Tuesday, March 03, 2015

Pitfalls and Traps of Loans




ക്രയശേഷി അഭിമാനത്തിന്റെ അടയാളമാകുമ്പോൾ
ഡോ. എം പി ചന്ദ്രശേഖരൻ (മുൻ ഡയരക്റ്റർ, എൻ ഐ ടി കാലികറ്റ് )

(27.2.2015 ലെ കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം)
"കടൻ പെട്ടാൻ നെഞ്ചം പോൽ കലങ്കിനാൻ ഇലങ്കൈ വേന്തൻ "  ശ്രീരാമനോടു യുദ്ധത്തിൽ തോറ്റു മടങ്ങേണ്ടി വന്ന രാവണനെ കമ്പരാമായണത്തിൽ വിവരിക്കുന്നതിങ്ങനെയാണു: "കടം വാങ്ങിയവന്റെ ഹൃദയം പോലെ കലങ്ങി ലങ്കാധിപൻ".  കടത്തിൽ പെടുന്നത് നമ്മുടെ പൂർവികർ യുദ്ധത്തിലെ തോൽവി പോലെ വിനാശകരമായ അനുഭവമായാണു കണ്ടിരുന്നത്.  ഇപ്പോഴും തമിഴ്നാട്ടിലെ  പാവപ്പെട്ടവർക്ക് കടമെന്നാൽ ഭയമാണ്, കാരണം അത് പറഞ്ഞ സമയത്ത് തിരികെ കൊടുക്കണം. എന്നാൽ ലോണ്‍ അങ്ങനെയല്ല, "ലോണ്‍ തിരുപ്പി കൊടുക്ക വേണ്ടാം സാർ".  അതുകൊണ്ട് ഇഷ്ടം പോലെ ലോണെടുക്കാം. ഗ്രാമീണരുടെ മനസ്സിൽ കുടികൊള്ളുന്ന ഈ വൈരുദ്ധ്യത്തിന്റെ ഉറവിടം എവിടെയാണു?  അത് മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

കമ്മി ബജറ്റ്
മിതമായ വാക്കുകളിൽ പറഞ്ഞാൽ വരുമാനത്തിൽ കവിഞ്ഞുള്ള ചെലവാണ് കടമായി രൂപാന്തരപ്പെടുന്നത്.  "കമ്മി ബജറ്റ്" എന്ന ആശയം കേന്ദ്ര സർക്കാരിൽ നിന്ന് തുടങ്ങി   ദരിദ്ര ഗ്രാമീണ കുടുംബം വരെ എത്തുമ്പോൾ അത് ഓരോ വ്യക്തിയുടെയും കീശയിൽ വലിയൊരു ദ്വാരം വീണ അനുഭവമായി മാറുന്നു.  കാരണം കടം ആരും വെറുതെ തരില്ല, അതിനു പലിശയും പലിശക്കു പലിശയും കൊടുക്കണം. എത്ര കിട്ടിയാലും കീശയുടെ കീഴിലിരിക്കുന്ന രാക്ഷസൻ അത് വിഴുങ്ങിക്കൊണ്ടേയിരിക്കും. പണ്ടൊക്കെ അത്യാവശ്യത്തിനു വാങ്ങുന്ന കൈവായ്പകൾ ഏറ്റവും അടുത്ത അവസരത്തിൽ കൊടുത്തു തീർത്ത്‌ മുണ്ടു മുറുക്കിയുടുത്തു മുന്നോട്ടു പോവുകയായിരുന്നു പതിവ്. കൊടുക്കുന്നവനും വാങ്ങുന്നവനും ഏതാണ്ട് ഒരേ സാമ്പത്തിക നിലവരമുള്ളവരാകുമ്പോൾ ഇത്തരം കൊള്ളക്കൊടുക്കകൾ നിർബാധം നടത്താം, കടക്കെണിയുടെ ഭീഷണിയില്ലാതെ.  വിദുര വാക്യം ശ്രദ്ധിക്കുക: "സത്യവും വിവാഹവും വ്യവഹാരവും തനിക്കൊക്കും മട്ടാഭിജാത്യമുള്ളവരോടു വേണം" . അവരവരുടെ സാമ്പത്തിക നിലവാരം വിട്ടു വ്യവഹാരം ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉയരുന്നത്.  കടത്തോടും ധനത്തോടും നമുക്കുള്ള മനസികാവസ്ഥ വിദുരരുടെയും കമ്പരുടെയും കാലത്തിൽ നിന്നൊക്കെ വളരെയധികം മാറിപ്പോയി.  ഇനിയൊരു തിരിച്ചു പോക്ക് അസാദ്ധ്യമാണ്, കാരണം മാനുഷിക മൂല്യങ്ങളും അവയോടുള്ള വീക്ഷണവും കീഴ്മേൽ മറിഞ്ഞിരിക്കുന്നു.  അല്ലെങ്കിൽ, മുതലും അന്യായമായ പലിശയും കൂട്ടു പലിശയും ചേർത്തു മൂന്നിരട്ടി സംഖ്യ  പിരിച്ചു കഴിഞ്ഞിട്ടും  പണയവസ്തു സ്വന്തം  പേരിലാക്കുകയും  ഗൂണ്ടകളെ വിട്ടു കടക്കാരനെ തല്ലിയോടിക്കുകയും ചെയ്യുന്ന    സംഭവം ഏതു നാട്ടിൽ നടക്കും??

കൃഷിക്കാരന്റെ കടം
ആഗോള സമ്പദ് വ്യവസ്ഥ തന്നെ കടമെന്ന അച്ചുതണ്ടിൽ കിടന്നു തിരിയുന്ന ഇന്നത്തെ കാലത്ത് അതിൽ നിന്നും മാറി നിന്നാൽ പുരോഗതി തടസ്സപ്പെടുത്തലാവും ഫലം.   കൃഷി, കച്ചവടം, വ്യവസായം എന്നിവ ആരംഭിച്ച്  അഭിവൃദ്ധിപ്പെടുത്തണമെങ്കിൽ കടം കൂടിയേ തീരു എന്ന നില വന്നു കഴിഞ്ഞു.  ഇത് വേണ്ടെന്നു വെച്ചാൽ സംരംഭകൻ പിന്തള്ളപ്പെടും.  അതുകൊണ്ട് ആവശ്യത്തിലധികം കടം കൊള്ളുന്ന സ്വഭാവം പല കർഷകർക്കും വന്നു ചേർന്നു.  ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കാർഷിക കടം പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമായും രാസവളവും കീടനാശിനികളും വാങ്ങി കൃഷിസ്ഥലത്തെ അഭിഷേകം ചെയ്യുവാനാണ്.  പ്രത്യക്ഷത്തിൽ കർഷകനെ സഹായിക്കാനെന്നു  തോന്നുമെങ്കിലും, ഈ വക രാസവളങ്ങളും കീടനാശിനികളും ഉത്പാദിപ്പിക്കുന്ന വൻകിട കമ്പനികളുടെ വിപണന തന്ത്രം മാത്രമാണിത്.  ഇതിലടങ്ങിയിരിക്കുന്ന ചതി കാണാതിരുന്നു കൂടാ. ഒന്നോ രണ്ടോ തവണ രാസവളപ്രയോഗം നടത്തുന്നതോടെ മണ്ണിന്റെ നൈസർഗ്ഗിക ശേഷി കുറഞ്ഞു പോവുകയും പിന്നീടു വർദ്ധിച്ച അളവിൽ രാസവളം ചേർക്കാതെ കൃഷി അസദ്ധ്യമാവുകയും ചെയ്യുന്നു.  കീടനാശിനികളുടെ കഥയും തഥൈവ. കീടനാശിനി പ്രയോഗത്തോടെ പ്രകൃതി കൂടുതൽ  പ്രതിരോധ ശക്തി നല്കി കീടങ്ങളുടെ പുതിയ പതിപ്പുകൾ (Mutations)  ഇറക്കുന്നു.  ഉടൻ കൂടുതൽ രാസ പ്രയോഗം, കൂടുതൽ പണം, വർദ്ധിച്ച ലോണ്‍ സംഖ്യകൾ. ക്രമേണ കർഷകൻ പൂർവാധികം ദരിദ്രനായി മാറുന്നു.  മറ്റൊരു ഭീകരൻ വിത്തുകൾക്കുള്ള വായ്പയാണ്. മോണ്‍സാന്റൊ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികൾ അത്യുത്പാദന ശേഷിയുള്ള വിത്തുകൾ തരും. പക്ഷെ അടുത്ത വർഷം നമ്മുടെ  ധാന്യങ്ങളിൽ  നിന്ന് വിത്തുണ്ടാക്കാൻ  പറ്റില്ല, കാരണം  ഈ ധാന്യം നട്ടാൽ പൊടിക്കില്ല, അവ പ്രതുദ്പാദന ശേഷിയില്ലാത്ത ടെർമിനേറ്റർ   അഥവാ  "ഷണ്ഡ"  ധാന്യങ്ങളാണ്.   എല്ലാ വർഷവും വിത്തുകൾ വില കൊടുത്തു വാങ്ങണം.   ഈ കമ്പനികൾക്ക് അടിമപ്പെട്ട് കടത്തിൽ മുങ്ങി, നിസ്വനായി  അവസാനം  നിരാശനായി  "നെഞ്ചം കലങ്കി" ആത്മഹത്യക്കൊരുങ്ങുന്നു, പാവം കർഷകൻ, യുദ്ധത്തിൽ തോറ്റ പടയാളിയെപ്പോലെ.

ആഡംബരവും അനാവശ്യവും
ഉപഭോഗ സംസ്കാരം പൂർണ വളർച്ചയെത്തിയ നാടാണ് കേരളം. ഒരു സമൂഹം ആഡംബര വസ്തുക്കളും അനാവശ്യ സാധനങ്ങളും വാങ്ങിക്കൂട്ടുന്നത്  സാധാരണയായി ചെലവു കഴിഞ്ഞു നീക്കിയിരിപ്പ് (spare money ) ഉള്ളപ്പോൾ ആണെന്നത്രെ സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത്.  എന്നാൽ കേരളത്തിൽ അങ്ങനെയല്ല. അത്യാവശ്യങ്ങൾ നിർവഹിക്കാൻ കഴിവില്ലാത്തവരും ആഡംബര സാധനങ്ങൾ ഇഷ്ടം പോലെ വാങ്ങിക്കൂട്ടുന്നു. എളുപ്പം കിട്ടുന്ന ലോണുകളാണു ഇത്തരം സോപ്പ് കുമിളകളുടെ സ്രോതസ്സ്.  കൈയിൽ പണമില്ലാത്തവനെക്കൊണ്ടു കൂടി ഉപഭോഗ വസ്തുക്കൾ വാങ്ങിപ്പിക്കാനുള്ള വിപണന തന്ത്രങ്ങളുമായാണു  ഉദ്പാദകർ വിപണി കൈയടക്കിയിരിക്കുന്നത്.  അങ്ങനെയാണു  ഓരോ വസ്തുവിന്റേയും കൂടെ തവണ വ്യവസ്ഥകളൂം ലോണ്‍ സ്കീമുകളും ഇറങ്ങുന്നത്.  ഒരു ലോണിന്റെ  EMI  (Equated Monthly Instalment ) അടച്ചു തീരുമ്പോഴേക്കും വിലയുടെ രണ്ടോ മൂന്നോ ഇരട്ടി പണം കൊടുത്തു കഴിഞ്ഞിരിക്കും.  വാങ്ങിയ ആഡംബര വസ്തുവിന്റെ മൂല്യം പൂജ്യത്തിൽ എത്തിയിരിക്കും- വിറ്റാൽ വില കിട്ടാത്ത അവസ്ഥ.  അപ്പോഴാണ് എക്സ് ചെയ്ഞ്ച്  സ്കീമുകളുടെ വരവ്: നിങ്ങളുടെ പഴയ മിക്സിക്കു പകരം പുതിയതെടുത്തോളൂ. പുതിയതിന് പതിനായിരം രൂപ, പഴയതിന് അഞ്ഞൂറും. പഴയതിന് പകരം പുതിയത് എന്ന ഒരൊറ്റ ആശയം മതി, വീട്ടമ്മമാരെ കൂട്ടത്തോടെ കടയിലെത്തിക്കാൻ.  ഈ ലോണുകളിലെല്ലാം തന്നെ തവണകൾ മുടങ്ങിയാൽ പിഴ പലിശയും ചേർത്ത് അടവ് സംഖ്യ വർദ്ധിക്കുന്നു.  പണം തിരികെ കിട്ടിയില്ലെങ്കിൽ നിയമ വിരുദ്ധമായി ജപ്തി നടത്താനും മറ്റു മൂന്നാം മുറ പ്രയോഗങ്ങൾക്കുമുള്ള സംവിധാനങ്ങൾ പല ബാങ്കുകളും ബ്ലേഡ് കമ്പനികളെപ്പോലെ തയ്യാറാക്കി വെച്ചിട്ടുണ്ട്.  ഒരു കുടുംബത്തിൽ ഇത്തരം  രണ്ട് മൂന്നു ലോണുകളുണ്ടെങ്കിൽ കുട്ടികൾ പട്ടിണിയാവാൻ  വേറൊന്നും വേണ്ട.

വിവാഹധൂർത്ത്
കല്യാണം നടത്തി കടം പിടിച്ചവരാണ് മറ്റൊരു വിഭാഗം. അവനവന്റെ ഇപ്പോഴത്തെ  ധനസ്ഥിതി പരിഗണിക്കാതെ  "ന്റുപ്പുപ്പാക് ഒരാനേണ്ടാർന്നു"  എന്ന ഭാവത്തിൽ കിട്ടുന്നിടത്തു നിന്നൊക്കെ  കടം വാങ്ങി തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ ഉഴലുന്നവരാണു ഇക്കൂട്ടർ. ഈ പതനത്തിനു മലയാളിയുടെ മാനസികാവസ്ഥയെയല്ലാതെ മറ്റൊന്നിനെയും കുറ്റപ്പെടുത്താനാവില്ല.  അയൽപക്കക്കാരൻ മകൾക്ക് 50 പവൻ കൊടുക്കുമ്പോൾ നമ്മൾ നൂറെങ്കിലും കൊടുക്കണ്ടെ? കല്യാണത്തിനും അതിനു തലേ ദിവസവും നടത്തുന്ന സദ്യകൾ പൊടിപൊടിക്കണ്ടേ? ഇതിനൊക്കെ കടം വേണമെങ്കിൽ ബ്ലേഡ് കമ്പനികളെത്തന്നെ ആശ്രയിക്കണം. അവസാനം കിടപ്പാടം അന്യാധീനമാകുന്നു. ഇത്തരം തുടർക്കഥകൾ നിത്യേനയെന്നോണം നമ്മുടെ ചുറ്റും നടക്കുന്നുണ്ട്.      .  ഈ  വിഭ്രാന്തിയിൽ നിന്ന് കര കയറാതിടത്തോളം മലയാളി സമൂഹത്തിനു രക്ഷയില്ല.

സ്വപ്നത്തിലെ ഭവനം
ഓരോ മലയാളിയുടേയും വർണ്ണാഭമായ സ്വപ്നങ്ങളാണു  സ്വന്തമായൊരു വീടും കാറും.  ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ അവൻ തയ്യാറാണ്.  ഭവന നിർമാണ വായ്പയെടുക്കുന്നവർ വ്യക്തമായ കണക്കു കൂട്ടലോടെയാണു സാധാരണയായി മുന്നോട്ടു നീങ്ങുന്നത്.  സർക്കാരിന്റെ മേല്നോട്ടത്തിലും  സഹായത്തോടെയും  പ്രവർത്തിക്കുന്ന ഒരു മേഖലയാണിത്.  വസ്തുവിന്റെ ഈടിന്മേൽ മര്യാദ പലിശക്കു ആവശ്യമായ പണം കടം കിട്ടും.  ആദായനികുതി  ഇളവു തുടങ്ങിയ മറ്റു ആനുകൂല്യങ്ങളും ഉണ്ട്.  മാസ ശമ്പളക്കാർക്കുള്ള ഏറ്റവും വലിയ ആകർഷണം അടവ് തുക (EMI ) ക്ക് കാലാന്തരത്തിൽ വരുന്ന മൂല്യ ശോഷണമാണു.  തുടക്കത്തിൽ വലിയ സംഖ്യയാണെങ്കിൽ പോലും നാലഞ്ചു വർഷം കഴിയുമ്പോൾ അതൊരു ഭാരമാല്ലാതായി മാറും.  ബ്ലേഡ് കമ്പനികളും അമിത പലിശയും ആത്മഹത്യകളും ഈ മേഖലയിൽ പറഞ്ഞു കേൾക്കാറില്ല.  വായ്പയുടെ മൂല്യത്തിലുള്ള ഇടിവും സ്വന്തം ആസ്തിയുടെ മൂല്യ വർദ്ധനയും കണക്കാക്കിയാൽ  ഭാവന നിർമാണ വായ്പ എടുക്കുന്നവൻ തന്നെയാണു ബുദ്ധിശാലി എന്ന് മനസ്സിലാകും.  ഈ മേഖലയിൽ "ഇന്നത്തെ കടം നാളത്തെ ധനം" എന്ന അവസ്ഥയുള്ളതിനാൽ കടത്തെ ധനത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി കണക്കാക്കാവുന്നതാണ്.

കാറും ബൈക്കും
വാഹന വായ്പയാണ് കേരളീയന്റെ മറ്റൊരു പ്രധാന കടം. വാഹനം വാങ്ങുമ്പോൾ തന്നെ വായ്പയോടുകൂടി വാങ്ങാനുള്ള സൗകര്യം ഉത്പാദകർ വിവിധ ബാങ്കുകളിലൂടെ ഏർപ്പാട് ചെയ്യുന്നുണ്ട്. കോളേജിൽ ചേരുന്ന കുട്ടികൾക്ക് മോട്ടോർ സൈക്കിൾ വാങ്ങിക്കൊടുക്കുന്ന അച്ഛനമ്മമാരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു.  ഭവന വായ്പയും വാഹന വായ്പയും തമ്മിലുള്ള പ്രധാന വ്യത്യാസം ഭവനമെന്ന ആസ്തിയുടെ  മൂല്യം ക്രമേണ വർദ്ധിക്കുന്നു, വാഹനത്തിന്റെ  മൂല്യം അതിവേഗം ശോഷിക്കുന്നു എന്നതാണ്.  ശോഷിച്ചുവരുന്ന മൂല്യം എല്ലാ ഉപഭോഗ വസ്തുക്കളുടെയും നൈസർഗ്ഗിക സ്വഭാവമാണ്. അവക്കുവേണ്ടി കടം വാങ്ങുമ്പോൾ ആസ്തിയിൽ വർദ്ധന പ്രതീക്ഷിക്കരുത്.  കടം ഒരു ഭാരമായിത്തന്നെ അവശേഷിക്കും.  ഇവിടേയും അടവ് താമസിച്ചാൽ "വണ്ടി പിടിക്കുന്ന" പ്രൊഫഷനൽ ഗൂണ്ടാ സംഘങ്ങൾ ധാരാളമുണ്ട്.

കടവും ലോണും  വീണ്ടും
ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുവാനാണു കാര്യമായ വായ്പ ആവശ്യമായി വരുന്നത്.  സംരംഭത്തെ സുഗമമായി നടത്തിക്കൊണ്ടു പോകാനുള്ള ഈ സഹായം പലപ്പോഴും അജ്ഞത കൊണ്ടോ അലംഭാവം കൊണ്ടോ ഒരു  പാരയായി വന്നു ഭവിക്കാറുണ്ട്.  യന്ത്രങ്ങളും  മറ്റും വാങ്ങാനുള്ള ടേം ലോണ്‍, വർക്കിംഗ് കാപ്പിറ്റലിനുള്ള കാഷ് ക്രെഡിറ്റ് എന്നിങ്ങനെ രണ്ടു വകയായാണു ബാങ്കുകൾ കടം കൊടുക്കുന്നതു.  സംരംഭകന്റെ തെറ്റു കൊണ്ടും ബാങ്കിന്റെ കുറ്റം കൊണ്ടും വ്യവസായം രോഗഗ്രസ്തമാവാം.  കാരണമെന്തായാലും കേരളത്തിൽ പീഡിത വ്യവസായങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.  ചെറുകിട സംരംഭകരെ പലപ്പോഴും  കിടപ്പാടം വിൽക്കേണ്ടി വരുന്ന അവസ്ഥയിലേക്കു തള്ളിവിടുന്നു.  അതേ സമയം കോർപൊറേറ്റുകൾ വൻകിട വ്യവസായം തുടങ്ങി കോടിക്കണക്കിനു രൂപ കടം എടുത്ത് മുഴുവനും  കട്ടു മുടിച്ച് ധൂർത്തടിച്ച് പൊളിഞ്ഞുപോയാലും ആരും ജയിലിൽ പോകേണ്ടി വരില്ല ബാങ്കും സര്ക്കാരും കൂടി കടം മുഴുവൻ എഴുതി തള്ളിക്കോളും. വ്യവസായ സംരംഭകർക്ക് ഇതാ ഒരു ഗുണപാഠം: ഒരിക്കലും ചെറിയ സംഖ്യ കടമെടുക്കരുത്, തിരിച്ചടക്കേണ്ടി വരും. കോടിക്കണക്കിനു ലോണെടുത്താൽ "തിരുപ്പിക്കൊടുക്ക വേണ്ടാം". ഇപ്പോൾ മനസ്സിലായില്ലേ അണ്ണാച്ചി പറഞ്ഞതിന്റെ പൊരുൾ?

കടക്കെണി
ഇതൊക്കെയായിട്ടും  കേരളജനത എങ്ങനെ ഈയമ്പാറ്റകൾ പോലെ കടത്തിന്റെ  തീജ്വാലയിൽ പറന്നു കയറി പക്ഷം കരിഞ്ഞു വീഴുന്നു? അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാരിന്റെ ഒരു പഠനം  വെളിപ്പെടുത്തുന്നത് കേരളത്തിൽ ശരാശരി  ഒരു കുടുംബത്തിനു ആസ്തിയുടെ നാലര ഇരട്ടിയാണു കടം എന്നാണു.  ഈ ശരാശരി കണ്ടുപിടിച്ചിരിക്കുന്നത് കടം വാങ്ങാത്ത അമ്പത് ശതമാനം ആളുകളെക്കൂടി ചേർത്തിട്ടാണു. അതിന്നർഥം കടം  ഓരോരുത്തരുടേയും സ്വന്തം ആസ്തിയുടെ ഒൻപതിരട്ടി വരുമെന്നാണു.   ഇത് ദേശീയ ശരാശരിയുടെ എത്രയോ മേലെയാണ്. അതായത്, രാജ്യം മൊത്തത്തിൽ കടത്തിൽ മുങ്ങുന്നു, അക്കൂട്ടത്തിൽ മലയാളി കുറേക്കൂടി അഗാധമായ ചുഴിയിലേക്കും.  ഉള്ള കടത്തിൽ നിന്ന് മോചനം നേടി സന്തോഷമായിരിക്കാനല്ല ആളുകൾ ശ്രമിക്കുന്നത്, കടത്തിന്റെ, കൂടുതൽ ആഴമുള്ള കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങാനണു

കലിയുഗ നിയമങ്ങൾ

സമൂഹത്തിൽ ഇതിനു ധാരാളം പാർശ്വ ഫലങ്ങൾ കണ്ടു വരുന്നു.  വരുമാനത്തിൽ കവിഞ്ഞ ജീവിതരീതി ഒരു സ്വഭാവമായി മാറ്റിയാൽ പിന്നെ വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികൾ ആരായണം.  ന്യായമായി കിട്ടുന്ന വരുമാനം പോരാതെ വരുമ്പോൾ അന്യായ മാർഗ്ഗങ്ങൾ തേടുന്നത് സ്വാഭാവികം. സ്ഥിര വരുമാനമുള്ള സർക്കാരുദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് ഒരു ഉദാഹരണം മാത്രം.  സമൂഹത്തിന്റെ എല്ലാ തുറകളിലും അഴിമതിയെന്ന അർബ്ബുദരോഗത്തിന്റെ സാന്നിദ്ധ്യവും വളർച്ചയും ക്രമാതീതമായി വർദ്ധിക്കുന്നു.  കൈക്കൂലി വങ്ങുന്നവർക്കുമുണ്ട് ഗുണപാഠം: ഇരുപത്തഞ്ചു രൂപ കൈക്കൂലി വാങ്ങുന്ന ലൈൻ മാനെ നോട്ടിൽ പൊടി വിതറി വിജിലൻസുകാർ പിടിച്ചു ജയിലിൽ അടയ്ക്കും. ഇരുപതു കോടി ബാർ കോഴ വാങ്ങുന്ന മന്ത്രിയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല. അതാണു കലിയുഗത്തിലെ നിയമം.

Wednesday, December 03, 2014

ശ്രേഷ്ഠ ഭാഷയുടെ വൈകൃതങ്ങളും വിധേയത്വവും

ശ്രേഷ്ഠ ഭാഷയുടെ വൈകൃതങ്ങളും വിധേയത്വവും

(2014 നവംബർ 29 നു മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനം)

മലയാളം ശ്രേഷ്ഠ ഭാഷയായെന്നു കേട്ടപ്പോൾ മേലാകെ കോരിത്തരിച്ചു പോയി. കേരളജനത  മുഴുവനും രോമാഞ്ചപുളകിതരാവുന്നത് ചാനലുകളും പത്രങ്ങളും നിർലോഭം ആഘോഷിച്ചു. ഈയുളളവൻ ഇതുപോലൊരു രോമഹർഷം അനുഭവിച്ചത് നാളികേരം എണ്ണക്കുരുവായി എന്നറിഞ്ഞപ്പോഴാണ്‌. അന്ന് അടുക്കളയിൽ പോയി ചിരകി വെച്ച നാളികേരവും ചിരകാത്ത ഒരു മുറി തേങ്ങയും പലകുറി നോക്കി ആസ്വദിച്ചുകൊണ്ടിരുന്നു. പതിവില്ലാതെ അടുക്കളയിൽ ചുറ്റിപ്പറ്റി നിന്നപ്പോൾ ഭാര്യയുടെ പാലക്കാടൻ മലയാളത്തിൽ ഒരശരീരി കേട്ടു: "നിങ്ങളെന്താമ്പേ തേങ്ങാ മുറിയും കൊണ്ടു കളിക്കണെ, കുട്ട്യോളെപ്പോലെ?". ഒന്നുമില്ല, ഇന്നലെവരെ ചമ്മന്തിയുടെയും  പുട്ടിന്റെയും അസംസ്കൃത വസ്തുവായിരുന്ന നിന്റെ തേങ്ങയിതാ എണ്ണക്കുരുവായിരിക്കുന്നു. അതിനു പിറുപിറുപ്പ്‌ രൂപത്തിൽ  കിട്ടിയ മറുപടി ശ്രദ്ധിക്കാതെ ഞാൻ അടുക്കള വിട്ടു. 

നാളികേരത്തിന്റെ പരിണാമവും ഭാഷയുടെ പരിവർത്തനവും സംഭവിച്ചത് ഓരോ സർക്കാർ ഉത്തരവ് (G.O എന്നാണതിന്റെ സാങ്കേതിക പദം)  വഴിയാണു. ജി ഓ  കിട്ടിയാൽ ആദ്യം അന്വേഷിക്കേണ്ടത് അതിനു മുൻകാല പ്രാബല്യം ഉണ്ടോ എന്നാണ്. അറിവുള്ളവർ പറഞ്ഞു, എണ്ണക്കുരുവിനു മുൻകാല പ്രാബല്യം കിട്ടിയതുകൊണ്ടു കേരളത്തിനു സാമ്പത്തിക നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല, വിട്ടേക്ക്. എന്നാൽ ഭാഷയുടെ സ്ഥിതി അതല്ല. മുൻകാല പ്രാബല്യമില്ലെങ്കിൽ എഴുത്തച്ഛൻ മുതൽ ഓ എൻ വി വരെയുള്ളവരുടെ കാവ്യങ്ങളെല്ലാം നികൃഷ്ട  ഭാഷയിലും നാളെ എന്നെപ്പോലുള്ള പൊട്ടക്കവികൾ എഴുതാൻ പോകുന്ന "മൊഞ്ചത്തിപ്പെണ്ണേ പഞ്ചാരേ നിന്റെ നെഞ്ചത്തു ഞാനൊന്നു തൊട്ടോട്ടെ?" എന്നിങ്ങനെയുള്ള സിനിമാ ഗാനങ്ങളും മറ്റും ശ്രേഷ്ഠവും ആയിത്തീരാൻ ചാൻസുണ്ടു. സാരമില്ല, ഓരോ ജി ഓ ഇറങ്ങുമ്പോഴും ഇത്തരം അനോമലികൾ പതിവാണ്. അത് നീക്കാൻ പുതിയ ജി ഓ ഇറക്കിയാൽ മതി. ജി ഓ ഇറക്കാൻ കവികൾക്കും സാഹിത്യകാരന്മാർക്കും പറ്റില്ലെങ്കിലും സെക്രട്ടരിയറ്റിലെ പതിനൊന്ന് അക്ഷൌഹിണി ഗുമസ്ത സൈന്യവും അവരുടെ പടനായകന്മാരും വിചാരിച്ചാൽ എളുപ്പം സാധിക്കുന്നതേയുള്ളു.  ഒന്നിന് പിറകെ ഒന്നായി പലപല ജി ഓ കൾ ഇറങ്ങുന്നതോടെ ആദ്യത്തെ ജി ഓ നിഷ്പ്രഭമായി ഉമിക്കരി പൊതിയാനുള്ള കടലാസായി മാറുമെന്നു മാത്രം.

ശ്രേഷ്ഠ ഭാഷയുടെ വിവരങ്ങൾ നേരിട്ടറിയാനുള്ള ഉത്സാഹത്തോടെ ഒരു മലയാളം ചാനൽ തുറന്നു. കേട്ട വാർത്ത ദൽഹിയിൽനിന്നു ഇക്ഷ്വാകു വംശത്തിൽ പിറന്ന ഒരു രാജകുമാരന്റെ വകയാണ്: "പച്ചിമ ബങ്കാളിൽ നിച്ചയിച്ച  പ്രകാരം...." എന്തോ നടക്കുകയാണ്.....കേട്ടപ്പോൾ ഓക്കാനം വന്നു. ഇക്ഷ്വാകു വംശ കുമാരനെ തഴഞ്ഞു വേറൊരു ചാനൽ തുറന്നപ്പോൾ അവിടെ "പാച്ഛാത്യ രാജ്യങ്ങൾക്കു വന്ന പച്ഛാത്താപമാണു " വിഷയം. ഹോ, കഷ്ടം!! ഇനി മലയാളം ഉച്ചാരണം കേൾക്കണമെങ്കിൽ ഭൂമാനന്ദ സ്വാമിയുടെ മുക്തി സുധാകരം മാത്രമേ രക്ഷയുള്ളു. അതാണെങ്കിൽ കാലത്ത് ആറേമുക്കാലിനു തീരുകയും ചെയ്യും.  ഈ ചാനലുകളിൽ മലയാളം സംസാരിക്കുന്ന ചെറുപ്പക്കാർക്ക് ഭാഷ കൃത്യമായി ഉച്ചരിക്കാൻ ഒരാഴ്ചത്തെ കോഴ്സെങ്കിലും എർപ്പെടുത്തിക്കൂടെ? ചാനലുകൾ പരസ്യം വഴി ധാരാളം പണം കൊയ്യുന്നില്ലേ? മലയാള ഉച്ചാരണം ഉപജീവന്മാക്കിയിരുക്കുന്നവർ ഭാഷയോട് ഈ ക്രൂരത ചെയ്യുന്നത് ശരിയാണോ ??

അക്ഷരമാലയും ഉച്ചാരണവും ശരിയായി പഠിക്കാത്തതാണു  പ്രശ്നത്തിന്റെ തുടക്കം. ഒരു ഇംഗ്ലീഷ് മീഡിയം ടീച്ചർ പറഞ്ഞു, " ഹോ, ഈ മലയാളത്തിൽ എന്തുമാത്രം "ഡ" യാണ് !! എതു ഡ എവിടെ എഴുതണം?? കുട്ടികൾക്ക് വളരെ പ്രയാസമാണ്." വിശദമായി ചോദിച്ചപ്പോൾ അവർ പറഞ്ഞു, ഡ-കുഡ (ട), ഡ-പാഡം (ഠ), ഡ-ഗരുഡൻ(ശരി), ഡ-ഡക്ക (ഢ) എന്നിങ്ങനെ നാല് ഡ പഠിക്കണം. ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നീ ക്രമത്തിൽ കണ്ഠ്യം (ക, ഖ, ഗ, ഘ, ങ ), താലവ്യം (ച, ഛ, ജ, ഝ, ഞ), മുർധ്വം (ട, ഠ, ഡ, ഢ, ണ), ദന്ത്യം (ത, ഥ, ദ, ധ, ന), ഓഷ്ട്യം (പ, ഫ, ബ, ഭ, മ ) എന്നിങ്ങനെ കൃത്യമായി ഉച്ചാരണം പഠിപ്പിക്കുന്നതിനു പകരം   കയിക്ക ഗയിഗ്ഗ ങ, ചയിച്ച ജയിജ്ജ ഞ, ടയിട്ട ഡയിഡ്ഡ ണ, എന്നിങ്ങനെ അക്ഷരവും ഉച്ചാരണവുമായി ബന്ധമില്ലതെയാണുപോലും ചില തെക്കൻ ജില്ലകളിൽ അക്ഷരമാല പഠിപ്പിക്കുന്നതു.  ഉദാഹരണത്തിനു "ഠ" എന്ന അക്ഷരം ഉച്ചരിക്കുന്നത് "ഇട്ട" എന്നാണ്. "ഭ" എന്നത് "ഇബ്ബ" എന്നും. വെറുതെയല്ല കുട്ടികൾ മലയാളം പ്രയാസം കൂടിയ വിഷയമാണെന്നു പറയുന്നത്. വടക്കൻ കേരളത്തിൽ അതിഖര, ഘോഷ ശബ്ദങ്ങൾ  ഒഴിവാക്കി ഖര, മൃദു ശബ്ദങ്ങൾ  കൊണ്ടു കാര്യം കഴിക്കുകയാണ് പതിവ്. (ഉദാ: ബാര്യ, ബർത്താവ്, നകം, മുഗം എന്നിങ്ങനെ) തെക്കൻ കേരളത്തിൽ ഒന്നുകൂടി പരിഷ്കരിച്ചു “ഭ”  ഇംഗ്ലിഷിലെ Fa പോലെ ഉച്ചരിച്ച്    ഫാരതത്തിന്റെ ഫാവി ഫാസുരമാക്കാൻ പ്രയത്നിക്കുന്നു. കോഴ  കൊടുത്തു ജോലി സംഘടിപ്പിച്ച അദ്ധ്യാ -പഹയന്മാർക്കും (പഹച്ചികൾക്കും) ഇതൊന്നും പ്രശ്നമല്ല. വിദ്യാഭ്യാസ വകുപ്പിനാകട്ടെ മണിപ്രവാള ശാഖയിലോ ഉച്ചാരണ ശുദ്ധിയിലോ താല്പര്യമില്ല, അവർക്കു വേണ്ടതു പച്ച മലയാളം മാത്രം. "ഉച്ചാരണമെന്തായാലും ഭാഷ പച്ചയായാൽ മതി" എന്ന ഗുരുവചനത്തിൽ അവർ ഉറച്ചു വിശ്വസിക്കുന്നു.

പണ്ടൊക്കെ അച്ചടി ഭാഷയിൽ സംസാരിക്കുന്നെന്നു പറഞ്ഞാൽ ഗ്രാമ്യ ഭാഷയുടെ കലർപ്പില്ലാതെ ശുദ്ധമായ മലയാളം പറയുന്നു എന്നായിരുന്നു അർത്ഥം. ഇപ്പോൾ അച്ചടി ഭാഷയുടെ മേന്മയൊക്കെ പോയി. പത്രങ്ങളിൽ കാണുന്നതു ചാനലിനേക്കാൾ  വികലമായ ഭാഷയാണ്‌. ഒന്നാമതായി പത്രങ്ങളിൽ  വരുന്ന  മലയാളത്തിൽ ഇപ്പോൾ കേവല ഭൂതകാലമില്ലാതായിരിക്കുന്നു. വന്നു, പോയി എന്നൊന്നും പത്രത്തിൽ കാണില്ല. വരികയായിരുന്നു, പോവുകയായിരുന്നു എന്നിങ്ങനെയാണ് അച്ചടി ഭാഷ. പത്രക്കാർ "പോലിസ് കള്ളനെ പിടിച്ചു മർദിച്ചു" എന്ന് പറയാറില്ല. "പോലിസ് കള്ളനെ പിടിക്കുകയും മർദിക്കുകയും ആയിരുന്നു" എന്നാണ് പത്രഭാഷ.. അരോചകമായ ഈ പ്രയോഗത്തിന്റെ ഉറവിടം തേടി ചെന്നപ്പോൾ തൊടുപുഴ, കോട്ടയം ഭാഗങ്ങളിലുള്ള ഗ്രാമ്യ ഭാഷയാണ്‌ ഈ പ്രയോഗത്തിന്നാധാരം എന്ന്  പിടി കിട്ടി. നെറ്റിയിൽ പ്ലാസ്റ്റെറൊട്ടിച്ച കുട്ടിയുടെ അമ്മയോട് കരണം ആരാഞ്ഞപ്പോൾ കിട്ടിയ മറുപടി: "ഓ, അവൻ ഇന്നലെ സൈക്കിളേന്നു വീഴുവാരുന്നു". അവൻ വീണു എന്ന് മാത്രമേ അമ്മ ഉദ്ദേശിച്ചിട്ടുള്ളു അല്ലാതെ വീണുകൊണ്ടേ ഇരിക്കുകയായിരുന്നു എന്നൊന്നും അർത്ഥമില്ല. "വീഴുവാരുന്നു" വിനെ ഇസ്തിരിയിട്ടു "വീഴുകയായിരുന്നു" എന്നാക്കിയപ്പോൾ സംഗതി കുഴഞ്ഞു പോയതാണ്. ഇപ്പോൾ നിമിഷാർദ്ധത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ പോലും "ആയിരുന്നു" കൂട്ടിയാണ് വായിക്കേണ്ടി വരുന്നത്. മരിക്കുകയായിരുന്നു, കൊല്ലുകയായിരുന്നു എന്നീ പ്രയോഗങ്ങൾ അച്ചടിച്ചു വിടാൻ പത്രങ്ങൾക്കു യാതൊരു ലജ്ജയുമില്ല. നോക്കണേ ശ്രേഷ്ഠ ഭാഷയുടെ ഒരു ഗതികേട്!!

ഭൂതകാലത്തിൽ സംഭവിച്ച കാര്യങ്ങൾ വർത്തമാന കാലത്തിലേക്ക് തള്ളിക്കൊണ്ടു വന്നു കേവല ഭൂതകാലത്തെ ഇല്ലാതാക്കുകയാണ് വേറൊരു രീതി. കഥാ കഥനത്തിലാണു ഇവന്റെ ബീഭത്സ മുഖം കണ്ടുവരുന്നത്‌. ഇതാ ഒരു സാമ്പിൾ: "സത്സ്വഭാവിയും സദ്ഗുണ സമ്പന്നനുമായ നമ്മുടെ നേതാവ് ഒരു ദരിദ്ര കർഷക തൊഴിലാളി കുടുംബത്തിൽ ജനിക്കുകയായിരുന്നു. അദ്ദേഹം പത്താം  വയസ്സിലാണ് ആദ്യമായി സ്കൂളിൽ പോകുന്നത്. അവിടെവെച്ചാണു അദ്ദേഹം മഹാന്മാരുടെ ജീവചരിത്രങ്ങൾ  കേൾക്കുന്നതും ക്രമേണ ഒരു ദേശീയ നേതാവായി വളരുന്നതും. ഡിഗ്രി പരീക്ഷക്കാണു അദ്ദേഹം ജീവിതത്തിൽ ആദ്യമായി കോപ്പിയടിക്കുന്നത്. എതിർ പാർട്ടിയിൽപ്പെട്ട ഒരദ്ധ്യാപകൻ അദ്ദേഹത്തെ കയ്യോടെ പിടികൂടുകയും   പീഡിപ്പിക്കപ്പെടുകയും  ആയിരുന്നു (കർമണി പ്രയോഗം പോലെ തോന്നിയാൽ ഗമ കൂടും, അർത്ഥം വിപരീതമാണെങ്കിലും)  . പിന്നീട് അദ്ധ്യാപകരുടെ പീഡനം സഹിച്ചുകൊണ്ടു അദ്ദേഹം മുഴുസമയ  പാട്ടി പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. ഒടുവിൽ തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിക്കുകയും   സിൻഡിക്കേറ്റിന്റെ മാർക്കുദാന പരിപാടിയിൽ ഡിഗ്രി സമ്പാദിക്കുകയും പ്രശസ്തമായ രീതിയിൽ പസാവുകയുമായിരുന്നു. (ഈ കഥ യിലെ നേതാവ് ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണു വികലമായ പത്രഭാഷ കാണിക്കാൻ ഈ കഥ ഉപയോഗിച്ചുവെന്നു മാത്രം)

മലയാളിയുടെ വിധേയത്വം ഭാഷയുടെ വിധേയത്വമാക്കുകയാണ് പത്ര-  മാധ്യമങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ഊര് എന്ന വാക്ക് തമിഴിലും കന്നഡയിലും മലയാളത്തിലും നാട് എന്ന അർഥത്തിൽ ഉപയോഗിച്ചു വരുന്നു. മലയാളത്തിൽ സംവൃതോകാരത്തൊടെ "ഊര്" എന്നോ ചില്ലക്ഷരത്തിൽ ഊർ എന്നോ നാടിന്റെ പേരെഴുതാം.(കണ്ണൂര്, കണ്ണൂർ, ചെങ്ങന്നൂർ, ചെങ്ങന്നൂര്). തമിഴിൽ സംവൃതോകാരം എഴുതാൻ പറ്റില്ല പക്ഷെ പറയാം. അവർ ഊരു എന്നെഴുതിയാലും ഊര് എന്നെ പറയൂ. കന്നഡയിൽ സംവൃതോകാരത്തിന്റെ  പതിവില്ല. ഇംഗ്ലീഷ്  വാക്കുകൾ പോലും ഉകാരം ചേർത്ത് ബെഞ്ചു, ഡെസ്കു എന്നിങ്ങനെയാണ് പറയുക. ബെംഗളൂരിന്റെ പേര് കന്നഡ ഭാഷാനിയമമനുസരിച്ചു ഉകാരന്ത്യത്തിൽ എഴുതിയപ്പോൾ "ബെങ്കളൂരു" ആയി എന്നേയുള്ളു. അല്ലാതെ മദ്രാസിനെ ചെന്നൈ ആക്കിയപോലെ പുതിയ ഒരു വാക്ക് കൊണ്ടുവന്നതല്ല.

ഇത് കണ്ട ഉടനെ മലയാളം പത്രങ്ങളും ചാനലുകളും ബംഗളൂരു, മൈസൂരു എന്നിങ്ങനെ പറയാൻ തുടങ്ങി. പൂനയിൽ നിന്ന് ബംഗളൂരെക്കു വരുന്ന ഹൈവേയിൽ ഹിന്ദിയിൽ പഴയ ബാംഗ്ലൂർ അതേപടി തുടരുന്നു. ഒരു മാറ്റവും വരുത്തിയിട്ടില്ല. മലയാളിയുടെ വിധേയത്വം കുനിയാൻ പറയുമ്പോൾ കമിഴ്ന്നു കിടക്കുന്ന നിലവാരത്തിലേക്ക് ഇറങ്ങിയതുകൊണ്ടു ബങ്കളൂരുവിൽ, മൈസൂരുവിന്റെ എന്നിങ്ങനെ വിഭക്തി പ്രത്യയങ്ങൾ ചേർത്തും പറയാൻ തുടങ്ങി. എന്നാണാവോ കണ്ണൂരുവിൽ, പയ്യന്നൂരുവിന്റെ എന്നൊക്കെ പറയുന്നത്?

അതേസമയം തമിഴനേയും കന്നഡികയേയും നോക്കൂ. കോഴിക്കോട്ടേക്ക് വരുന്ന ബസ്സുകളിൽ അവർ ഇന്നും "കല്ലിക്കോട്ടൈ" എന്നാണെഴുതുന്നത്. അവർ പരമ്പരാഗതമായി പറയുന്നത് കല്ലിക്കോട്ടൈ  എന്നാണ്. നിങ്ങൾക്കു വേണ്ടി അത് മാറ്റി കോഴിക്കോട് ആക്കാനൊന്നും അവർ തയാറല്ല. അവർ സ്വല്പം സ്വാഭിമാനമുള്ള കൂട്ടത്തിലാണ്. നമുക്ക് തീരെ ഇല്ലാത്തതും അത് തന്നെ. ശ്രേഷ്ഠ ഭാഷയെന്നു കൊട്ടി ഘോഷിച്ചു നടന്നാൽ പോരാ, അത് എഴുത്തിലും ഉച്ചാരണത്തിലും കാണിക്കുക കൂടി വേണം.  

ഈ വിധേയത്വത്തിന്റെ ബാക്കി പത്രമാണ്‌ മുല്ലപ്പെരിയാറിലും മറ്റു നാല് അണക്കെട്ടുകളിലും തമിഴ്നാട്‌ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന അവസ്ഥ. ഭാഷയുടെ വൈകൃതങ്ങൾക്കും വിധേയത്വത്തിനും  മാധ്യമങ്ങൾക്കുള്ള പങ്കു ചില്ലറയല്ല.