Monday, October 06, 2014

മലയാളിയുടെ വേഷങ്ങൾ


മലയാളിയുടെ വേഷങ്ങൾ
(23.10.2014 ന്റെ മതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനം )

     അടുത്ത  കാലത്ത്  സാമാന്യം  നല്ല  ഒരു  ബോംബ്  പൊട്ടിച്ചത്  നമ്മുടെ  ഗാനഗന്ധർവൻ  യേശുദാസ്  ആണ് . അദ്ദേഹം  പറഞ്ഞു  പെണ്ണുന്ങൾ  ജീൻസു  ധരിച്ചു  നടക്കരുത്  എന്ന്. മറക്കേണ്ടുന്ന  ഭാഗങ്ങ്ങൾ മറച്ചു തന്നെ  നടക്കണം . അല്ലെങ്കിൽ  പുരുഷന്മാർക്കു  മറക്കാൻ  പ്രയാസമാണ്  (അവർക്ക് മറവി  കുറവാണല്ലോ ) . എന്തുകൊണ്ടോ  സ്ത്രീകൾ പർദ്ദയിട്ടു നടക്കണമെന്ന് അദ്ദേഹം  പറഞ്ഞില്ല  (ഉള്ളിലിരിപ്പ്  അതാണോ  എന്ന്  സംശയമുണ്ട് ). കേട്ടതു  പാതി  കേൾക്കാത്തതു പാതി, മഹിളാ  സംഘടനകൾ  രാഷ്ട്രീയം  മറന്ന്അരയും  തലയും  മുറുക്കി  ഉറുമി  വലിച്ചൂരി  ഓതിരം  കുത്തി  കടകം  മറിഞ്ഞു  ഗന്ധർവൻറെ നേർക്ക്‌  പാഞ്ഞടുത്തു . ഹുംഉണ്ണിയാർച്ചയുടെ  പിന്മുറക്കാരായ ഞങ്ങളോടാണോ  കളിക്കുന്നത്? മര്യാദക്കു  പാട്ടും  പാടി  നടന്നാൽ  പോരേ?? ഗന്ധർവനാണെന്നുവെച്ചു  പെണ്ണുങ്ങളെ  ഉപദേശിക്കാൻ  വരണ്ട. മദ്ധ്യസ്ഥന്മാർ പറഞ്ഞു  പാവം  ഗന്ധർവൻ  ജീൻസിന്റെ  കാര്യമല്ലേ  പറഞ്ഞുള്ളൂ  നിങ്ങൾ  ദയവായി  മറ്റൊന്നും  ധരിക്കരുത് .

  രംഗം  ചൂടു  പിടിച്ചു  വരുമ്പോഴാണ്  ഈയുള്ളവൻ  ചരിത്രപുസ്തകത്തിന്റെ  ഏടുകൾ  മറിച്ചു നോക്കിയത്. കേരളത്തിൽ  ഏതു  പുതിയ  വസ്ത്രധാരണ  രീതി  വന്നാലും  സമൂഹം  എതിർക്കും . 75-80 വർഷങ്ങൾക്കപ്പുറം കേരളീയർക്കു  വസ്ത്രം  ധരിക്കുന്ന  പതിവേ  ഇല്ലായിരുന്നു . പുരുഷന്മാർക്കു ഒരു  ഒറ്റമുണ്ടും  കോണകവും  (മലബാറിൽ  എടപ്പാൾ  കൈക്കോണകവും, തിരുവിതാംകുറിൽ അമ്പലപ്പുഴ  കോണകവും  ആയിരുന്നു  പ്രസിദ്ധം. അതിന്റെ  വ്യത്യാസം  പിന്നീടു  പറയാം). പുറത്തിറങ്ങുമ്പോൾ  ഒരു  രണ്ടാം  മുണ്ടും  പേനക്കത്തിയും, കഴിഞ്ഞു  വേഷവിധാനങ്ങൾ . സ്ത്രീകൾക്ക്ഒന്നരയും  മുണ്ടും. വേണമെങ്കിലൊരു  പുതപ്പ്  ആവാം, പക്ഷെ  അമ്പലത്തിൽ  പോകുമ്പോൾ  മാറ്  മറക്കാൻ  പാടില്ല. അതാണു  നിയമം. അന്നത്തെ  കാലത്ത്  പുരുഷന്മാർ അവരെ  കണ്ടു  വെകിളി  പിടിച്ചതായും  കേറി  പിടിച്ചതായും  പറഞ്ഞു  കേട്ടിട്ടില്ല.

    അഞ്ചാംക്ലാസ്സിൽ  പഠിച്ചുകൊണ്ടിരുന്ന  എന്റെ  അമ്മ  സ്കൂൾ  വിട്ടു  വരുമ്പോൾ  ബ്ലൗസിട്ടു  വീട്ടിലേക്കു  കയറുന്നത്  കണ്ട  വലിയ  കാരണവർ  ഏതാണൊരു  ഉമ്മക്കുട്ടി  അകത്തേക്കു  കയറിയതെന്ന്  അന്വേഷിച്ചു . കാരണം  അന്നൊക്കെ  ഉമ്മക്കുട്ടികൾ  മാത്രമേ  മേൽ വസ്ത്രം  ധരിക്കാറുള്ളു  . വലിയമ്മായിയുടെ  നർമവും  കൗശലവും  കാരണം  പ്രശ്നങ്ങൾ  ഒഴിവായിക്കിട്ടി  എന്ന്  അമ്മ  പറയുന്നത്  കേട്ടിട്ടുണ്ട് . സംഭവം  1926-27 കാലത്ത്  നടന്നതാവും. ഋതുമതികളായ പെണ്കുട്ടികൾക്ക് "ഒന്നര"   നിർബന്ധമായിരുന്നു, പ്രത്യേകിച്ചും  വടക്കെ  മലബാറിൽ. ഇതിനൊരു  കാരണം  പെണ്കുട്ടികളും  ഒരു  കാലത്ത്  കളരിപ്പയറ്റ്  അഭ്യസിച്ചിരുന്നു  എന്നതാണു. (ഇന്നത്തെ  കാലത്താണ്  സ്വയരക്ഷക്കു  കൂടുതൽ  പ്രസക്തി  എന്ന്  തോന്നുന്നു . ഒന്നരയുടെ  ഒരു  പുതിയ  പതിപ്പ്  സ്വയരക്ഷക്കുവേണ്ടി  തിരികെ  കൊണ്ടുവരുന്നതിൽ  തെറ്റില്ല ) ഈയിടെ  ഒരു  സിനിമാ  നടി  പറയുന്നത്  കേട്ടു, എം. ടി  യുടെ  പടത്തിൽ  അഭിനയിക്കാൻ ഒന്നരയുടുക്കൽ എന്നൊരു പരിപാടിയുണ്ട്, അതൊരു  മഹാ  സംഭവമാണ്. ഇന്നത്തെ  തലമുറ  ഒന്നരയെ  പൂർണ്ണമായും  തിരസ്കരിച്ചതായി  തോന്നുന്നു.

  സ്വാതന്ത്ര്യലബ്ധിയോടുകൂടി സ്ത്രികൾക്ക് മേൽ  വസ്ത്രം  സർവ്വസാധരണമായതോടെ  "ഒന്നരയും  മുണ്ടും  ബ്ലൗസും  കേരളസ്ത്രീയുടെ  വസ്ത്രമായി  സ്വീകരിക്കപ്പെട്ടൂ. പുറത്തിറങ്ങുമ്പോൾ  ഒരു  വേഷ്ടി  കൂടി  വന്നതോടെ  പുളിയിലക്കര  മുണ്ടും  കസവു  മുണ്ടും  പല  നിറങ്ങളിലും  ഇറങ്ങി. ഒന്നരയും  മുണ്ടും  നേര്യതും  എവിടേയും  ധരിക്കാവുന്ന  കേരളപ്പെരുമയുടെ  വസ്ത്രമായി  മാറി. വിളക്കിനു  ചുറ്റും  തിരുവാതിരക്കളി  കളിക്കുമ്പോൾ  അവർ  പ്രധാനമായും  പൃഷ്ടമാണു  പ്രദർശിപ്പിക്കുന്നത് . അതിലാർക്കും എതിർപ്പുള്ളതായി പറഞ്ഞുകേട്ടിട്ടില്ല . ഗാനഗന്ധർവൻ ധാരാളം  തിരുവാതിരക്കളി  കാണാരുണ്ടെന്നാണു എന്റെ  വിശ്വാസം . മാറ്  മറക്കാതെ  നടന്നിരുന്ന  നമ്മുടെ  മുത്തശ്ശിമാരുടെ  കിടാങ്ങൾ  റൗക്കയും  ബ്ലൗസും  ധരിച്ചു  തുടങ്ങിയപ്പോൾ  അവരുടെ  വയറു  കാണുന്നു , പൊക്കിൾ  കാണുന്നു  എന്നൊക്കെ  പറയുന്നത്  കേവലം  ബാലിശമാണു, ചരിത്രത്തിന്റെ  നിഷേധമാണ്.

    പുരുഷന്മാരുടെ  കാര്യം  അതിലേറെ  രസകരമാണ്. കഷണ്ടിയും  കഞ്ഞി  പിഴിഞ്ഞ  മുണ്ടും, വെടിക്കല, കുംഭ, പുറത്തു  രോമം. ഇത്രയുമായാൽ  തറവാടിത്തം  തുളുമ്പുന്ന  മലയാളി  കാരണവരായി. കോണകവും  പേനാക്കത്തിയും  കുടുമയും  ഉണ്ടെങ്കിൽ  വേഷം  പെർഫെക്റ്റ്‌. ഷർട്ട് ധരിച്ചിരുന്നത് വക്കീലന്മാരും മറുനാട്ടിൽ  ജോലിക്കു  പോയിരുന്നവരും  മാത്രം. കാലം  കഴിഞ്ഞതോടെ  രാഷ്ട്രീയക്കാർ  എന്നൊരു  വർഗ്ഗത്തെ ജുബ്ബയും  മുണ്ടും  രശീതി  പുസ്തകങ്ങളുമായി  നാട്ടിലുടനീളം  കണ്ടു  തുടങ്ങി . പാർട്ടി ഭേദമെന്യേ  അവർ  പ്രചരിപ്പിക്കുന്ന  ഒരേയൊരു  സന്ദേശം  പാന്റിട്ടവൻ  ബൂർഷ്വയും മുണ്ടുടുത്തവൻ  ജനകീയനും  എന്നത്രെ. പണ്ടൊക്കെ  ഖാദർ  മുണ്ടും  ജുബ്ബയുമിട്ടാൽ  കോങ്ക്രസ്സ്, കൊമ്പൻ മീശ  മുകളിലോട്ടു  പിരിച്ചാൽ  കമ്യൂണിസ്റ്റ്, കീഴോട്ടു  പിരിച്ചാൽ  ആർഎസ്പി, കട്ടി   മീശയും  മുറിക്കയ്യൻ ഷർട്ടുമിട്ടാൽ  കേരളാ  കോങ്ക്രസ്സ്, മുടി  നീട്ടി  വളർത്തിയാൽ  പന്നിയൻ രവീന്ദ്രൻ എന്നിങ്ങനെ  പാർട്ടി  ചിൻഹങ്ങളായും  വേഷവിധാനങ്ങളെ  ഉപയോഗിക്കാമെന്നു  വന്നു . നമുക്കെല്ലാം  പ്രിയങ്കരനായ  ശശി  തരൂർ ജീവിതകാലം  മുഴുവനും  സായിപ്പിന്റെ  വേഷത്തിൽ  നടക്കുകയും  എഴുതുകയും  ചിന്തിക്കുകയും  ശ്വസിക്കുകയും  ചെയ്തെങ്കിലും  രഷ്ട്രീയത്തിൽ  വന്നപ്പോൾ  പാൻറ് ഉപേക്ഷിച്ചു. പാന്റിന്റെ  ആവശ്യം  കൂടി  നിർവഹിക്കുന്ന നെടുനീളൻ ജുബ്ബയും  കഴുത്തിലൂടെ  പാമ്പുപോലെ  ഇറങ്ങിക്കിടക്കുന്ന  അങ്കവസ്ത്രവുമാണദ്ദേഹത്തിന്റെ  വേഷം. തിരുവനന്തപുരത്തുകാരെ  മുഴുവൻ  കുപ്പിയിലാക്കിയില്ലേ, ഇനിയെന്ത്  വേണം? അതാണു  വസ്ത്രധാരണത്തിന്റെ  രാഷ്ട്രീയം

    രവിവർമ്മ ചിത്രങ്ങളിലെ  പുരാണ  കഥാപാത്രങ്ങളായ  ദമയന്തി, ശകുന്തള, അനസൂയ, പ്രിയംവദ  തുടങ്ങിയവരും ദേവതകളായ  പാർവതി സരസ്വതി  ലക്ഷ്മി  എന്നിവരും  കേരള  വസ്ത്രങ്ങളല്ല  ധരിച്ചിരുന്നത്. ചിത്രകാരന്റെ  മോഡലുകൾ മഹാരാഷ്ട്ര സ്ത്രീകളയിരുന്നുവെന്നു  കേട്ടിട്ടുണ്ട്. അതവരുടെ  താർപാച്ചി സാരികൾ കണ്ടാലറിയാം. കേരള  വനിതകൾ  സാരി  ഉടുത്തുതുടങ്ങിയിട്ട് അധികകാലമായിട്ടില്ല. സാരിയും പാവാട-ധാവണിയും  തമിഴ്നാട്ടിൽ നിന്ന് വന്നതാണു. കേരളീയർ ഇവ രണ്ടുകൈയും നീട്ടി  സ്വീകരിക്കുകയും ചെയ്തു, എതിർപ്പില്ലാതെ. അമ്പലങ്ങളിൽ മാറു മറക്കാതെ പോയവർ സർവ്വലങ്കാരവിഭൂഷിത ഗാത്രികളായി  വേണം  തൊഴാൻ  എന്ന നിയമവും  വന്നു. അമ്പലങ്ങളിൽ  പുതിയ നിയമം  പുരുഷന്മാർ അർദ്ധനഗ്നരായിത്തന്നെ തുടരണമെന്നാണു

  അങ്ങനെയിരിക്കെ  1985 ഓടെ  "പഞ്ചാബി" എന്ന അപരനാമാധേയത്തോടുകുടി സാൽവാർ കമീസ്  അവതരിച്ചു. ആദ്യകാലത്ത്  ആളുകൾ നെറ്റി ചുളിച്ചെങ്കിലും  അത്  കാട്ടുതീ  പോലെ  പെണ്കുട്ടികൾക്കിടയിൽ  പടർന്നു. യാത്ര  ചെയ്യാനും  മറ്റുമുള്ള  സൗകര്യം  കാരണം  ക്രമേണ  അമ്മമാരും  മദ്ധ്യവയസ്കകളും  ഇതുപയോഗിച്ചു  തുടങ്ങി. കോളേജുകളിൽനിന്നു  സാരി  പൂർണമായും  അപ്രത്യക്ഷമായി. സർക്കാരിന്റെ  വാശി  കാരണം  ടീച്ചർമാർ  സാരി  ഉടുക്കുന്നെന്നു  മാത്രം. നിബന്ധന  കൂടി  നീക്കുന്നതോടെ  സാരി  കല്യാണപ്പന്തലിലും  അമ്പലങ്ങളിലുമായി  ചുരുങ്ങുമെന്നു  വേണം  കരുതാൻ.

    പെണ്കുട്ടികൾ  ധാരാളമായി    ടി  കമ്പനികളിലും  വിദേശത്തും  ജോലി  ചെയ്യാൻ  തുടങ്ങിയതോടെ  അവർക്ക് സ്കൂട്ടറിലും മോട്ടോർസൈക്കിളിലും  യാത്ര  ചെയ്യേണ്ടി  വരുന്നു. സാരിയും  ദുപ്പട്ടയും  മറ്റും  വളരെ  അപകടകാരികളാണ്. അപ്പോൾ  പറ്റിയ  വേഷം  ജീൻസും  ടോപ്പും  തന്നെ. ഇതിനെ എതിർക്കാൻ  എന്ത് കാരണമാണുള്ളതെന്നു  മനസ്സിലാകുന്നില്ല. മാറ്  മറക്കാതെ തൊഴുമ്പോഴും  പൃഷ്ടം കാട്ടി  തിരുവാതിര  കളിക്കുമ്പോഴും  ഇല്ലാത്ത  ലൈംഗികത  ജീൻസിൽ  എവിടെനിന്നു  വന്നു? നാം  കണ്ടു  പരിചയിട്ടുള്ളതെല്ലാം  ശരിയും മറ്റെല്ലാം തെറ്റും എന്ന  സങ്കല്പത്തിൽ  നിന്നാണു  ഇത്തരം  അഭിപ്രായങ്ങൾ  രൂപം  കൊള്ളുന്നത്. വസ്ത്രധാരണരീതി  കാലത്തിനും, കാലാവസ്ഥക്കും ജോലി  സൌകര്യത്തിനും  അനുസരിച്ചു  മാറിക്കൊണ്ടിരിക്കും. അതിൽ  അമര്ഷം  കൊള്ളുന്നതിനു യാതൊരു  നീതീകരണവുമില്ല. പുരുഷന്മാർക്കും  സ്ത്രീകൾക്കും ഒരേ  ജോലി  ചെയ്യാൻ  അവസരമുള്ള  നാട്ടിൽ  അവർക്ക് എന്തുകൊണ്ട്  ഒരേ  വസ്ത്രം  ധരിച്ചുകൂടാ ?? സത്രീകൾ തെങ്ങിൽ  കയറുന്ന  കാലം  വരുമെന്ന്  പത്തു  കൊല്ലം  മുന്പ്  ആരെങ്കിലും  കരുതിയോ? ഒരു  വസ്ത്രധാരണരീതിക്കും  സ്ഥിരതയില്ല, സ്ഥിരത  ആവശ്യവുമില്ല


    അവസാനമായി , സ്ത്രീകളുടെ  നേർക്കുള്ള ആക്രമണങ്ങളെ  അവരുടെ  വസ്ത്ര  ധാരണവുമായി  ബന്ധിപ്പിച്ചു  സംസാരിക്കുന്നത്  കേൾക്കാം. നമ്മുടെ  നാട്ടിൽ  നടന്നിട്ടുള്ള  എല്ലാ  ബലാത്സംഗങ്ങളും  പീഡനങ്ങളും  മാന്യമായി  വസ്ത്രധാരണം  ചെയ്ത  സ്ത്രീകളുടെ  നേര്ക്കാന്  നടന്നിട്ടുള്ളത്. അപ്പോൾ  ഇത്  തമ്മിൽ  എന്താണു  ബന്ധം?? ലോകത്തെവിടെയും  സഞ്ചരിക്കാനും  ആരുമായും  ഇടപഴകാനും  കഴിവുള്ള  നമ്മുടെ  കുട്ടികൾ  അവർക്ക്  സൗകര്യമുള്ള  വസ്ത്രം  ധരിക്കട്ടെ. രംഗമൊഴിയാൻ  പോകുന്ന  തലമുറ  സ്വന്തം  നിർബന്ധന്ങ്ങൾ  അടിച്ചേൽപ്പിക്കരുത് .




1 comment:

Prof.Mohandas K P said...

Sorry we can't read anything!