനത്തിന്റെ  മൂല്യം അതിവേഗം ശോഷിക്കുന്നു എന്നതാണ്.  ശോഷിച്ചുവരുന്ന മൂല്യം എല്ലാ ഉപഭോഗ വസ്തുക്കളുടെയും നൈസർഗ്ഗിക സ്വഭാവമാണ്. അവക്കുവേണ്ടി കടം വാങ്ങുമ്പോൾ ആസ്തിയിൽ വർദ്ധന പ്രതീക്ഷിക്കരുത്.  കടം ഒരു ഭാരമായിത്തന്നെ അവശേഷിക്കും.  ഇവിടേയും അടവ് താമസിച്ചാൽ "വണ്ടി പിടിക്കുന്ന" പ്രൊഫഷനൽ ഗൂണ്ടാ സംഘങ്ങൾ ധാരാളമുണ്ട്.

കടവും ലോണും  വീണ്ടും
ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുവാനാണു കാര്യമായ വായ്പ ആവശ്യമായി വരുന്നത്.  സംരംഭത്തെ സുഗമമായി നടത്തിക്കൊണ്ടു പോകാനുള്ള ഈ സഹായം പലപ്പോഴും അജ്ഞത കൊണ്ടോ അലംഭാവം കൊണ്ടോ ഒരു  പാരയായി വന്നു ഭവിക്കാറുണ്ട്.  യന്ത്രങ്ങളും  മറ്റും വാങ്ങാനുള്ള ടേം ലോണ്‍, വർക്കിംഗ് കാപ്പിറ്റലിനുള്ള കാഷ് ക്രെഡിറ്റ് എന്നിങ്ങനെ രണ്ടു വകയായാണു ബാങ്കുകൾ കടം കൊടുക്കുന്നതു.  സംരംഭകന്റെ തെറ്റു കൊണ്ടും ബാങ്കിന്റെ കുറ്റം കൊണ്ടും വ്യവസായം രോഗഗ്രസ്തമാവാം.  കാരണമെന്തായാലും കേരളത്തിൽ പീഡിത വ്യവസായങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.  ചെറുകിട സംരംഭകരെ പലപ്പോഴും  കിടപ്പാടം വിൽക്കേണ്ടി വരുന്ന അവസ്ഥയിലേക്കു തള്ളിവിടുന്നു.  അതേ സമയം കോർപൊറേറ്റുകൾ വൻകിട വ്യവസായം തുടങ്ങി കോടിക്കണക്കിനു രൂപ കടം എടുത്ത് മുഴുവനും  കട്ടു മുടിച്ച് ധൂർത്തടിച്ച് പൊളിഞ്ഞുപോയാലും ആരും ജയിലിൽ പോകേണ്ടി വരില്ല ബാങ്കും സര്ക്കാരും കൂടി കടം മുഴുവൻ എഴുതി തള്ളിക്കോളും. വ്യവസായ സംരംഭകർക്ക് ഇതാ ഒരു ഗുണപാഠം: ഒരിക്കലും ചെറിയ സംഖ്യ കടമെടുക്കരുത്, തിരിച്ചടക്കേണ്ടി വരും. കോടിക്കണക്കിനു ലോണെടുത്താൽ "തിരുപ്പിക്കൊടുക്ക വേണ്ടാം". ഇപ്പോൾ മനസ്സിലായില്ലേ അണ്ണാച്ചി പറഞ്ഞതിന്റെ പൊരുൾ?

കടക്കെണി
ഇതൊക്കെയായിട്ടും  കേരളജനത എങ്ങനെ ഈയമ്പാറ്റകൾ പോലെ കടത്തിന്റെ  തീജ്വാലയിൽ പറന്നു കയറി പക്ഷം കരിഞ്ഞു വീഴുന്നു? അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാരിന്റെ ഒരു പഠനം  വെളിപ്പെടുത്തുന്നത് കേരളത്തിൽ ശരാശരി  ഒരു കുടുംബത്തിനു ആസ്തിയുടെ നാലര ഇരട്ടിയാണു കടം എന്നാണു.  ഈ ശരാശരി കണ്ടുപിടിച്ചിരിക്കുന്നത് കടം വാങ്ങാത്ത അമ്പത് ശതമാനം ആളുകളെക്കൂടി ചേർത്തിട്ടാണു. അതിന്നർഥം കടം  ഓരോരുത്തരുടേയും സ്വന്തം ആസ്തിയുടെ ഒൻപതിരട്ടി വരുമെന്നാണു.   ഇത് ദേശീയ ശരാശരിയുടെ എത്രയോ മേലെയാണ്. അതായത്, രാജ്യം മൊത്തത്തിൽ കടത്തിൽ മുങ്ങുന്നു, അക്കൂട്ടത്തിൽ മലയാളി കുറേക്കൂടി അഗാധമായ ചുഴിയിലേക്കും.  ഉള്ള കടത്തിൽ നിന്ന് മോചനം നേടി സന്തോഷമായിരിക്കാനല്ല ആളുകൾ ശ്രമിക്കുന്നത്, കടത്തിന്റെ, കൂടുതൽ ആഴമുള്ള കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങാനണു

കലിയുഗ നിയമങ്ങൾ

സമൂഹത്തിൽ ഇതിനു ധാരാളം പാർശ്വ ഫലങ്ങൾ കണ്ടു വരുന്നു.  വരുമാനത്തിൽ കവിഞ്ഞ ജീവിതരീതി ഒരു സ്വഭാവമായി മാറ്റിയാൽ പിന്നെ വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികൾ ആരായണം.  ന്യായമായി കിട്ടുന്ന വരുമാനം പോരാതെ വരുമ്പോൾ അന്യായ മാർഗ്ഗങ്ങൾ തേടുന്നത് സ്വാഭാവികം. സ്ഥിര വരുമാനമുള്ള സർക്കാരുദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് ഒരു ഉദാഹരണം മാത്രം.  സമൂഹത്തിന്റെ എല്ലാ തുറകളിലും അഴിമതിയെന്ന അർബ്ബുദരോഗത്തിന്റെ സാന്നിദ്ധ്യവും വളർച്ചയും ക്രമാതീതമായി വർദ്ധിക്കുന്നു.  കൈക്കൂലി വങ്ങുന്നവർക്കുമുണ്ട് ഗുണപാഠം: ഇരുപത്തഞ്ചു രൂപ കൈക്കൂലി വാങ്ങുന്ന ലൈൻ മാനെ നോട്ടിൽ പൊടി വിതറി വിജിലൻസുകാർ പിടിച്ചു ജയിലിൽ അടയ്ക്കും. ഇരുപതു കോടി ബാർ കോഴ വാങ്ങുന്ന മന്ത്രിയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല. അതാണു കലിയുഗത്തിലെ നിയമം.