മദ്യപാനത്തിന് നോ ബാർ
കേരളത്തിൽ പഞ്ചനക്ഷത്രമില്ലാത്ത ബാറുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. സമ്പൂർണ മദ്യനിരോധനത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായി ഈ തീരുമാനത്തെ കാണണമെന്നാണ് സർക്കാർ ഭാഷ്യം. ജനം ഹർഷപുളകിതരായി, പത്രങ്ങൾ മുഖപ്രസംഗമെഴുതി. മഹാത്മാ സുധീരനും ഉമ്മൻ ഗാന്ധിയും ചേർന്ന് മദ്യരാക്ഷസനെ നാട് കടത്തുന്നു. എന്തൊരു ധൈര്യം, എന്തൊരാർജവം!!! ഇതാ വരുന്നു രാമരാജ്യം. ആനന്ദലഭ്ധിക്കിനിയെന്തു വേണം??
സത്യത്തിൽ എന്താണ് സംഭവിച്ചത്? രണ്ടു പെഗ്ഗ് വിദേശിയെ സ്വല്പം ഇറച്ചിക്കറിയും അച്ചാറും കൂട്ടി സമാധാനമായിരുന്നു വീശാനുള്ള സ്ഥലം ഇല്ലാതായി. വേണ്ടുന്നവർ പഞ്ചനക്ഷത്ര ഹോട്ടലിൽ പോയി നാലിരട്ടി കോർക്കേജും കൊടുത്തു വീശണം. ഇതുകൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറയുമോ? ബാർ കണ്ടില്ലെങ്കിൽ അല്പം ഇളനീരോ മിൽമയുടെ സംഭാരമോ വാങ്ങി തൃപ്തി അടയാമെന്നാണോ കുടിയന്മാർ തീരുമാനിക്കുക? ബാറുകൾ പൂട്ടിയാലെന്താ, നാട്ടിൻപുറത്തു എത്രയോ എൽ പി സ്കൂളുകൾ വാതിലും ജനലുമില്ലതെ തുറന്നു കിടക്കുന്നു !! എത്രയെത്ര മരത്തണലുകൾ, പാറമടകൾ എന്ന് വേണ്ട ശുദ്ധവായു ശ്വസിച്ചു കുടിക്കാൻ ദൈവത്തിന്റെ നാട്ടിലുണ്ടോ സ്ഥലത്തിനു പഞ്ഞം? വീട്ടിലിരുന്നു കുടിക്കാൻ ആരുടെയും സമ്മതം വേണ്ടല്ലോ? കുടിക്കാൻ മറ്റെന്തൊക്കെ സൌകര്യങ്ങൾ? ഗോപാലകൃഷ്ണ ഗോഖലെ യെപ്പോലെ പഠിക്കാൻ അദമ്യമായ ആഗ്രഹമുള്ള മഹാന്മാർ വിളക്കു കാലിനടിയിൽ ഇരുന്നു പഠിച്ചു കേമന്മാരായ കഥ കേട്ടിട്ടില്ലേ? അതുപോലെ കുടിക്കണമെന്ന മോഹമുള്ളവർ എവിടെയായാലും കുടിച്ചോളും. പരിസരം നോ ബാർ .
സർക്കാരിന്റെ നടപടി മദ്യത്തിന്റെ ഉല്പാദനത്തെയോ ഉപഭോഗത്തെയോ ഒരു വിധത്തിലും സ്പർശിച്ചിട്ടില്ല, അങ്ങിനെ ഒന്നും ഉദ്ദേശിച്ചിട്ടുമില്ല. ലഹരി, കഞ്ചാവിന്റേയും പാൻ മസാലയുടെയും രൂപത്തിൽ സ്കൂളുകൾക്ക് ചുറ്റും ലഭ്യമാണ്. ഇതിന്നടിമപ്പെടുന്ന കുട്ടികളുടെ കാര്യം മാതാപിതാക്കൾ അറിയുന്നത് പോലും വളരെ വൈകിയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന കുട്ടികൾ പഠിപ്പിൽ ക്രമേണ മോശമാവുകയും ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഒരിക്കലും നടപ്പിലാക്കാൻ പറ്റാത്ത സമ്പൂർണ മദ്യ നിരോധനത്തെക്കാൾ എത്രയോ പ്രധാനമാണ് കഞ്ചാവും മയക്കുമരുന്നും പാൻ മസാലയും നിരോധിക്കൽ. ഈ വക കടകൾക്ക് സ്കൂളുകളിൽ നിന്ന് നിശ്ചയിച്ച ദൂരപരിധി കൂടിപ്പോയെന്നു പറഞ്ഞു ഈയിടെ വ്യാപാരി വ്യവസായികൾ സമരം ചെയ്യുകയുണ്ടായി. ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനെതിരെ ഒരക്ഷരം മിണ്ടിയതായി കേട്ടിട്ടില്ല.
നമ്മുടെ കുട്ടികളെ അമ്മമാരുടെ മടിത്തട്ടിൽ നിന്നുതന്നെ ഇത്തരം ദുശ്ശീലങ്ങൾക്കെതിരെ ബോധവല്കരിക്കുകയും കുടിയിൽ താല്പര്യമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യുക മാത്രമേയുള്ളൂ മദ്യാസക്തിക്കൊരു പോംവഴി.