ശ്രേഷ്ഠ ഭാഷയുടെ വൈകൃതങ്ങളും
വിധേയത്വവും
(2014 നവംബർ 29 നു മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനം)
മലയാളം ശ്രേഷ്ഠ ഭാഷയായെന്നു കേട്ടപ്പോൾ മേലാകെ കോരിത്തരിച്ചു പോയി. കേരളജനത മുഴുവനും രോമാഞ്ചപുളകിതരാവുന്നത് ചാനലുകളും പത്രങ്ങളും നിർലോഭം ആഘോഷിച്ചു. ഈയുളളവൻ ഇതുപോലൊരു രോമഹർഷം അനുഭവിച്ചത് നാളികേരം എണ്ണക്കുരുവായി എന്നറിഞ്ഞപ്പോഴാണ്. അന്ന് അടുക്കളയിൽ പോയി ചിരകി വെച്ച നാളികേരവും ചിരകാത്ത ഒരു മുറി തേങ്ങയും പലകുറി നോക്കി ആസ്വദിച്ചുകൊണ്ടിരുന്നു. പതിവില്ലാതെ അടുക്കളയിൽ ചുറ്റിപ്പറ്റി നിന്നപ്പോൾ ഭാര്യയുടെ പാലക്കാടൻ മലയാളത്തിൽ ഒരശരീരി കേട്ടു: "നിങ്ങളെന്താമ്പേ തേങ്ങാ മുറിയും കൊണ്ടു കളിക്കണെ, കുട്ട്യോളെപ്പോലെ?". ഒന്നുമില്ല, ഇന്നലെവരെ ചമ്മന്തിയുടെയും പുട്ടിന്റെയും അസംസ്കൃത വസ്തുവായിരുന്ന നിന്റെ തേങ്ങയിതാ എണ്ണക്കുരുവായിരിക്കുന്നു. അതിനു പിറുപിറുപ്പ് രൂപത്തിൽ കിട്ടിയ മറുപടി ശ്രദ്ധിക്കാതെ ഞാൻ അടുക്കള വിട്ടു.
നാളികേരത്തിന്റെ പരിണാമവും ഭാഷയുടെ പരിവർത്തനവും സംഭവിച്ചത് ഓരോ സർക്കാർ ഉത്തരവ് (G.O എന്നാണതിന്റെ സാങ്കേതിക പദം) വഴിയാണു. ജി ഓ കിട്ടിയാൽ ആദ്യം അന്വേഷിക്കേണ്ടത് അതിനു മുൻകാല പ്രാബല്യം ഉണ്ടോ എന്നാണ്. അറിവുള്ളവർ പറഞ്ഞു, എണ്ണക്കുരുവിനു മുൻകാല പ്രാബല്യം കിട്ടിയതുകൊണ്ടു കേരളത്തിനു സാമ്പത്തിക നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല, വിട്ടേക്ക്. എന്നാൽ ഭാഷയുടെ സ്ഥിതി അതല്ല. മുൻകാല പ്രാബല്യമില്ലെങ്കിൽ എഴുത്തച്ഛൻ മുതൽ ഓ എൻ വി വരെയുള്ളവരുടെ കാവ്യങ്ങളെല്ലാം നികൃഷ്ട ഭാഷയിലും നാളെ എന്നെപ്പോലുള്ള പൊട്ടക്കവികൾ എഴുതാൻ പോകുന്ന "മൊഞ്ചത്തിപ്പെണ്ണേ പഞ്ചാരേ നിന്റെ നെഞ്ചത്തു ഞാനൊന്നു തൊട്ടോട്ടെ?" എന്നിങ്ങനെയുള്ള സിനിമാ ഗാനങ്ങളും മറ്റും ശ്രേഷ്ഠവും ആയിത്തീരാൻ ചാൻസുണ്ടു. സാരമില്ല, ഓരോ ജി ഓ ഇറങ്ങുമ്പോഴും ഇത്തരം അനോമലികൾ പതിവാണ്. അത് നീക്കാൻ പുതിയ ജി ഓ ഇറക്കിയാൽ മതി. ജി ഓ ഇറക്കാൻ കവികൾക്കും സാഹിത്യകാരന്മാർക്കും പറ്റില്ലെങ്കിലും സെക്രട്ടരിയറ്റിലെ പതിനൊന്ന് അക്ഷൌഹിണി ഗുമസ്ത സൈന്യവും അവരുടെ പടനായകന്മാരും വിചാരിച്ചാൽ എളുപ്പം സാധിക്കുന്നതേയുള്ളു. ഒന്നിന് പിറകെ ഒന്നായി പലപല ജി ഓ കൾ ഇറങ്ങുന്നതോടെ ആദ്യത്തെ ജി ഓ നിഷ്പ്രഭമായി ഉമിക്കരി പൊതിയാനുള്ള കടലാസായി മാറുമെന്നു മാത്രം.
ശ്രേഷ്ഠ ഭാഷയുടെ വിവരങ്ങൾ നേരിട്ടറിയാനുള്ള ഉത്സാഹത്തോടെ ഒരു മലയാളം ചാനൽ തുറന്നു. കേട്ട വാർത്ത ദൽഹിയിൽനിന്നു ഇക്ഷ്വാകു വംശത്തിൽ പിറന്ന ഒരു രാജകുമാരന്റെ വകയാണ്: "പച്ചിമ ബങ്കാളിൽ നിച്ചയിച്ച പ്രകാരം...." എന്തോ നടക്കുകയാണ്.....കേട്ടപ്പോൾ ഓക്കാനം വന്നു. ഇക്ഷ്വാകു വംശ കുമാരനെ തഴഞ്ഞു വേറൊരു ചാനൽ തുറന്നപ്പോൾ അവിടെ "പാച്ഛാത്യ രാജ്യങ്ങൾക്കു വന്ന പച്ഛാത്താപമാണു " വിഷയം. ഹോ, കഷ്ടം!! ഇനി മലയാളം ഉച്ചാരണം കേൾക്കണമെങ്കിൽ ഭൂമാനന്ദ സ്വാമിയുടെ മുക്തി സുധാകരം മാത്രമേ രക്ഷയുള്ളു. അതാണെങ്കിൽ കാലത്ത് ആറേമുക്കാലിനു തീരുകയും ചെയ്യും. ഈ ചാനലുകളിൽ മലയാളം സംസാരിക്കുന്ന ചെറുപ്പക്കാർക്ക് ഭാഷ കൃത്യമായി ഉച്ചരിക്കാൻ ഒരാഴ്ചത്തെ കോഴ്സെങ്കിലും എർപ്പെടുത്തിക്കൂടെ? ചാനലുകൾ പരസ്യം വഴി ധാരാളം പണം കൊയ്യുന്നില്ലേ? മലയാള ഉച്ചാരണം ഉപജീവന്മാക്കിയിരുക്കുന്നവർ ഭാഷയോട് ഈ ക്രൂരത ചെയ്യുന്നത് ശരിയാണോ ??
അക്ഷരമാലയും ഉച്ചാരണവും ശരിയായി പഠിക്കാത്തതാണു പ്രശ്നത്തിന്റെ തുടക്കം. ഒരു ഇംഗ്ലീഷ് മീഡിയം ടീച്ചർ പറഞ്ഞു, " ഹോ, ഈ മലയാളത്തിൽ എന്തുമാത്രം "ഡ" യാണ് !! എതു ഡ എവിടെ എഴുതണം?? കുട്ടികൾക്ക് വളരെ പ്രയാസമാണ്." വിശദമായി ചോദിച്ചപ്പോൾ അവർ പറഞ്ഞു, ഡ-കുഡ (ട), ഡ-പാഡം (ഠ), ഡ-ഗരുഡൻ(ശരി), ഡ-ഡക്ക (ഢ) എന്നിങ്ങനെ നാല് ഡ പഠിക്കണം. ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നീ ക്രമത്തിൽ കണ്ഠ്യം (ക, ഖ, ഗ, ഘ, ങ ), താലവ്യം (ച, ഛ, ജ, ഝ, ഞ), മുർധ്വം (ട, ഠ, ഡ, ഢ, ണ), ദന്ത്യം (ത, ഥ, ദ, ധ, ന), ഓഷ്ട്യം (പ, ഫ, ബ, ഭ, മ ) എന്നിങ്ങനെ കൃത്യമായി ഉച്ചാരണം പഠിപ്പിക്കുന്നതിനു പകരം കയിക്ക ഗയിഗ്ഗ ങ, ചയിച്ച ജയിജ്ജ ഞ, ടയിട്ട ഡയിഡ്ഡ ണ, എന്നിങ്ങനെ അക്ഷരവും ഉച്ചാരണവുമായി ബന്ധമില്ലതെയാണുപോലും ചില തെക്കൻ ജില്ലകളിൽ അക്ഷരമാല പഠിപ്പിക്കുന്നതു. ഉദാഹരണത്തിനു "ഠ" എന്ന അക്ഷരം ഉച്ചരിക്കുന്നത് "ഇട്ട" എന്നാണ്. "ഭ" എന്നത് "ഇബ്ബ" എന്നും. വെറുതെയല്ല കുട്ടികൾ മലയാളം പ്രയാസം കൂടിയ വിഷയമാണെന്നു പറയുന്നത്. വടക്കൻ കേരളത്തിൽ അതിഖര, ഘോഷ ശബ്ദങ്ങൾ ഒഴിവാക്കി ഖര, മൃദു ശബ്ദങ്ങൾ കൊണ്ടു കാര്യം കഴിക്കുകയാണ് പതിവ്. (ഉദാ: ബാര്യ, ബർത്താവ്, നകം, മുഗം എന്നിങ്ങനെ) തെക്കൻ കേരളത്തിൽ ഒന്നുകൂടി പരിഷ്കരിച്ചു “ഭ” ഇംഗ്ലിഷിലെ Fa പോലെ ഉച്ചരിച്ച് ഫാരതത്തിന്റെ ഫാവി ഫാസുരമാക്കാൻ പ്രയത്നിക്കുന്നു. കോഴ കൊടുത്തു ജോലി സംഘടിപ്പിച്ച അദ്ധ്യാ -പഹയന്മാർക്കും (പഹച്ചികൾക്കും) ഇതൊന്നും പ്രശ്നമല്ല. വിദ്യാഭ്യാസ വകുപ്പിനാകട്ടെ മണിപ്രവാള ശാഖയിലോ ഉച്ചാരണ ശുദ്ധിയിലോ താല്പര്യമില്ല, അവർക്കു വേണ്ടതു പച്ച മലയാളം മാത്രം. "ഉച്ചാരണമെന്തായാലും ഭാഷ പച്ചയായാൽ മതി" എന്ന ഗുരുവചനത്തിൽ അവർ ഉറച്ചു വിശ്വസിക്കുന്നു.
പണ്ടൊക്കെ അച്ചടി ഭാഷയിൽ സംസാരിക്കുന്നെന്നു പറഞ്ഞാൽ ഗ്രാമ്യ ഭാഷയുടെ കലർപ്പില്ലാതെ ശുദ്ധമായ മലയാളം പറയുന്നു എന്നായിരുന്നു അർത്ഥം. ഇപ്പോൾ അച്ചടി ഭാഷയുടെ മേന്മയൊക്കെ പോയി. പത്രങ്ങളിൽ കാണുന്നതു ചാനലിനേക്കാൾ വികലമായ ഭാഷയാണ്. ഒന്നാമതായി പത്രങ്ങളിൽ വരുന്ന മലയാളത്തിൽ ഇപ്പോൾ കേവല ഭൂതകാലമില്ലാതായിരിക്കുന്നു. വന്നു, പോയി എന്നൊന്നും പത്രത്തിൽ കാണില്ല. വരികയായിരുന്നു, പോവുകയായിരുന്നു എന്നിങ്ങനെയാണ് അച്ചടി ഭാഷ. പത്രക്കാർ "പോലിസ് കള്ളനെ പിടിച്ചു മർദിച്ചു" എന്ന് പറയാറില്ല. "പോലിസ് കള്ളനെ പിടിക്കുകയും മർദിക്കുകയും ആയിരുന്നു" എന്നാണ് പത്രഭാഷ.. അരോചകമായ ഈ പ്രയോഗത്തിന്റെ ഉറവിടം തേടി ചെന്നപ്പോൾ തൊടുപുഴ, കോട്ടയം ഭാഗങ്ങളിലുള്ള ഗ്രാമ്യ ഭാഷയാണ് ഈ പ്രയോഗത്തിന്നാധാരം എന്ന് പിടി കിട്ടി. നെറ്റിയിൽ പ്ലാസ്റ്റെറൊട്ടിച്ച കുട്ടിയുടെ അമ്മയോട് കരണം ആരാഞ്ഞപ്പോൾ കിട്ടിയ മറുപടി: "ഓ, അവൻ ഇന്നലെ സൈക്കിളേന്നു വീഴുവാരുന്നു". അവൻ വീണു എന്ന് മാത്രമേ അമ്മ ഉദ്ദേശിച്ചിട്ടുള്ളു അല്ലാതെ വീണുകൊണ്ടേ ഇരിക്കുകയായിരുന്നു എന്നൊന്നും അർത്ഥമില്ല. "വീഴുവാരുന്നു" വിനെ ഇസ്തിരിയിട്ടു "വീഴുകയായിരുന്നു" എന്നാക്കിയപ്പോൾ സംഗതി കുഴഞ്ഞു പോയതാണ്. ഇപ്പോൾ നിമിഷാർദ്ധത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ പോലും "ആയിരുന്നു" കൂട്ടിയാണ് വായിക്കേണ്ടി വരുന്നത്. മരിക്കുകയായിരുന്നു, കൊല്ലുകയായിരുന്നു എന്നീ പ്രയോഗങ്ങൾ അച്ചടിച്ചു വിടാൻ പത്രങ്ങൾക്കു യാതൊരു ലജ്ജയുമില്ല. നോക്കണേ ശ്രേഷ്ഠ ഭാഷയുടെ ഒരു ഗതികേട്!!
ഭൂതകാലത്തിൽ സംഭവിച്ച കാര്യങ്ങൾ വർത്തമാന കാലത്തിലേക്ക് തള്ളിക്കൊണ്ടു വന്നു കേവല ഭൂതകാലത്തെ ഇല്ലാതാക്കുകയാണ് വേറൊരു രീതി. കഥാ കഥനത്തിലാണു ഇവന്റെ ബീഭത്സ മുഖം കണ്ടുവരുന്നത്. ഇതാ ഒരു സാമ്പിൾ: "സത്സ്വഭാവിയും സദ്ഗുണ സമ്പന്നനുമായ നമ്മുടെ നേതാവ് ഒരു ദരിദ്ര കർഷക തൊഴിലാളി കുടുംബത്തിൽ ജനിക്കുകയായിരുന്നു. അദ്ദേഹം പത്താം വയസ്സിലാണ് ആദ്യമായി സ്കൂളിൽ പോകുന്നത്. അവിടെവെച്ചാണു അദ്ദേഹം മഹാന്മാരുടെ ജീവചരിത്രങ്ങൾ കേൾക്കുന്നതും ക്രമേണ ഒരു ദേശീയ നേതാവായി വളരുന്നതും. ഡിഗ്രി പരീക്ഷക്കാണു അദ്ദേഹം ജീവിതത്തിൽ ആദ്യമായി കോപ്പിയടിക്കുന്നത്. എതിർ പാർട്ടിയിൽപ്പെട്ട ഒരദ്ധ്യാപകൻ അദ്ദേഹത്തെ കയ്യോടെ പിടികൂടുകയും പീഡിപ്പിക്കപ്പെടുകയും ആയിരുന്നു (കർമണി പ്രയോഗം പോലെ തോന്നിയാൽ ഗമ കൂടും, അർത്ഥം വിപരീതമാണെങ്കിലും) . പിന്നീട് അദ്ധ്യാപകരുടെ പീഡനം സഹിച്ചുകൊണ്ടു അദ്ദേഹം മുഴുസമയ പാട്ടി പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. ഒടുവിൽ തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിക്കുകയും സിൻഡിക്കേറ്റിന്റെ മാർക്കുദാന പരിപാടിയിൽ ഡിഗ്രി സമ്പാദിക്കുകയും പ്രശസ്തമായ രീതിയിൽ പസാവുകയുമായിരുന്നു. (ഈ കഥ യിലെ നേതാവ് ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണു വികലമായ പത്രഭാഷ കാണിക്കാൻ ഈ കഥ ഉപയോഗിച്ചുവെന്നു മാത്രം)
മലയാളിയുടെ വിധേയത്വം ഭാഷയുടെ വിധേയത്വമാക്കുകയാണ് പത്ര- മാധ്യമങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ഊര് എന്ന വാക്ക് തമിഴിലും കന്നഡയിലും മലയാളത്തിലും നാട് എന്ന അർഥത്തിൽ ഉപയോഗിച്ചു വരുന്നു. മലയാളത്തിൽ സംവൃതോകാരത്തൊടെ "ഊര്" എന്നോ ചില്ലക്ഷരത്തിൽ ഊർ എന്നോ നാടിന്റെ പേരെഴുതാം.(കണ്ണൂര്, കണ്ണൂർ, ചെങ്ങന്നൂർ, ചെങ്ങന്നൂര്). തമിഴിൽ സംവൃതോകാരം എഴുതാൻ പറ്റില്ല പക്ഷെ പറയാം. അവർ ഊരു എന്നെഴുതിയാലും ഊര് എന്നെ പറയൂ. കന്നഡയിൽ സംവൃതോകാരത്തിന്റെ പതിവില്ല. ഇംഗ്ലീഷ് വാക്കുകൾ പോലും ഉകാരം ചേർത്ത് ബെഞ്ചു, ഡെസ്കു എന്നിങ്ങനെയാണ് പറയുക. ബെംഗളൂരിന്റെ പേര് കന്നഡ ഭാഷാനിയമമനുസരിച്ചു ഉകാരന്ത്യത്തിൽ എഴുതിയപ്പോൾ "ബെങ്കളൂരു" ആയി എന്നേയുള്ളു. അല്ലാതെ മദ്രാസിനെ ചെന്നൈ ആക്കിയപോലെ പുതിയ ഒരു വാക്ക് കൊണ്ടുവന്നതല്ല.
ഇത് കണ്ട ഉടനെ മലയാളം പത്രങ്ങളും ചാനലുകളും ബംഗളൂരു, മൈസൂരു എന്നിങ്ങനെ പറയാൻ തുടങ്ങി. പൂനയിൽ നിന്ന് ബംഗളൂരെക്കു വരുന്ന ഹൈവേയിൽ ഹിന്ദിയിൽ പഴയ ബാംഗ്ലൂർ അതേപടി തുടരുന്നു. ഒരു മാറ്റവും വരുത്തിയിട്ടില്ല. മലയാളിയുടെ വിധേയത്വം കുനിയാൻ പറയുമ്പോൾ കമിഴ്ന്നു കിടക്കുന്ന നിലവാരത്തിലേക്ക് ഇറങ്ങിയതുകൊണ്ടു ബങ്കളൂരുവിൽ, മൈസൂരുവിന്റെ എന്നിങ്ങനെ വിഭക്തി പ്രത്യയങ്ങൾ ചേർത്തും പറയാൻ തുടങ്ങി. എന്നാണാവോ കണ്ണൂരുവിൽ, പയ്യന്നൂരുവിന്റെ എന്നൊക്കെ പറയുന്നത്?
അതേസമയം തമിഴനേയും കന്നഡികയേയും നോക്കൂ. കോഴിക്കോട്ടേക്ക് വരുന്ന ബസ്സുകളിൽ അവർ ഇന്നും "കല്ലിക്കോട്ടൈ" എന്നാണെഴുതുന്നത്. അവർ പരമ്പരാഗതമായി പറയുന്നത് കല്ലിക്കോട്ടൈ എന്നാണ്. നിങ്ങൾക്കു വേണ്ടി അത് മാറ്റി കോഴിക്കോട് ആക്കാനൊന്നും അവർ തയാറല്ല. അവർ സ്വല്പം സ്വാഭിമാനമുള്ള കൂട്ടത്തിലാണ്. നമുക്ക് തീരെ ഇല്ലാത്തതും അത് തന്നെ. ശ്രേഷ്ഠ ഭാഷയെന്നു കൊട്ടി ഘോഷിച്ചു നടന്നാൽ പോരാ, അത് എഴുത്തിലും ഉച്ചാരണത്തിലും കാണിക്കുക കൂടി വേണം.
ഈ വിധേയത്വത്തിന്റെ ബാക്കി പത്രമാണ് മുല്ലപ്പെരിയാറിലും മറ്റു നാല് അണക്കെട്ടുകളിലും തമിഴ്നാട് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന അവസ്ഥ. ഭാഷയുടെ വൈകൃതങ്ങൾക്കും വിധേയത്വത്തിനും മാധ്യമങ്ങൾക്കുള്ള പങ്കു ചില്ലറയല്ല.